സിഡ്‌നി: 2026 ൽ പ്രവർത്തനം തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന വെസ്റ്റേൺ സിഡ്‌നി വിമാനത്താവളത്തിന് സമീപം "വേൾഡ് ട്രേഡ് സെന്റർ" നിർമ്മിക്കുമെന്ന് വാഗ്ദാനം ചെയ്ത സിഡ്‌നി ഡെവലപ്പറും മലയാളിയുമായ ജോമോൻ വർഗീസിന് നിയമവിരുദ്ധമായി കുറ്റിക്കാടുകൾ വെട്ടിത്തെളിച്ചതിന് 587,200 ഡോളർ പിഴ ലഭിച്ചു.
ഡെവലപ്പർ ജോമോൻ വർഗീസിനും അദ്ദേഹത്തിന്റെ കമ്പനിയായ എയറോട്രോപോളിസ് പ്രൈവറ്റ് ലിമിറ്റഡിനും നിയമവിരുദ്ധമായി കുറ്റിക്കാടുകൾ വെട്ടിത്തെളിച്ചതിനാണ് 587,200 ഡോളറാണ് പിഴ ലഭിച്ചത്.ബ്രിൻജലിയിലെ 203 ഗ്രീൻഡെയ്ൽ റോഡിൽ ഒരു മിനി-സിറ്റിക്കായി ജോമോൻ വലിയ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. നാല് ബഹുനില ടവറുകൾ, ഒരു ആശുപത്രി, ഒരു സർവകലാശാല, ഒരു കൺവെൻഷൻ സെന്റർ, ഒരു സ്റ്റാർട്ട്-അപ്പ് ഹബ്, അപ്പാർട്ടുമെന്റുകൾ എന്നിവ ഉൾപ്പെടുന്ന പദ്ധതി 2026 ഓടെ പ്രവർത്തനക്ഷമമാകുമെന്ന് പ്രചരിപ്പിച്ചിരുന്നു. എന്നാൽ പദ്ധതി ഉപേക്ഷിക്കുകയും പിന്നാലെ കമ്പനി ലിക്വിഡേഷനിലേക്ക് പോകുകയും ചെയ്തു.അതേസമയം 2016 നും 2020 നും ഇടയിൽ, എയറോട്രോപോളിസ് അംഗീകാരമില്ലാതെ 36.8 ഹെക്ടർ ഭൂമി വെട്ടിത്തെളിച്ചു. വംശനാശഭീഷണി നേരിടുന്ന ഒരു പാരിസ്ഥിതിക സമൂഹമായ കംബർലാൻഡ് പ്ലെയിൻ വുഡ്‌ലാൻഡും കംബർലാൻഡ് പ്ലെയിൻ ലാൻഡ് ഒച്ചിന്റെ ആവാസ വ്യവസ്ഥയും വെട്ടിത്തെളിച്ച പ്രദേശത്ത് ഉൾപ്പെടുന്നു.2020-ൽ കാംടെൻ കൗൺസിൽ ഓഫീസർ കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കുന്നതിന് മുമ്പ് അനുമതി ആവശ്യമാണെന്ന് ഡെവലപ്പർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു, പക്ഷേ ജോമോന്റെ നിർദ്ദേശപ്രകാരം തൊഴിലാളികൾ ജോലി തുടർന്നു.
ഇപ്പോൾ ലാൻഡ് ആൻഡ് എൻവയോൺമെന്റ് കോടതി കമ്പനിയെ 20 കുറ്റങ്ങൾക്ക് കുറ്റക്കാരാണെന്നു കണ്ടെത്തി. ജോമോന്റെ പ്രധാന ലക്ഷ്യം തന്റെ വാണിജ്യ വികസനത്തിനായി ഭൂമി ഒരുക്കുക എന്നതായിരുന്നുവെന്ന് ജഡ്ജി ജോൺ റോബ്സൺ പറഞ്ഞു. അഭിമുഖത്തിന് വിസമ്മതിച്ച ജോമോൻ, ഭൂമിയുടെ ഉടമസ്ഥാവകാശം മറ്റൊരു കമ്പനിയുടെ കൈവശമാണെന്നും ചില പ്രദേശങ്ങൾ വൃത്തിയാക്കാൻ ഫയർ അതോറിറ്റികൾ "വാക്കാലുള്ള നിർദ്ദേശങ്ങൾ" നൽകിയിരുന്നെന്നും അവകാശപ്പെട്ടു. എന്നിരുന്നാലും, ASIC രേഖകൾ കാണിക്കുന്നത് ആ സമയത്ത് ആത്യന്തിക ഉടമ ജോമോൻ വർഗീസിൻ്റെ കമ്പനി എയറോട്രോപോളിസ് ആയിരുന്നു എന്നാണ്.
2014 ൽ 5.2 മില്യൺ ഡോളറിന് ഈ ഭൂമി വാങ്ങി, പിന്നീട് 2022 ൽ 52.2 മില്യൺ ഡോളറിന് ഓസ്ട്രൽ ബ്രിക്സ്ന് വിറ്റു. അതിനുശേഷം, ഈ സ്ഥലം ഒരു ക്വാറിയാക്കി മാറ്റാനും 74 ഹെക്ടർ വനപ്രദേശം പുനഃസ്ഥാപിക്കാനും ഓസ്ട്രൽ ബ്രിക്സ് പദ്ധതികൾ സമർപ്പിച്ചു.
അതേസമയം തിരിച്ചടി നേരിട്ടെങ്കിലും, ജോമോൻ പുതിയ വികസന പദ്ധതികൾ മുന്നോട്ട് വച്ചുകൊണ്ടിരിക്കുകയാണ്. 2024-ൽ, അദ്ദേഹത്തിന്റെ മറ്റൊരു കമ്പനിയായ കെ.കെ. ക്യാപിറ്റൽ , ബ്രാഡ്ഫീൽഡിലെ എട്ട് റെസിഡൻഷ്യൽ ടവറുകൾക്കുള്ള പദ്ധതികൾ സമർപ്പിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.