പട്ന: ബിഹാറിൽ അന്തിമവോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. പ്രത്യേക സമഗ്രപരിശോധനയ്ക്ക് ശേഷമുള്ള അന്തിമ വോട്ടർപട്ടികയാണ് പ്രസിദ്ധീകരിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക് പ്രകാരം 7.42 കോടി വോട്ടർമാരാണ് അന്തിമ വോട്ടർപട്ടികയിൽ ഉള്ളത്.
ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ 7.24 കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. 7.89 കോടി വോട്ടമാരായിരുന്നു ജൂൺ മാസത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 65 ലക്ഷം പേരെ ഒഴിവാക്കിയ ശേഷമായിരുന്നു ഓഗസ്റ്റിൽ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ വലിയ തോതിൽ വിവാദങ്ങളും പ്രതിപക്ഷ ആരോപണങ്ങളും ഉയർന്നിരുന്നു.പുതിയ കണക്ക് പ്രകാരം 21.53 ലക്ഷം വോട്ടർമാരെയാണ് അധികം ചേർത്തിരിക്കുന്നത്. ഓഗസ്റ്റിൽ ആദ്യം പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ നിന്ന് 3.66 ലക്ഷം പേരെ ഒഴിവാക്കിയിട്ടുണ്ട്. എസ്ഐആറിന് മുമ്പുള്ള വോട്ടർപട്ടികയിൽ നിന്ന് 48 ലക്ഷം പേരെ ഒഴിവാക്കിയതായാണ് കണക്കിൽ നിന്ന് വ്യക്തമാകുന്നത്. വോട്ടർപട്ടിക തീവ്രപരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്.
ഒക്ടോബർ ഏഴിന് എസ്ഐആറുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. ആധാർ അടക്കമുള്ള രേഖകൾ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് പരിഗണിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. എന്നാൽ ഇതിനെ ആദ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ ശക്തമായി എതിർത്തിരുന്നു. ആധാർ വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള രേഖയാക്കാൻ സാധിക്കില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയിൽ വാദിച്ചത്. എന്നാൽ സുപ്രീം കോടതി ഇത് അംഗീകരിച്ചിരുന്നില്ല.എസ്ഐആറുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി അന്തിമവാദത്തിനായി പരിഗണിക്കുന്നതിന് മുമ്പ് തന്നെ ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ അടക്കമുള്ളവർ ഒക്ടോബർ നാല്, അഞ്ച് തീയതികളിൽ ബിഹാർ സന്ദർശിക്കുന്നുണ്ട്. ഒക്ടോബർ മൂന്നിന് ഡൽഹിയിൽ വെച്ച് ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചുചേർത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.