തിരുവനന്തപുരം ;ദേവസ്വം ബോർഡിനെ മുന്നിൽ നിർത്തി എൽഡിഎഫ് സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിന്റെ യഥാർഥ ലക്ഷ്യമെന്തെന്നു ചർച്ച ഉയരുന്നു.
യുവതീപ്രവേശത്തെ അനുകൂലിച്ചു സുപ്രീം കോടതിയിൽ എടുത്ത നിലപാടു റദ്ദാക്കാൻ തയാറാണെന്ന സൂചന ദേവസ്വം ബോർഡ് കൂടി നൽകിയതോടെ തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള നീക്കം കൂടിയാണിതെന്ന് ആക്ഷേപമുയർന്നു.സുപ്രീം കോടതിയുടെ യുവതീപ്രവേശ അനുകൂല വിധി നടപ്പാക്കാൻ ഇറങ്ങി വിശ്വാസികളുടെ വികാരം മുറിവേൽപിച്ച സർക്കാർ തന്നെ ഇപ്പോൾ അയ്യപ്പ സംഗമത്തിന് ഇറങ്ങിത്തിരിച്ചതിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്തു യുഡിഎഫും ബിജെപിയും രംഗത്തുണ്ട്.അന്നു പ്രതിഷേധത്തിനു കാരണമായ തീരുമാനം കൈക്കൊണ്ട എൽഡിഎഫ് ഇപ്പോൾ അയ്യപ്പ സംഗമത്തിന്റെ തിരക്കിലും ക്ഷേത്രാചാരങ്ങളും വിശ്വാസങ്ങളും പാലിക്കണമെന്നാവശ്യപ്പെട്ട യുഡിഎഫും ബിജെപിയും സംഗമം തട്ടിപ്പാണെന്നു വാദിച്ച് എതിർപക്ഷത്തുമാണ് എന്നതിലുണ്ട് രാഷ്ട്രീയ കൗതുകം. പഴയതെല്ലാം അടഞ്ഞ അധ്യായമെന്നു സിപിഎം ചൂണ്ടിക്കാട്ടുമ്പോൾ വിശ്വാസികളെ സംബന്ധിച്ച് ഇപ്പോഴും വേദനിക്കുന്ന അധ്യായമെന്നാണു പ്രതിപക്ഷ നിലപാട്.യുവതീപ്രവേശത്തിനെതിരെ പോർമുഖം തുറന്ന എൻഎസ്എസ് ഉപാധികളോടെയെങ്കിലും സംഗമത്തോടു സഹകരിക്കാൻ തീരുമാനിച്ചത് സിപിഎം നേട്ടമായി കരുതുന്നു. എസ്എൻഡിപിയുടെ പച്ചക്കൊടി പ്രതീക്ഷിച്ചതാണ്. എന്നാൽ ശബരിമല യുവതീപ്രവേശ നിലപാടിൽ നിന്നു സർക്കാരിനു പിന്നോട്ടു പോകാനാവില്ലെന്നാണ് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞത്. പരിഷ്കരണ ചിന്തയിൽ നിന്നു പിന്മാറിയാൽ വലിയ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ച സംഗമം രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രബിന്ദുവായതോടെ വലിയ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള ദൗത്യം സിപിഎം കൂടി ഏറ്റെടുത്തിട്ടുണ്ട്.യുവതീപ്രവേശം സംബന്ധിച്ച മുൻ നിലപാടിൽ നിന്ന് ബോർഡിനൊപ്പം സർക്കാരും മലക്കംമറിയുമോ എന്നതാകും ചർച്ചകളിൽ ഇനി ഉയരുന്ന ചോദ്യം. യുവതീപ്രവേശത്തെ എതിർത്ത് യുഡിഎഫ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം തിരുത്തി നൽകിയ എൽഡിഎഫിന് അക്കാര്യം വിശദമായി ചർച്ച ചെയ്യേണ്ടി വരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.