വാഷിങ്ടൺ: ഗാസ യുദ്ധം അവസാനിപ്പിക്കാനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇന പദ്ധതിയുടെ പൂർണരൂപം പുറത്ത്. നിർദ്ദേശത്തിലെ വ്യവസ്ഥകൾ പ്രകാരം, ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ എല്ലാ ബന്ദികളെയും മോചിപ്പിക്കുക, ഇസ്രയേലി സൈന്യത്തെ ഗാസയിൽനിന്ന് ഘട്ടംഘട്ടമായി പിൻവലിക്കുക, 1,950 പലസ്തീൻ തടവുകാരെ മോചിപ്പിക്കുക എന്നിവയാണ് പ്രധാനപ്പെട്ട നിർദേശങ്ങൾ.
ഹമാസിനെ നിരായുധീകരിക്കുകയും ഗാസയുടെ ഭരണത്തിൽനിന്ന് പുറത്താക്കുകയും ചെയ്യും. ട്രംപിന്റെ അധ്യക്ഷതയിലുള്ള ഒരു അന്താരാഷ്ട്ര ഇടക്കാല സമിതിയുടെ മേൽനോട്ടത്തിൽ പലസ്തീൻ സമിതി ഗാസയിലെ ദൈനംദിന സിവിലിയൻ കാര്യങ്ങൾ നിർവഹിക്കും. ഈ സമിതി ഒടുവിൽ ഗാസയുടെ ഭരണം പരിഷ്‌കരിച്ച പലസ്തീൻ അതോറിറ്റിക്ക് (പിഎ) കൈമാറും.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ നിർദ്ദേശം അംഗീകരിച്ചിട്ടുണ്ട്, ഹമാസ് നിർദേശങ്ങൾ പരിശോധിച്ചുവരികയാണെന്നാണ് റിപ്പോർട്ട്. ഗാസയ്ക്കായുള്ള ട്രംപിന്റെ സമ്പൂർണ്ണ 20 ഇന നിർദ്ദേശങ്ങൾ: 1. ഗാസ അയൽക്കാർക്ക് ഭീഷണിയാകാത്ത, തീവ്രവാദമുക്തവും ഭീകരവിമുക്തവുമായ മേഖലയാക്കി മാറ്റും.
2.വേണ്ടതിലധികം അനുഭവിച്ച ഗാസയിലെ ജനങ്ങളുടെ ഉന്നമനത്തിനായി ഗാസയെ പുനർവികസിപ്പിക്കും. 3. ഇരുപക്ഷവും ഈ നിർദ്ദേശം അംഗീകരിക്കുകയാണെങ്കിൽ, യുദ്ധം ഉടനടി അവസാനിക്കും. ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി ഇസ്രയേലി സൈന്യം അംഗീകരിക്കപ്പെട്ട അതിർത്തിയിലേക്ക് പിൻവാങ്ങും. ഈ സമയത്ത്, വ്യോമാക്രമണങ്ങളും പീരങ്കിയാക്രമണങ്ങളും ഉൾപ്പെടെ എല്ലാ സൈനിക നീക്കങ്ങളും നിർത്തിവയ്ക്കും.
കൂടാതെ, ഘട്ടംഘട്ടമായുള്ള പിൻവാങ്ങലിനുള്ള വ്യവസ്ഥകൾ പാലിക്കുന്നതുവരെ യുദ്ധമുന്നണികൾ അതേപടി നിലനിർത്തും. 4. ഇസ്രയേൽ ഈ കരാർ പരസ്യമായി അംഗീകരിച്ച് 72 മണിക്കൂറിനുള്ളിൽ, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ബന്ദികളെയും ഹമാസ് തിരികെ നൽകും. 5. എല്ലാ ബന്ദികളെയും മോചിപ്പിച്ചുകഴിഞ്ഞാൽ, 250 ജീവപര്യന്തം തടവുകാരെയും, 2023 ഒക്ടോബർ ഏഴിന് ശേഷം തടവിലാക്കപ്പെട്ട 1700 ഗാസക്കാരെയും ഇസ്രയേൽ മോചിപ്പിക്കും.ഇതിൽ ആ കാലയളവിൽ തടവിലാക്കപ്പെട്ട എല്ലാ സ്ത്രീകളും കുട്ടികളും ഉൾപ്പെടും. മരിച്ച ഓരോ ഇസ്രയേലി ബന്ദിയുടെയും മൃതദേഹാവശിഷ്ടങ്ങൾ വിട്ടുകൊടുക്കുന്നതിന് പകരമായി, മരിച്ച 15 ഗാസക്കാരുടെ മൃതദേഹാവശിഷ്ടങ്ങൾ ഇസ്രയേൽ വിട്ടുകൊടുക്കും.
6. എല്ലാ ബന്ദികളെയും തിരികെ നൽകിക്കഴിഞ്ഞാൽ, സമാധാനപരമായ സഹവർത്തിത്വത്തിനും ആയുധങ്ങൾ ഉപേക്ഷിക്കുന്നതിനും പ്രതിജ്ഞാബദ്ധരായ ഹമാസ് അംഗങ്ങൾക്ക് പൊതുമാപ്പ് നൽകും.
ഗാസ വിടാൻ ആഗ്രഹിക്കുന്ന ഹമാസ് അംഗങ്ങൾക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ സുരക്ഷിത പാതയൊരുക്കും. 7. ഈ കരാർ അംഗീകരിച്ചാലുടൻ, ഗാസ മുനമ്പിലേക്ക് പൂർണ്ണമായ സഹായം അയയ്ക്കും. അടിസ്ഥാന സൗകര്യങ്ങളുടെ (വെള്ളം, വൈദ്യുതി, മലിനജലം) പുനരുദ്ധാരണം, ആശുപത്രികളുടെയും ബേക്കറികളുടെയും പുനരുദ്ധാരണം, അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും റോഡുകൾ തുറക്കാനും ആവശ്യമായ ഉപകരണങ്ങളുടെ പ്രവേശനം എന്നിവയുൾപ്പെടെ 2025 ജനുവരി 19-ലെ മാനുഷിക സഹായം സംബന്ധിച്ച കരാറിൽ ഉൾപ്പെടുത്തിയിരുന്ന അളവിൽ സഹായം നൽകും.
8. ഗാസ മുനമ്പിലെ സഹായ വിതരണവും പ്രവേശനവും ഇരു കക്ഷികളുമായി ഒരു തരത്തിലും ബന്ധമില്ലാത്ത ഐക്യരാഷ്ട്രസഭയും അതിന്റെ ഏജൻസികളും, റെഡ് ക്രസന്റ്, മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങൾ എന്നിവ വഴി ഇരുപക്ഷത്തിന്റെയും ഇടപെടലില്ലാതെ നടക്കും.റഫ ക്രോസിംഗ് ഇരുവശത്തേക്കും തുറക്കുന്നത് 2025 ജനുവരി 19-ലെ കരാർ പ്രകാരം നടപ്പാക്കിയ അതേ സംവിധാനത്തിന് വിധേയമായിരിക്കും. 9. ഗാസയിലെ ജനങ്ങൾക്ക് ദൈനംദിന പൊതുസേവനങ്ങളും മുനിസിപ്പാലിറ്റി ഭരണവും നൽകുന്നതിന് ഉത്തരവാദിത്തപ്പെട്ട, സാങ്കേതിക വിദഗ്ദ്ധരും രാഷ്ട്രീയത്തിന് അതീതവുമായ പലസ്തീൻ സമിതിയുടെ താൽക്കാലിക ഭരണത്തിൻ കീഴിലായിരിക്കും ഗാസ.
യോഗ്യരായ പലസ്തീനികളും അന്താരാഷ്ട്ര വിദഗ്ധരും അടങ്ങുന്ന ഈ സമിതി, 'ബോർഡ് ഓഫ് പീസ്' എന്ന പുതിയ അന്താരാഷ്ട്ര ഇടക്കാല സമിതിയുടെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തിക്കുക. പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപ് ഇതിന് നേതൃത്വം നൽകും. മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ ഉൾപ്പെടെയുള്ള മറ്റ് അംഗങ്ങളെയും രാഷ്ട്രത്തലവന്മാരെയും പിന്നീട് പ്രഖ്യാപിക്കും. 2020-ലെ ട്രംപിന്റെ സമാധാന പദ്ധതി, സൗദി-ഫ്രഞ്ച് നിർദ്ദേശം എന്നിവയുൾപ്പെടെ വിവിധ നിർദ്ദേശങ്ങളിൽ പറഞ്ഞിട്ടുള്ളതുപോലെ, പലസ്തീൻ അതോറിറ്റി അതിന്റെ പരിഷ്‌കരണ പരിപാടി പൂർത്തിയാക്കുകയും ഗാസയുടെ നിയന്ത്രണം സുരക്ഷിതമായും ഫലപ്രദമായും ഏറ്റെടുക്കുകയും ചെയ്യുന്നതുവരെ ഈ സമിതി ഗാസയുടെ പുനർവികസനത്തിനുള്ള പദ്ധതി തയ്യാറാക്കുകയും ഫണ്ടിങ് ഉൾപ്പെടെ കൈകാര്യം ചെയ്യും.
10. ഗാസയെ പുനർനിർമ്മിക്കുന്നതിനും ഊർജ്ജസ്വലമാക്കുന്നതിനും സാമ്പത്തിക വികസന പദ്ധതി സൃഷ്ടിക്കും. ഇതിനായി പശ്ചിമേഷ്യയിലെ വിദഗ്ദ്ധരുടെ പാനലിനെ തയ്യാറാക്കും. നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി പദ്ധതികൾ സമന്വയിപ്പിക്കുകയും ചെയ്യും. 11. പങ്കെടുക്കുന്ന രാജ്യങ്ങളുമായി ചർച്ച ചെയ്ത് മുൻഗണനാ താരിഫും പ്രവേശന നിരക്കുകളുമുള്ള പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കും. 12. ആരെയും ഗാസ വിടാൻ നിർബന്ധിക്കില്ല. പോകാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെ ചെയ്യാനും തിരികെവരാനും സ്വാതന്ത്ര്യമുണ്ടായിരിക്കും. ജനങ്ങളെ അവിടെ തുടരാൻ പ്രോത്സാഹിപ്പിക്കുകയും മെച്ചപ്പെട്ട ഗാസ കെട്ടിപ്പടുക്കാനുള്ള അവസരം നൽകുകയും ചെയ്യും.
13. ഗാസയുടെ ഭരണത്തിൽ നേരിട്ടോ അല്ലാതെയോ ഏതെങ്കിലും രൂപത്തിലോ ഒരു പങ്കും വഹിക്കില്ലെന്ന് ഹമാസും മറ്റ് വിഭാഗങ്ങളും സമ്മതിക്കണം. തുരങ്കങ്ങളും ആയുധ നിർമ്മാണ ശാലകളും ഉൾപ്പെടെ എല്ലാ സൈനിക, ഭീകര, ആക്രമണോത്സുക അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കുകയും പുനർനിർമ്മിക്കാതിരിക്കുകയും ചെയ്യും. സ്വതന്ത്ര നിരീക്ഷകരുടെ മേൽനോട്ടത്തിൽ ഗാസയെ സൈനികവിമുക്തമാക്കുന്ന ഒരു പ്രക്രിയ ഉണ്ടാകും. അംഗീകരിക്കപ്പെട്ട നടപടിക്രമത്തിലൂടെ ആയുധങ്ങൾ ഉപയോഗശൂന്യമാക്കുക, അന്താരാഷ്ട്ര തലത്തിൽ ധനസഹായം നൽകുന്ന 'ബൈ ബാക്ക്', പുനരധിവാസ പരിപാടി എന്നിവ ഇതിൽ ഉൾപ്പെടും. ഇവയെല്ലാം സ്വതന്ത്ര നിരീക്ഷകർ പരിശോധിക്കും. പുതിയ ഗാസ അഭിവൃദ്ധിയുള്ള ഒരു സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും അയൽക്കാരുമായി സമാധാനപരമായ സഹവർത്തിത്വത്തിനും പൂർണ്ണമായും പ്രതിജ്ഞാബദ്ധമായിരിക്കും.
14. ഹമാസും മറ്റ് വിഭാഗങ്ങളും തങ്ങളുടെ ബാധ്യതകൾ പാലിക്കുന്നുണ്ടെന്നും പുതിയ ഗാസ അതിന്റെ അയൽക്കാർക്കോ ജനങ്ങൾക്കോ ഒരു ഭീഷണിയാകുന്നില്ലെന്നും ഉറപ്പാക്കാൻ പ്രാദേശിക പങ്കാളികൾ ഉറപ്പ് നൽകും. 15. ഗാസയിൽ ഉടനടി വിന്യസിക്കുന്നതിനായി ഒരു താൽക്കാലിക അന്താരാഷ്ട്ര സ്ഥിരതാ സേന (ISF) രൂപീകരിക്കാൻ അമേരിക്ക അറബ്, അന്താരാഷ്ട്ര പങ്കാളികളുമായി പ്രവർത്തിക്കും. ഐഎസ്എഫ് ഗാസയിലെ പരിശോധിച്ച് ഉറപ്പുവരുത്തിയ പലസ്തീൻ പോലീസ് സേനയ്ക്ക് പരിശീലനവും പിന്തുണയും നൽകും. ഈ രംഗത്ത് വിപുലമായ അനുഭവപരിചയമുള്ള ജോർദാനുമായും ഈജിപ്തുമായും കൂടിയാലോചനകൾ നടത്തും. ഈ സേന ദീർഘകാലാടിസ്ഥാനത്തിലുള്ള ആഭ്യന്തര സുരക്ഷാ സംവിധാനമായിരിക്കും. പുതുതായി പരിശീലനം ലഭിച്ച പലസ്തീൻ പോലീസ് സേനയ്ക്കൊപ്പം ഐഎസ്എഫ്, ഇസ്രായേലുമായും ഈജിപ്തുമായും ചേർന്ന് അതിർത്തി പ്രദേശങ്ങൾ സുരക്ഷിതമാക്കാൻ സഹായിക്കും.
16. ഇസ്രയേൽ ഗാസയെ അധിനിവേശം ചെയ്യുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യില്ല. ഐഎസ്എഫ് നിയന്ത്രണവും സ്ഥിരതയും സ്ഥാപിക്കുമ്പോൾ, ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പിൻവാങ്ങും. ഇത് ഐഡിഎഫ്, ഐഎസ്എഫ്, ഉറപ്പുനൽകുന്നവർ, അമേരിക്ക എന്നിവർ തമ്മിൽ അംഗീകരിക്കുന്ന അടിസ്ഥാനമാക്കിയായിരിക്കും. ഇസ്രയേലിനോ ഈജിപ്തിനോ ഭീഷണിയല്ലാത്ത സുരക്ഷിതമായ ഗാസയാണ് ലക്ഷ്യം. പ്രായോഗികമായി, ഐഡിഎഫ് തങ്ങൾ അധിനിവേശം ചെയ്തിരിക്കുന്ന ഗാസ പ്രദേശം ഇടക്കാല അതോറിറ്റിയുമായി ഉണ്ടാക്കുന്ന കരാർ പ്രകാരം ഘട്ടം ഘട്ടമായി ഐഎസ്എഫിന് കൈമാറും. ഗാ?യിൽ നിന്ന് പൂർണ്ണമായി പിൻവാങ്ങുന്നതുവരെ ഇത് തുടരും.
17. ഹമാസ് ഈ നിർദ്ദേശം വൈകിപ്പിക്കുകയോ നിരസിക്കുകയോ ചെയ്താൽ, വർദ്ധിപ്പിച്ച സഹായ പ്രവർത്തനം ഉൾപ്പെടെയുള്ള മേൽപ്പറഞ്ഞ കാര്യങ്ങൾ, ഐഡിഎഫ് ഐഎസ്എഫിന് കൈമാറിയ ഭീകരവിമുക്ത മേഖലകളിൽ നടപ്പിലാക്കും. 18. സമാധാനത്തിൽനിന്ന് ലഭിക്കാവുന്ന നേട്ടങ്ങൾക്ക് ഊന്നൽ നൽകി പലസ്തീനികളുടെയും ഇസ്രയേലികളുടെയും ചിന്താഗതികളും മാറ്റാനായി സഹിഷ്ണുതയുടെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും മൂല്യങ്ങളെ അടിസ്ഥാനമാക്കി സർവ്വമത സംവാദ പ്രക്രിയ സ്ഥാപിക്കും.
19. ഗാസയുടെ പുനർവികസനം പുരോഗമിക്കുകയും പലസ്തീൻ അതോറിറ്റിയുടെ പരിഷ്‌കരണ പരിപാടി നടപ്പാക്കുകയും ചെയ്യുമ്പോൾ, പലസ്തീൻ ജനതയുടെ അഭിലാഷമായി സ്വയംനിർണ്ണയ അവകാശത്തിനും രാഷ്ട്രപദവിക്കും വേണ്ടിയുള്ള സാഹചര്യങ്ങൾ ഒരുങ്ങിയേക്കാം. 20. സമാധാനപരവും സമൃദ്ധവുമായ സഹവർത്തിത്വത്തിനായുള്ള രാഷ്ട്രീയ ദിശാബോധം അംഗീകരിക്കുന്നതിന് ഇസ്രയേലും പലസ്തീനും തമ്മിലുള്ള നിരന്തരമായ സംവാദം അമേരിക്കയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.