കഞ്ചാവിനെ പിന്തുണച്ച നേതാവിനെ പ്രധാന മന്ത്രിയായി തിരഞ്ഞെടുത്ത്‌ തായ്‌ലാന്‍ഡ് ജനത

തായ്‌ലൻഡ് : വലിയ രാഷ്ട്രീയ നാടകങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് വിനോദ സഞ്ചാരികളുടെ പറുദീസയായ തായ്‌ലാന്‍ഡില്‍ അനുടിന്‍ ചാണ്‍വിരാകുലിനെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തിരിക്കുകയാണ്. തിരഞ്ഞെടുക്കപ്പെടുവാന്‍ ആവശ്യമായ ലോവര്‍ ഹൗസ് വോട്ടുകളുടെ പകുതിയിലധികം നേടിയാണ് വ്യവസായ പ്രമുഖനും മുന്‍ ഉപപ്രധാനമന്ത്രിയുമായ ചാണ്‍വിരാകുല്‍ വിജയത്തിലേക്കെത്തിയത്.

തായ് രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായിരുന്ന ശതകോടീശ്വരന്‍ തക്‌സിന്‍ ഷിനവത്രയ്ക്കും അദ്ദേഹത്തിന്റെ ഫ്യൂ തായ് പാര്‍ട്ടിക്കും കടുത്ത തിരിച്ചടി നല്‍കുന്നതാണ് ചാണ്‍വിരാകുലിന്റെ ഈ വിജയം. പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ ഷിനവത്ര തന്റെ പ്രൈവറ്റ് ജെറ്റില്‍ രാജ്യം വിട്ടതും വലിയ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മാസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ തക്‌സിന്‍ ഷിനവത്രയുടെ മകള്‍ പെയ്തോങ്താന്‍ ഷിനവത്രയെ തായ് ഭരണഘടനാ കോടതി പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. ഇതാണ് രാജ്യത്ത് ഭരണമാറ്റത്തിലേക്ക് വഴിതെളിയിച്ചത്.

ധാര്‍മിക പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി തായ് ഭരണഘടനാ കോടതിയാണ് പെയ്തോങ്താന്‍ ഷിനവത്രയെ പുറത്താക്കിയത്. പ്രധാനമന്ത്രിയുടേതായി ചോര്‍ന്ന 17 മിനിറ്റ് ദൈര്‍ഘ്യമുള്ള ഫോണ്‍ സംഭാഷണമാണ് തായ്‌ലന്‍ഡില്‍ രാഷ്ട്രീയ ഭൂകമ്പത്തിന് തിരികൊളുത്തിയത്. മാസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ പെയ്തോങ്താന്‍ ഷിനവത്രയെ ഭരണഘടനാ കോടതി അധികാരത്തില്‍ നിന്ന് പുറത്താക്കി.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരത്തിലേറിയ പെയ്തോങ്താന്‍ കൃത്യം ഒരുവര്‍ഷം തികയുമ്പോഴാണ് അധികാരത്തില്‍നിന്ന് പുറത്തായത്. ഇതാണ് പുതിയ വോട്ടെടുപ്പിലേക്ക് നയിച്ചത്. വോട്ടെടുപ്പില്‍ ഷിനവത്രയുടെ നോമിനിയായ ഫ്യൂതായ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി വലിയ പരാജയം ഏറ്റുവാങ്ങി. അനുടിന്‍ ചാണ്‍വിരാകുലിന്റെ ഈ വിജയം തായ്‌ലാന്‍ഡ് രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നതിന്റെ സൂചനായയാണ് വിലയിരുത്തപ്പെടുന്നത്. ദീര്‍ഘകാലം തായ്‌ലാന്‍ഡ് രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്ന ഷിനവത്ര കുടുംബത്തിന്റെ ആധിപത്യത്തിന് അവസാനമായതായി വിലയിരുത്തുന്നവരും കുറവല്ല.

ആരാണ് അനുടിന്‍ ചാണ്‍വിരാകുല്‍?

രാജ്യത്ത് കഞ്ചാവ് നിയമവിധേയമാക്കുന്നതിന് വേണ്ടിയുള്ള ഇടപെടലുകളിലൂടെയാണ് മുന്‍ ആരോഗ്യവകുപ്പ് മന്ത്രിയും ഉപപ്രധാനമന്ത്രിയുമെല്ലാമായിരുന്ന അനുടിന്‍ ചാണ്‍വിരാകുല്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്നത്. ഗുരുതരാവസ്ഥയില്‍ അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയനാക്കേണ്ട രോഗിക്കായി തന്റെ പ്രൈവറ്റ് ജെറ്റില്‍ അവയവം എത്തിച്ചുകൊടുത്തും അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

പൈലറ്റ് കൂടിയായ അദ്ദേഹം സ്വയം ജെറ്റ് പറത്തിയാണ് ഈ ഇടപെടല്‍ നടത്തിയത്. അദ്ദേഹത്തിന്റെ സാമൂഹിക മാധ്യമങ്ങളില്‍ നിറയെ സാക്‌സ്‌ഫോണ്‍ വായിക്കുന്നതിന്റെയും കരോക്കെ പാടുന്നതിന്റെയും സ്ട്രീറ്റ് ഫുഡ് കഴിക്കുന്നതിന്റെയും ദൃശ്യങ്ങളാണ്. അത്തരത്തില്‍ ഒരു സകലകലാവല്ലഭനെയാണ് തായ്‌ലാന്‍ഡിന് പുതിയ പ്രധാനമന്ത്രിയായി ലഭിച്ചിരിക്കുന്നതെന്നാണ് ലോകമാധ്യമങ്ങള്‍ പറയുന്നത്.

എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലെ ഈ ആഘോഷങ്ങള്‍ക്കപ്പുറത്ത് തായ്‌ലാന്‍ഡ് രാഷ്ട്രീയത്തിലെ പ്രധാന കിങ്‌മേക്കറുകളില്‍ ഒരാളാണ് അനുടിന്‍ ചാണ്‍വിരാകുല്‍. തായ്‌ലാന്‍ഡിലെ ഒരു അതിസമ്പന്ന കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ബാങ്കോക്കിലെ പ്രധാന വിമാനത്താവളം ഉള്‍പ്പടെ രാജ്യത്തെ പ്രധാന പദ്ധതികളെല്ലാം നിര്‍മ്മിച്ച വന്‍കിട നിര്‍മ്മാണ കമ്പനി അദ്ദേഹത്തിന്റെ കുടുംബത്തിന്റേതാണ്. പിതാവ് മുന്‍ ക്യാബിനറ്റ് മന്ത്രിയുമായിരുന്നു.

ഭൂംജായ് തായ് എന്നാണ് അനുടിന്‍ ചാണ്‍വിരാകുലിന്റെ പാര്‍ട്ടിയുടെ പേര്. പാര്‍ലമെന്റിലെ പ്രധാന യാഥാസ്ഥിതിക പക്ഷമാണ് ഭൂംജായ് തായ്. അസ്ഥിരമായ ഭരണകൂടങ്ങളും മുന്നണികളുമുള്ള തായ് രാഷ്ട്രീയത്തില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് മുന്നണികളുടെയും അധികാരങ്ങളുടെയും ഭാഗമാവുകയും വിട്ടുപോരുകയും ചെയ്തിട്ടുള്ള അനുടിന്‍ ചാണ്‍വിരാകുല്‍ പെട്ടെന്ന് തന്നെ തായ്‌ലാന്‍ഡിലെ അധികാരകേന്ദ്രങ്ങളുടെ ഭാഗമായി വളരുകയായിരുന്നു.

തായ്‌ലാന്‍ഡിലെ രാജാവിനെ ശക്തമായി പിന്തുണയ്ക്കുന്നതിനപ്പുറത്ത് ഭൂംജായ് തായ് പാര്‍ട്ടിക്ക് കാര്യമായ രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളൊന്നുമില്ല. രാജകുടുംബത്തെ വിമര്‍ശിച്ച് സംസാരിച്ചാല്‍ പതിനഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കിരാതമായ നിയമമുള്ള രാജ്യമാണ് തായ്‌ലാന്‍ഡ്. ഈ നിയമത്തിന്റെ ശക്തരായ വക്താക്കളാണ് അനുടിന്‍ ചാണ്‍വിരാകുലും അദ്ദേഹത്തിന്റെ പാര്‍ട്ടിയും. സമീപകാലത്ത് ഈ നിയമത്തില്‍ ഇളവ് വരുത്താനുള്ള ശ്രമം ഭൂംജായ് തായ് പാര്‍ട്ടി എംപിമാര്‍ പ്രതിരോധിച്ചിരുന്നു.

 രാജകുടുംബത്തെ വിമര്‍ശിക്കുന്നവരെ വെടിവെച്ച് കൊല്ലാനുള്ള നിയമമാണ് വേണ്ടതെന്ന ഭൂംജായ് തായ് പാര്‍ട്ടി എംപിയുടെ പ്രസംഗം വലിയ വിവാദത്തിന് വഴിതെളിയിക്കുകയും ചെയ്തു. അനുടിന്‍ ചാണ്‍വിരാകുല്‍ ആരോഗ്യമന്ത്രിയായിരിക്കുമ്പോഴാണ് രാജ്യത്ത് കഞ്ചാവ് നിയമവിധേയമാക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് തന്നെ കഞ്ചാവ് രാജ്യത്തെ പുതിയ നാണ്യവിളയാക്കി മാറ്റുമെന്ന് അദ്ദേഹം കർഷകരും ദരിദ്രരുമായ ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു.

അധികാരത്തിൻറെ ഭാഗമായതോടെ ഇത് അദ്ദേഹം നടപ്പിലാക്കി. ഏഷ്യയില്‍ ആദ്യമായി കഞ്ചാവ് നിയമവിധേയമാക്കുന്ന രാജ്യമായി തായ്‌ലാന്‍ഡ് മാറി. ഇത് പിന്നീട് വലിയ വിവാദങ്ങള്‍ക്കും വഴിതെളിയിച്ചിരുന്നു. കൃത്യമായി മുന്‍കരുതലൊന്നുമില്ലാതെ ഇത് നടപ്പിലാക്കിയത് വലിയ അരാജകത്വത്തിലേക്ക് നയിച്ചുവെന്നാണ് എതിരാളികള്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തുടനീളം കഞ്ചാവ് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ വ്യാപകമായി. ഇവ യാതൊരു മാനദണ്ഡങ്ങളുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും പാര്‍ലമെന്റിലെ അംഗബലത്തില്‍ മൂന്നാം സ്ഥാനത്ത് മാത്രമാണ് അനുടിന്‍ ചാണ്‍വിരാകുലിന്റെ പാര്‍ട്ടിയുള്ളത്. അതിനാല്‍ തന്നെ സാധാരണഗതിയില്‍ പ്രധാനമന്ത്രിസ്ഥാനം അദ്ദേഹത്തിന് സ്വപ്‌നംമാത്രമായി ഒതുങ്ങുമായിരുന്നു. എന്നാല്‍ തായ്‌ലാന്‍ഡിലെ നിലവിലെ രാഷ്ട്രീയ വിവാദങ്ങളും എതിരാളികളായ മുന്‍ പ്രധാനമന്ത്രിമാരെയെല്ലാം കോടതി അയോഗ്യരാക്കിയതുമെല്ലാം മുതലെടുത്താണ് നിരീക്ഷകരെയെല്ലാം അത്ഭുതപ്പെടുത്തി അനുടിന്‍ ചാണ്‍വിരാകുല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നടന്നുകയറിയത്. ഏറ്റവും വലിയ പാര്‍ട്ടിയായ പീപ്പിള്‍സ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെയും ഫ്യൂതായ് പാര്‍ട്ടിയുടെ പെയ്തോങ്താന്‍ ഷിനവത്രയെയും കോടതി മത്സരിക്കുന്നതില്‍ വിലക്കിയിരുന്നു. ഇതോടെ മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന നേതാവുമായ അനുടിന്‍ തിരഞ്ഞെടുക്കപ്പെടുകയായരുന്നു.

ഷിനവത്രയുഗം അവസാനിക്കുമോ?

തായ്‌ലാന്‍ഡിന്റെ ചരിത്രത്തില്‍ രാജകുടുംബം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള കുടുംബമാണ് ഷിനവത്ര. ഇക്കാലയളവില്‍ നിരവധി പ്രധാനമന്ത്രിമാരും മന്ത്രിമാരുമാണ് ഈ കുടുംബത്തില്‍ നിന്നുണ്ടായിരിക്കുന്നത്. പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പരാജയപ്പെടുമെന്ന സ്ഥിതി വന്നതോടെ തക്‌സിന്‍ ഷിനവത്ര തന്റെ സ്വകാര്യ ജെറ്റില്‍ രാജ്യം വിട്ടതും വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിക്കഴിഞ്ഞു.

നേരത്തെ അഞ്ച് വര്‍ഷത്തിലധികം അധികാരത്തിലിരുന്ന തക്‌സിന്‍ ഷിനവത്രയെ അഴിമതിയും അധികാര ദുര്‍വിനിയോഗവും ആരോപിച്ച് 2006 സെപ്റ്റംബറില്‍ സൈനിക അട്ടിമറിയിലൂടെ പുറത്താക്കുകയായിരുന്നു. അഴിമതിക്കേസില്‍ അറസ്റ്റു ചെയ്യുമെന്ന് ഭയന്ന് 15 വര്‍ഷമായി വിദേശത്തു കഴിയുകയായിരുന്ന ഷിനവത്ര പിന്നീട് നാട്ടില്‍ തിരിച്ചെത്തി സുപ്രീം കോടതിയില്‍ അറസ്റ്റുവരിച്ചു. ഭരണഘടനാപരമായ രാജവാഴ്ച നിലനില്‍ക്കുന്ന തായ്‌ലാന്‍ഡില്‍ ശിക്ഷാനടപടികളുടെ അവസാനവാക്ക് രാജാവിന്റേതാണ്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി തായ്ലാന്‍ഡ് രാജാവ് മഹാവാജിര ലോങ്കോണ്‍ ശിക്ഷ ഒരു വര്‍ഷമായി വെട്ടികുറയ്ക്കുകയും തക്‌സിന്‍ ജയില്‍ മോചിതനാവുകയും ചെയ്തിരുന്നു.

നിരവധി രാഷ്ട്രീയ നാടകങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ വര്‍ഷം തസ്‌കിന്‍ ഷിനവത്രയുടെ മകളായ പെയ്തോങ്താന്‍ ഷിനവത്ര പ്രധാനമന്ത്രിയായത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരത്തിലേറിയ പെയ്തോങ്താന്‍ കൃത്യം ഒരുവര്‍ഷം തികഞ്ഞപ്പോള്‍ കോടതി വിധിയെ തുടര്‍ന്ന് പുറത്താക്കപ്പെടുകയായിരുന്നു. പെയ്തോങ്താന്‍ ഷിനവത്രയും കംബോഡിയന്‍ നേതാവ് ഹുന്‍ സെന്നും തമ്മിലുള്ള ഫോണ്‍ സംഭാഷണം ചോര്‍ന്നതായിരുന്നു വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചത്.

തായ്‌ലാന്‍ഡുമായി അതിര്‍ത്തി സംഘര്‍ഷത്തിലുള്ള കംബോഡിയയിലെ പ്രമുഖ നേതാവായ ഹുന്‍ സെന്നിനെ പെയ്തോങ്താന്‍ അങ്കിള്‍ എന്ന് വിളിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ഇത് ജനങ്ങള്‍ക്കിടയിലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലും കടുത്ത രോഷത്തിനിടയാക്കി. സര്‍ക്കാരിന്റെ ഭാഗമായിരുന്ന ഭൂംജായ് തായ് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചു. വൈകാതെ കോടതി ഇടപെടലില്‍ പ്രധാനമന്ത്രിസ്ഥാനം തെറിക്കുകയായിരുന്നു. ഇതാണ് പുതിയ പ്രധാനമന്ത്രി തിരഞ്ഞെടുപ്പിലേക്കുള്ള സാഹചര്യമൊരുക്കിയത്.

വലിയ സാമ്പത്തിക പ്രതിസന്ധികളാലും രാഷ്ട്രീയ അസ്ഥിരതകളാലും വീര്‍പ്പുമുട്ടുന്ന തായ്‌ലാന്‍ഡിന്റെ പ്രധാനമന്ത്രി സ്ഥാനത്തെത്തിയ അനുടിന്‍ ചാണ്‍വിരാകുല്‍ എന്തെല്ലാം പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കുക എന്നാണ് ലോകം ഉറ്റുനോക്കുന്നത്. പൊതുതിരഞ്ഞെടുപ്പ് നടത്താതെ ഏറെനാള്‍ അധികാരത്തില്‍ തുടരാന്‍ അദ്ദേഹത്തിന് സാധിക്കില്ല.

പാര്‍ലമെന്റില്‍ വേണ്ടത്ര പിന്തുണയില്ലാത്തതും വെല്ലുവിളിയാണ്. പ്രധാനമന്ത്രിമാരെ സ്ഥാനഭ്രഷ്ടരാക്കി കുപ്രസിദ്ധി നേടിയ തായ്‌ലാന്‍ഡ് കോടതിയും സൈന്യവും വലിയ അധികാരങ്ങളുള്ള രാജാവും ഏത് രീതിയിലാണ് ഇടപെടക എന്നതും നിര്‍ണായകമാണ്. 76 വയസ്സ് പിന്നിട്ടെങ്കിലും ഭരണസ്വാധീനമില്ലെങ്കിലും തസ്‌കിന്‍ ഷിനവത്രയുടെ നിലപാടും പ്രധാനമാണ്. എന്തായാലും സ്ഥിരതയുള്ള സര്‍ക്കാരുണ്ടാകുക എന്ന തായ്‌ലാന്‍ഡ് ജനതയുടെ സ്വപ്‌നം അടുത്തകാലത്തൊന്നും യാഥാര്‍ഥ്യമാവില്ലെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !