മോസ്കോ: ബയോണ്‍-എം നമ്പര്‍ 2 ബയോളജിക്കല്‍ സാറ്റ്ലൈറ്റ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി റഷ്യ. ദൗത്യത്തിന്റെ ഭാഗമായി റഷ്യ ബഹിരാകാശത്തേക്ക് അയച്ച എലികളും ഭൂമിയില്‍ തിരിച്ചെത്തി.
ബയോമെഡിക്കല്‍ പരീക്ഷണങ്ങള്‍ക്കായി ഭ്രമണപഥത്തിലേക്ക് അയച്ച 75 എലികളില്‍ 65 എണ്ണമാണ് ജീവനോടെ തിരിച്ചെത്തിയത്. പത്തെണ്ണം ദൗത്യത്തിനിടെ ചത്തുവെന്ന് റഷ്യന്‍ അക്കാദമി ഓഫ് സയന്‍സസിലെ അധികൃതര്‍ അറിയിച്ചു.
ഓറണ്ബര്ഗില് തിരിച്ചിറങ്ങിയ പേടകത്തിന്റെ ലാന്‍ഡിങ് സുഗമമായിരുന്നുവെന്നും അധികൃതര്‍ പ്രതികരിച്ചു. ദൗത്യത്തിനിടെ ഗവേഷകര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്ന ചില സംഗതികളുണ്ടായെങ്കിലും അതൊക്കെ സാധാരണ നിലയില്‍ സംഭവിച്ചേക്കാന്നുവയാണെന്നും സ്റ്റേറ്റ് സയന്റിഫിക് സെന്റര്‍- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കല്‍ പ്രോബ്ലംസ് (ഐബിഎംപി) ഡയറക്ടര്‍ ഓര്‍ലോവ് അഭിപ്രായപ്പെട്ടു.
ജീവശാസ്ത്രപരമായ പ്രതിരോധശേഷി പരീക്ഷിക്കുന്നതിനായിട്ടാണ് 75 എലികളെ ബഹിരാകാശത്തേക്ക് അയച്ചത്. ഇതിനായി എലികളെ വിവിധ ഗ്രൂപ്പുകളായി തരംതിരിച്ചു. ചില എലികള്‍ ജന്മനാ റേഡിയേഷന് പോലുള്ളവയെ ചെറുക്കുന്നതിനായി പ്രതിരോധ ശേഷി നേടിയവയാണ്. മറ്റുള്ളവയ്ക്ക് റേഡിയേഷന് മൂലമുള്ള പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ മരുന്നുകളും ചികിത്സയും നല്കി. ഭക്ഷണക്രമം അനുസരിച്ച് എലികളെ വീണ്ടും സബ് ഗ്രൂപ്പുകളായി തരംതിരിച്ചു.
ദീര്‍ഘകാല ബഹിരാകാശ യാത്രകള്‍ സസ്തനികളുടെ ശരീരത്തെ എങ്ങനെ ബാധിക്കുന്നു, കോസ്മിക വികിരണം പോലുള്ളവയില്‍ നിന്ന് ബഹിരാകാശ യാത്രികരെ എങ്ങനെ സംരക്ഷിക്കുമെന്ന് പഠിക്കാനും ഇത്തരം പരീക്ഷണങ്ങള്‍ ഉപകരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ദൗത്യത്തെ സംബന്ധിച്ചിടത്തോളം പത്ത് എലികളുടെ മരണം സ്വീകാര്യമാണെന്ന് ഓര്‍ലോവ് പറയുന്നു.
പാരിസ്ഥിതികമോ സാങ്കേതികപരമായ കാരണങ്ങളെക്കാളുപരി എലികള്‍ക്കിടയില്‍ നടന്ന പരസ്പരമായ ആക്രമണങ്ങളാണ് പത്ത് എലികളുടെ മരണത്തിലേക്ക് നയിച്ചതെന്നും കരുതപ്പെടുന്നു. ചത്ത് എലികളില്‍ നിന്ന് ശേഖരിക്കുന്ന വിവരവും പഠനത്തിന് ഉപകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിശദമായ പഠനങ്ങള്‍ മോസ്കോയിലെ ലാബോറട്ടറികളില്‍ തുടരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.