കരൂർ: തമിഴ്നാടിനെ ഒന്നാകെ നടുക്കിയ ദുരന്തത്തിനാണ് ശനിയാഴ്ച സാക്ഷിയായത്. തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റും നടനുമായ വിജയ്‌യുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് കുട്ടികളടക്കം 39 പേരാണ് കൊല്ലപ്പെട്ടത്. ഒന്നരവയസ്സുള്ള കുട്ടിയും പ്രതിശ്രുത വധൂവരന്മാരും മരിച്ചവരിൽ ഉൾപ്പെടുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നൂറിലധികം പേർ പരിക്കേറ്റ് ചികിത്സയിലാണ് ഇവരിൽ 20 ഓളം പേരുടെ നില ഗുരുതരമാണെന്നുമാണ് വിവരം. ആശുപത്രിയിലേക്കെത്തിയ മന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി ഹൃദയഭേദകമായ കാഴ്ചകൾ കണ്ട് പൊട്ടിക്കരഞ്ഞു. കർശന നിയന്ത്രണങ്ങളോടെയാണ് വിജയ്‌യുടെ സംസ്ഥാന പര്യടനത്തിന് പോലീസ് അനുമതി നൽകിയത്. അതേസമയം, ഇടുങ്ങിയ സ്ഥലത്ത് പരിപാടി നടത്താൻ പോലീസ് നിർബന്ധിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് ടിവികെ പ്രവർത്തകർ കുറ്റപ്പെടുത്തി.അതേസമയം തുറസ്സായ സ്ഥലത്ത് പരിപാടി നടത്തണമെന്ന് നിർദ്ദേശിച്ചിരുന്നതായി പോലീസ് പറയുന്നു. തങ്ങളുടെ നിർദ്ദേശം ടിവികെ അവഗണിച്ചുവെന്നും ഉദ്യോഗസ്ഥർ ആരോപിക്കുന്നു. സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി വിജയ് എത്തുന്നതും കാത്ത് കരൂരിൽ രാവിലെ മുതൽ തന്നെ അനുയായികൾ തടിച്ചുകൂടിയിരുന്നു. ഇടുങ്ങിയ സ്ഥലത്തിനുസമീപത്തെ മരക്കൊമ്പുകളിലും കെട്ടിടങ്ങൾക്കു മുകളിലും ധാരാളമാളുകൾ ഇടംപിടിച്ചിരുന്നു
പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ ആൾക്കൂട്ടത്തിനു നടുവിലേക്കെത്തിയ വിജയ് പ്രസംഗിച്ചുകൊണ്ടിരിക്കേയാണ് ദുരന്തമുണ്ടായത്. അവശരായ ആളുകൾക്ക് വിജയ്‌യുടെ വാഹനത്തിൽനിന്ന് വെള്ളക്കുപ്പികൾ എറിഞ്ഞു കൊടുത്തിരുന്നു. ഇതോടെ തിക്കുംതിരക്കുംകൂടി. പരിക്കേറ്റവരെയും തളർന്നുവീണവരെയും ആശുപത്രിയിലെത്തിക്കാൻ എത്തിയ ആംബുലൻസുകൾ ടിവികെ പ്രവർത്തകർ തടഞ്ഞതോടെ സംഘർഷമുണ്ടാകുകയും സ്ഥിതി വഷളാവുകയും ചെയ്തു.വീണവരുടെ ശരീരത്തിൽ ചവിട്ടി മറ്റുള്ളവർ പരക്കം പാഞ്ഞതോടെ ദുരന്തത്തിന്റെ വ്യാപ്തി കൂടി. മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്‌നാട് സർക്കാർ 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേവർക്ക് ഒരു ലക്ഷം രൂപ സഹായധനവും നൽകും. റിട്ട. ജഡ്ജി അരുണാ ജഗദീശൻ അധ്യക്ഷയായ കമ്മിഷൻ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയവും റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.