തദ്ദേശീയമായ രണ്ടാമത്തെ വിമാനവാഹിനിക്കപ്പലിനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചതായി റിപ്പോര്‍ട്ടുകള്‍. സ്വന്തമായി വിമാനവാഹിനിക്കപ്പല്‍ രൂപകല്‍പ്പന ചെയ്യാനും നിര്‍മിക്കാനുമുള്ള ശേഷിയുള്ള ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണത്തിലൂടെ ഇന്ത്യയെത്തിയത്.
എന്നാല്‍ ഇത്തവണ അതിനെക്കാള്‍ ഒരുപടി കടന്ന് ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനവാഹിനി കപ്പല്‍ നിര്‍മിക്കാനുള്ള ചര്‍ച്ചകളാണ് പ്രതിരോധവൃത്തങ്ങളില്‍ നടക്കുന്നത്. പരമ്പരാഗത വിമാനവാഹിനി കപ്പലുകള്‍ ഫോസില്‍ ഇന്ധനത്തെ ജ്വലിപ്പിച്ചാണ് എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിക്കുക. ഡീസലാണ് ഇത്തരത്തില്‍ ഉപയോഗിക്കുന്ന ഇന്ധനങ്ങളില്‍ പ്രധാനം. എന്നാല്‍ ഇന്ധനം നിറയ്ക്കാന്‍ ഇടവിട്ട് തിരികെ തീരത്തേക്ക് എത്തേണ്ടത് ഇവയുടെ പ്രവര്‍ത്തന മേഖലയെ പരിമിതപ്പെടുത്തും.ഈ പരിമിതിയെ മറികടക്കാനാണ് ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനവാഹിനി കപ്പല്‍ നിര്‍മിക്കാനുള്ള ആലോചന ഉയര്‍ന്നത്. വിശാലമായ ഇന്ത്യന്‍ മഹാസമുദ്രമേഖലയിലെ മേധാവിത്ത ശക്തിയായി തുടര്‍ന്നും നിലനില്ക്കണമെങ്കില് പുതിയ സംവിധാനങ്ങള്‍ നാവികസേനയില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന 12 വിമാനവാഹിനിക്കപ്പലുകള്‍ മാത്രമാണ് ലോകത്തുള്ളത്. ഇതില്‍ 11 എണ്ണവും യുഎസിന്റെ പക്കലാണ്. ഒരെണ്ണം ഫ്രാന്‍സിനും. ചൈന സ്വന്തമായൊരു ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനവാഹിനിക്കപ്പല്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതുകൂടി മുന്നില്‍ കണ്ടാണ് ഇന്ത്യയിലും പുതിയൊരു വിമാനവാഹിനി കപ്പല്‍ നിര്‍മിക്കേണ്ടതിന്റെ ആവശ്യകത ഉയരുന്നത്.
നാവികസേനയുടെ പ്രവര്‍ത്തന ശേഷി ഇന്ത്യന്‍ സമുദ്രത്തിനുമപ്പുറത്തേക്ക് ഉയര്‍ത്താന്‍ പുതിയ ആണവ വിമാനവാഹിനി കപ്പലിലൂടെ സാധിക്കും. എന്നിരുന്നാലും പരമ്പരാഗത വിമാനവാഹിനികളെ അപേക്ഷിച്ച് ഇവയുടെ നിര്‍മാണത്തില്‍ നിരവധി സങ്കീര്‍ണതകളുണ്ട്. പരിപാലന ചെലവും വളരെ കൂടുതലായിരിക്കും.
ആണവ വിമാനവാഹിനി കപ്പലില്‍ മാത്രമൊതുങ്ങുന്നതല്ല നാവികസേനയുടെ ആധുനികവത്കരണത്തിനുള്ള നീക്കം. ആണവോര്ജമുപയോഗിക്കുന്ന പത്തോളം യുദ്ധക്കപ്പലുകള്‍ ഉള്‍പ്പെടുന്ന ഒരു കപ്പല്‍ വ്യൂഹം തന്നെ ഒരുക്കാനാണ് ഇന്ത്യയുടെ പദ്ധതി. ലോകത്തെവിടെയും ഇന്ധനം നിറയ്ക്കുന്നതിനുള്ള ആശങ്കകളില്ലാതെ സമുദ്രത്തിലൂടെ എത്തിച്ചേരാനും ആക്രമിക്കാനും ഇതിലൂടെ ഇന്ത്യയ്ക്ക് സാധിക്കും.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം, വികസന ഘടത്തിലുള്ള ആഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് ( എഎംസിഎ), നാവികസേനയ്ക്കായി വികസിപ്പിക്കാനുദ്ദേശിക്കുന്ന ഇരട്ട എന്‍ജിനുള്ള യുദ്ധവിമാനം - ട്വിന്‍ എന്ജിന് ഡെക്ക് ബേസ്ഡ് ഫൈറ്റര്‍ (ടിഇഡിബിഎഫ്) എന്നിവയാണ് ഈ വിമാനവാഹിനി കപ്പലില്‍ വിന്യസിക്കുക എന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.
ഇതിന് പുറമെ വിമാനവാഹിനിയില്‍ നിന്ന് വളരെവേഗത്തില്‍ കുതിച്ചുയരാന്‍ യുദ്ധവിമാനങ്ങളെ സഹായിക്കുന്ന ഇലക്ട്രോമാഗ്നറ്റിക് എയര്‍ക്രാഫ്റ്റ് ലോഞ്ച് സിസ്റ്റം ( ഇഎംഎഎല്‍എസ്) വാങ്ങാനുള്ള പദ്ധതി നാവിക സേനയ്ക്കുണ്ട്. നിലവില്‍ യു.എസ് നാവികസേനയുടെ ഭാഗമായ ഫോര്‍ഡ് ക്ലാസ് വിമാനവാഹിനികളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഇഎംഎഎല്‍എസ് സംവിധാനമാണ് വാങ്ങുകയെന്നാണ് വിവരങ്ങള്‍.
ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രൊപ്പല്‍ഷന്‍ സംവിധാനം വികസിപ്പിക്കാന്‍ സാധിച്ചാല്‍ യു.എസ്, റഷ്യ, ചൈന, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ മാത്രമുള്ള എലൈറ്റ് ക്ലബ്ബില്‍ ഇന്ത്യയും എത്തിച്ചേരും.പദ്ധതിരേഖ അനുസരിച്ച് 2027-28 ഓടുകൂടി വിമാനവാഹിനിക്കും യുദ്ധക്കപ്പലുകള്‍ക്കും വേണ്ട ആണവ റിയാക്ടറിന്റെ പ്രോട്ടോടൈപ്പ് രൂപകല്‍പ്പന പൂര്‍ത്തിയാകമെന്നാണ് കരുതുന്നത്. 2030ല്‍ ഇന്ത്യയുടെ ആദ്യത്തെ ആണവ വിമാനവാഹിനിക്കുള്ള നിര്‍മാണം ആരംഭിക്കും. 2032ല്‍ ഇതിലുപയോഗിക്കാനുള്ള ടിഇഡിബിഎഫ് യുദ്ധവിമാനത്തിനുള്ള പ്രോട്ടോ ടൈപ്പും എഎംസിഎയുടെ നാവിക പതിപ്പും പരീക്ഷിക്കും. 2033ല്‍ ആണവ വിമാനവാഹിനി നിര്‍മാണം പൂര്‍ത്തിയാക്കി പരീക്ഷണങ്ങള്‍ക്ക് തുടക്കമിടും. 2037ല്‍ വിമാന വാഹിനി സേനയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്. തദ്ദേശീയമായി വികസിപ്പിക്കുന്ന വിമാനവാഹിനിക്ക് ഐഎന്‍എസ് വിശാല്‍ എന്ന പേരാകും നല്‍കുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.