തിരുവനന്തപുരം: ക്രിമിനലുകളായ പോലീസ് ഉദ്യോഗസ്ഥര്‍ സേനയില്‍ സ്വാധീനമുറപ്പിച്ചിരിക്കുകയാണെന്നും ക്രിമിനലുകളെ പുറത്താക്കി മുഖ്യമന്ത്രി പിണറായി വിജയന് വാക്കു പാലിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പോലീസ് സേനയിലെ ക്രിമിനലുകളെ പുറത്താക്കുക എന്ന ആവശ്യമുയര്‍ത്തി 16 ചൊവ്വാഴ്ച രാവിലെ 11 ന് സെക്രട്ടറിയേറ്റിനു മുമ്പില്‍ ധര്‍ണ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.2022 ഡിസംബറില്‍ തിരുവനന്തപുരത്ത് നടന്ന പോലീസ് പെന്‍ഷനേഴ്സ് അസ്സോസിയേഷന് സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് 'ക്രിമിനലുകളെ നേരിടാനാണ് പോലീസ്, സേനയില്‍ ക്രിമിനലുകള്‍ വേണ്ട, അത്തരക്കാരെ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ല' എന്നായിരുന്നു.
സംസ്ഥാന പോലീസില്‍ 828 ക്രിമിനലുകള്‍ ഉണ്ടെന്നായിരുന്നു രണ്ടുവര്‍ഷം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ വെളിപ്പെടുത്തിയത്. അതില്‍ കുറച്ചുപേരെ ഉടനടി പിരിച്ചുവിടാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ അതില്‍ നല്ലൊരു ശതമാനം ഇപ്പോഴും സര്‍വിസിലുണ്ട്. ക്രിമിനലുകളുടെ എണ്ണം വലിയ തോതില്‍ ഉയരുകയും ചെയ്തിരിക്കുന്നു.
പോലീസിനെതിരെ നടപടി സ്വീകരിച്ചാല്‍ സേനയുടെ ആത്മവീര്യം തകരുമെന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ന്യായവാദം. ഇതിനെതിരെ രൂക്ഷവിമര്‍ശമാണ് 2024 മേയ് 23ന് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. 'പോലീസ് എന്ത് അതിക്രമം കാണിച്ചാലും ആത്മവീര്യം തകരാതിരിക്കാന്‍ അവരെ സംരക്ഷിക്കണമെന്നാണോ പറയുന്നതെന്നും ചെയ്ത തെറ്റിന് നടപടി സ്വീകരിച്ചാല്‍ എങ്ങനെയാണ് സേനയുടെ ആത്മവീര്യം തകരുകയെന്നുമായിരുന്നു ഹൈക്കോടതി ചോദിച്ചത്.2018 ല്‍ സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളും 24 മണിക്കൂറും സിസിടിവി നിരീക്ഷണത്തിലാക്കിയിരുന്നു. രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന് 2020 ജൂലൈയില്‍ സുപ്രീം കോടതിയും ഉത്തരവിട്ടിരുന്നു. ഈ നിയമങ്ങളും നിര്‍ദ്ദേശങ്ങളുമെല്ലാം ഫയലുകളില്‍ വിശ്രമിക്കുകയാണ്.
കസ്റ്റഡി കൊലപാതകം, വധശ്രമം, ബലാത്സംഗം, സ്ത്രീകളോട് മോശമായി പെരുമാറല്‍, മോഷണക്കുറ്റം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്ത ഉദ്യോഗസ്ഥര്‍ സേനയുടെ ഉന്നത സ്ഥാനങ്ങളിലുള്‍പ്പെടെ തുടരുകയാണ്. ജനമൈത്രി പോലീസ് എന്ന ഓമന പേരില്‍ പൗരാവകാശ ലംഘകരുടെ താവളമായി പോലീസ് സ്റ്റേഷനുകള്‍ പലതും മാറിയിരിക്കുകയാണ്. ഫാഷിസവും ഭരണകക്ഷി രാഷ്ട്രീയവും അസോസിയേഷനും ചേര്‍ന്നു നടത്തുന്ന മാഫിയവല്‍ക്കരണമാണ് പലപ്പോഴും പോലീസ് സേനയെ നിയന്ത്രിക്കുന്നത്.ബലാത്സംഗക്കേസിലെ പരാതിക്കാരിയെ വധിക്കാന്‍ ശ്രമിച്ച കേസും വിജിലന്‍സ് കേസുമടക്കം 14 കേസുകളില്‍ അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ശിവശങ്കരന്. ഹൈക്കോടതി നിര്‍ദേശാനുസരണം നടത്തിയ അന്വേഷണത്തില്‍ 18 കേസുകളാണ് തൊടുപുഴ ഇന്‍സ്പെക്ടറായ ശ്രീമോനെതിരെ തെളിഞ്ഞത്.
ഉത്തരമേഖല ഐ.ജി പിരിച്ചുവിട്ട ശ്രീമോനെ വിജയ് സാക്കറെ തിരിച്ചെടുത്ത് ഉത്തരവിടുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായിരുന്ന കൊച്ചിയിലെ സിവില്‍ പൊലീസ് ഓഫിസര്‍ ഗിരീഷ് ബാബുവിനെ മുന്‍ കമീഷണര്‍ സിഎച്ച് നാഗരാജു പിരിച്ചുവിട്ടിരുന്നു. ഗിരീഷ് നല്കിയ അപ്പീല്‍ പരിഗണിച്ച് ഇയാളെയും തിരിച്ചെടുത്തു. സര്‍വിസില്‍ കയറി ദിവസങ്ങള്‍ക്കുള്ളില്‍ ഗിരീഷ് ബാബു വീണ്ടും ക്രിമിനല്‍ കേസില്‍ അറസ്റ്റിലായി.
2016 മുതല്‍ 2024 വരെയുള്ള കാലത്ത് കേരളത്തില്‍ 16 കസ്റ്റഡി കൊലപാതകങ്ങളാണ് നടന്നത്. അതിഭീകരമായ ലോക്കപ്പ് മര്‍ദ്ദനങ്ങളും തെരുവുകളിലും അല്ലാതെയും പൗരന്മാര്ക്ക് നേരെ നടക്കുന്ന പോലീസ് അതിക്രമങ്ങള്‍ വേറെയാണ്. എട്ട് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണ് പിണറായി വിജയന്റെ ഭരണത്തില്‍ കേരളത്തിലിതുവരെ നടന്നത്. അതിനെയെല്ലാം മാവോവാദി വേട്ടയെന്ന പേരില്‍ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.
ക്രമസമാധാന ചുമതലയുള്ള പോലീസ് സേനയെ പൗരാവകാശ സംരക്ഷകരും പൗരന്മാര്ക്ക് സുരക്ഷ ഉറപ്പാക്കുന്നവരുമായി മാറ്റിയെടുക്കുന്നതിനുള്ള സത്വരവും സമഗ്രവുമായ പരിഷ്കരണമാണ് ആവശ്യം. അതിന് സേനയിലെ ക്രിമിനലുകളെ ഉടന്‍ പുറത്താക്കി സേനയെ സംശുദ്ധമാക്കണം. ഈ ആവശ്യമുന്നയിച്ച് എസ്ഡിപിഐ സംസ്ഥാന വ്യാപകമായ പ്രചാരണങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും തുടക്കും കുറിക്കുകയാണ്. അതിന്റെ തുടക്കമെന്നോണം 16 ചൊവ്വാഴ്ച സെക്രട്ടറിയേറ്റിനു മുമ്പില്‍ ധര്‍ണ നടത്തുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിമാരായ ജോണ്സണ് കണ്ടച്ചിറ, അന്‍സാരി ഏനാത്ത്, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം അഷ്റഫ് പ്രാവച്ചമ്പലം, തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി സലീം കരമന സംബന്ധിച്ചു.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.