ന്യൂഡല്‍ഹി: ഇന്ത്യയുടെ സുദര്ശന് ചക്ര എല്ലാ വ്യോമപ്രതിരോധ സംവിധാനങ്ങളുടെയും മാതാവായിരിക്കുമെന്ന് ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത്. ഇന്ത്യയുടെ പക്കലുള്ള എല്ലാ വ്യോമപ്രതിരോധ സംവിധാനങ്ങളെയും സംയോജിപ്പിച്ചുകൊണ്ടാകും സുദര്ശന് ചക്ര സജ്ജമാവുകയെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.
ഡ്രോണുകള്‍ മുതല്‍ ഹൈപ്പര്‍സോണിക് മിസൈലുകളെ വരെ പ്രതിരോധിക്കാനുള്ള ശേഷി ഇതിനുണ്ടാകുമെന്നും അശുതോഷ് ദീക്ഷിത് പറഞ്ഞു. ഭാവി യുദ്ധതന്ത്രങ്ങളെപ്പറ്റിയുള്ള കോണ്‍ഫറന്‍സിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഓപ്പറേഷന് സിന്ദൂറിന്റെ സമയത്ത് നേരിട്ട പ്രശ്നങ്ങളും പ്രതിസന്ധികളും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ സഹായിച്ചെന്നും എപ്പോഴും നമ്മള് രണ്ടുചുവട് മുന്നിലായിരിക്കണമെന്ന് അതില്‍നിന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞുറഷ്യ- യുക്രൈന്, അസര്ബൈജാന്- അര്‍മേനിയ തുടങ്ങിയ യുദ്ധമുന്നണികളില്‍ വിലകുറഞ്ഞ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. എതിരാളിയുടെ സൈനിക കേന്ദ്രങ്ങളിലും തന്ത്രപ്രധാനമായ ലക്ഷ്യങ്ങളിലും വലിയ നാശങ്ങളുണ്ടാക്കാന്‍ ഇത്തരം ആക്രമണങ്ങള്‍കൊണ്ട് സാധിച്ചു. എപ്പോഴും എതിരാളിയേക്കാള്‍ രണ്ട് ചുവട് മുന്നിലായിരിക്കണം. ചെസ്സില്‍ കരുക്കള്‍ നീക്കുന്നതുപോലെ എതിരാളി എങ്ങനെ പ്രതികരിക്കുമെന്ന് കണക്കുകൂട്ടി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഓപ്പറേഷന് സിന്ദൂറിനിടെ പിടികൂടിയ ചില ഡ്രോണുകള്‍ എഐ, ദൃശ്യ സംവിധാനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതും വളരെ സങ്കീര്‍ണ്ണവുമായിരുന്നു എന്നും അവയുടെ ജിപിഎസ് ജാം ചെയ്താല്‍ പോലും ലക്ഷ്യത്തിനടുത്തേക്ക് എത്താന്‍ കഴിയുന്നവയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. എന്നിരുന്നാലും, ഈ ഡ്രോണുകള്‍ വരുത്തിയ നാശനഷ്ടങ്ങള്‍ ഏതാണ്ട് പൂജ്യമായതിനാല്‍ നമ്മുടെ ഡ്രോണ്‍ പ്രതിരോധ, ജിപിഎസ് ജാമിംഗ് സംവിധാനങ്ങള്‍ നന്നായി പ്രവര്‍ത്തിച്ചതായും അദ്ദേഹം പറഞ്ഞു.
അതുകൊണ്ട്, ഇത് 'ഡ്രോണ്‍ പ്രതിരോധത്തിലെ ഒരു വിജയഗാഥ'യാണ്. നിര്‍ഭാഗ്യവശാല്‍, അടുത്ത തവണ ഇത് ആവര്‍ത്തിക്കാന്‍ കഴിയില്ല, മറുവശത്തുള്ളവരുടെ സംവിധാനങ്ങളും വളരും, കാരണം അവര്‍ നമ്മുടെ കഴിവുകളെക്കുറിച്ചും പഠിച്ചിട്ടുണ്ട്, അവരും പ്രവര്‍ത്തിക്കുകയും മെച്ചപ്പെടുകയും ചെയ്യുന്നുണ്ട്, അതിനാല്‍ നമ്മള് ഒരു പടി മുന്നോട്ട് പോകണം. എല്ലാ അപ്രതീക്ഷിത നീക്കങ്ങളെയും പോലെ, ഇതും ഒരു തവണ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. അതുകൊണ്ട്, അടുത്ത തവണ, വീണ്ടും, നമ്മള് ഒരു അപ്രതീക്ഷിത ഘടകം നല്‍കണം- അദ്ദേഹം പറഞ്ഞു.ഇന്ത്യ വിഭാവനം ചെയ്യുന്ന സുദര്ശന് ചക്ര എന്ന വ്യോമ പ്രതിരോധ സംവിധാനത്തെക്കുറിച്ചും അദ്ദേഹം വാചാലനായി. ചില ആയുധ സംവിധാനങ്ങളോടൊപ്പം, എല്ലാ വ്യോമ പ്രതിരോധ സംവിധാനങ്ങളെയും ഒരുമിച്ചുചേര്‍ത്തുള്ള ഒരു മഹാസംവിധാനമായിരിക്കും അതെന്ന് അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ ഇപ്പോഴും ആശയ രൂപീകരണ ഘട്ടത്തിലാണ്, എന്നാല്‍ ഡ്രോണ്‍ പ്രതിരോധം, യുഎവി പ്രതിരോധം... ഹൈപ്പര്‍സോണിക് പ്രതിരോധം, ഇത്തരത്തിലുള്ള എല്ലാ കാര്യങ്ങളും, ഒപ്പം പുറത്തുപറയാന്‍ കഴിയാത്ത മറ്റു ചില കാര്യങ്ങളും. ഇവയെല്ലാം ചേര്‍ന്നതാണ് മിഷന് സുദര്ശന് ചക്ര.
ഈ സംവിധാനത്തിന്റെ ഏറ്റവും താഴത്തെ പാളിയില്‍ ഡ്രോണ്‍ പ്രതിരോധം ഉണ്ടാകും.' അദ്ദേഹം പറഞ്ഞു. ' ആശയ രൂപീകരണ ഘട്ടത്തിലാണെങ്കിലും, ഇത് സര്വ്വവ്യാപിയായിരിക്കുമെന്ന് പറയാന്‍ കഴിയും.' എന്ന് എയര്‍ മാര്‍ഷല്‍ പറഞ്ഞു. സെന്‍സറുകള്‍, മിസൈലുകള്‍, നിരീക്ഷണ ഉപകരണങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകള്‍ എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള സംയോജിത ബഹുതല വോമപ്രതിരോധ സംവിധാനമാണ് ഇന്ത്യയുടെ നിര്‍ദിഷ്ട സുദര്ശന് ചക്ര. ഇത്തവണത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി പ്രഖ്യാപിച്ചത്. വരുന്ന 10 വര്‍ഷത്തിനുള്ളില്‍ സുദര്ശന് ചക്ര യാഥാര്‍ഥ്യമാകുമെന്നാണ് കണക്കുകൂട്ടല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.