പത്തനംതിട്ട: വാവരെ മോശമായി ചിത്രീകരിച്ചെന്ന പരാതിയിൽ ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷിക്കെതിരെ പന്തളം പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് ഹൈന്ദവ സംഘടനകൾ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിലായിരുന്നു വാവർ തീവ്രവാദിയാണെന്നും മുസ്ലിം ആക്രമണകാരിയാണെന്നും ശാന്താനന്ദ മഹർഷി പറഞ്ഞത്.
ശാന്താനന്ദയുടെ പ്രസംഗം ചൂണ്ടിക്കാട്ടി കോൺഗ്രസ് മാധ്യമ വക്താവ് അനൂപ് വി ആർ, പന്തളം കൊട്ടാരം കുടുംബാംഗം പ്രദീപ് വർമ്മ എന്നിവരാണ് പരാതി നൽകിയത്. വാവര് സ്വാമിയെ ശാന്താനന്ദ മഹർഷി മോശമായി ചിത്രീകരിച്ചെന്നാണ് പ്രദീപ് വർമ്മ നൽകിയ പരാതി. പന്തളം അയ്യപ്പക്ഷേത്രവും കൊട്ടാരവും അയ്യപ്പനും വാവരും തമ്മിലുള്ള ബന്ധം അംഗീകരിച്ചാണ് തീർത്ഥാടനത്തിന് നേതൃത്വം നൽകുന്നത്. മതവിദ്വേഷ പ്രസംഗത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറഞ്ഞിരുന്നു.പ്രസംഗം പന്തളത്തെ ഹിന്ദു-മുസ്ലിം മതസൗഹാർദം തകർക്കുമെന്നും സിപിഐഎം പന്തളം ഏരിയ കമ്മിറ്റി അംഗം കൂടിയായ പ്രദീപ് വർമ്മ പരാതിയിൽ ഉന്നയിച്ചിരുന്നു. പ്രസംഗം വിശ്വാസം വ്രണപ്പെടുത്തിയെന്നും മതവിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ ഉണ്ടാക്കിയന്നെും കാണിച്ചാണ് കോൺഗ്രസ് നേതാവിന്റെ പരാതി. അയ്യപ്പനെ ആക്രമിച്ച് തോൽപ്പിക്കാൻ എത്തിയ ആളാണ് വാവരെന്ന് ശാന്താനന്ദ മഹർഷി പ്രസംഗത്തിൽ പറഞ്ഞിരുന്നു. വാവർ ചരിത്രം തെറ്റാണ്.വാപുരൻ അഥവാ ശിവന്റെ ഭൂതം എന്നതാണ് ശരി. ഭക്തർക്ക് വാപുര സ്വാമിയുടെ നടയിൽ തേങ്ങയടിച്ച് അയ്യപ്പനെ ദർശിക്കാനുള്ള അവസരം ഉണ്ടാകണം. അതിനുവേണ്ടിയാണ് എരുമേലിയിൽ വാപുര സ്വാമി ക്ഷേത്രം ഉയരുന്നതെന്നുമായിരുന്നു ശാന്താനന്ദ മഹർഷി പറഞ്ഞത്. വാപുരൻ എന്ന് പറയുന്നത് ഇല്ലാപോലും. 25-30 വർഷങ്ങൾക്ക് മുമ്പ് തന്നെ ശബരിമലയിൽ വെച്ചിരിക്കുന്നത് വാവരെയാണ്.വാവർക്ക് ശബരിമലയുമായും അയ്യപ്പനുമായും പുലബന്ധം പോലും ഇല്ല. ആ വാവർ മുസ്ലിം ആക്രമണകാരിയാണ്. അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തിൽ തോൽപ്പിക്കാൻ വന്ന തീവ്രവാദിയാണ്. അയാൾ പൂജ്യനല്ല. പൂജിക്കപ്പെടേണ്ടത് വാപുരനാണ്', എന്നായിരുന്നു ശാന്താനന്ദ മഹിർഷിയുടെ പ്രസ്താവന
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പാ തീരത്ത് സർക്കാരും ബോർഡും ചേർന്ന് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന് ബദൽ ആയാണ് ഹൈന്ദവ സംഘടകൾ ശബരിമല സംരക്ഷണ സംഗമം എന്ന പേരിൽ പന്തളത്ത് മറ്റൊരു പരിപാടി സംഘടിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.