റഷ്യയ്ക്കുമേൽ കൂടുതൽ കടുത്ത ഉപരോധങ്ങൾ പ്രഖ്യാപിക്കുമെന്ന് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ മധ്യസ്ഥത വഹിച്ചിട്ടും യുക്രെയ്നുമേലുള്ള ആക്രമണം നിർത്താൻ റഷ്യൻ പ്രസിഡന്റ് പുട്ടിൻ തയാറാകാത്തതിന്റെ അമർഷത്തിലാണ് ട്രംപ്.
റഷ്യയ്ക്കുമേൽ ‘രണ്ടാംഘട്ട’ ഉപരോധം ഏർപ്പെടുത്തുമോയെന്ന് മാധ്യമങ്ങള്‍ ഇന്നലെ ചോദിച്ചപ്പോൾ ‘അതെ, ഞാനത് ചെയ്യും’ എന്ന് ട്രംപ് പറഞ്ഞു. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ കൂടുതൽ തീരുവ ഉൾപ്പെടെ നടപടികളെടുക്കാനാണ് നീക്കം. അങ്ങനെയെങ്കിൽ ട്രംപിന്റെ ‘പണി’ വരുന്നത് ഇന്ത്യയ്ക്കും ചൈനയ്ക്കുംമേൽ ആയിരിക്കും. അതേസമയം, ഇപ്പോൾതന്നെ ട്രംപ് എടുത്ത നടപടികൾ ഇന്ത്യയെ അമേരിക്കയിൽനിന്ന് അകറ്റിയിട്ടുണ്ട്. ട്രംപും പ്രധാനമന്ത്രി മോദിയും തമ്മിലെ സൗഹൃദത്തിനും പോറലേറ്റു. ഇന്ത്യയ്ക്കുമേൽ കൂടുതൽ നടപടിക്ക് ട്രംപ് മുതിരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നിലവിൽ ഏറ്റവുമധികം റഷ്യൻ എണ്ണ വാങ്ങുന്ന ചൈനയ്ക്കുമേൽ മാത്രമായേക്കും അടുത്ത നടപടിയെന്നും ചിലർ വിലയിരുത്തുന്നുണ്ട്.എണ്ണ വിൽപന വഴി റഷ്യ നേടുന്ന വരുമാനം തകർത്ത്, പുട്ടിനെ കടുത്ത സമ്മർദത്തിലാക്കാനാണ് ട്രംപിന്റെ ശ്രമം. ഇപ്പോൾതന്നെയുള്ള ഉപരോധങ്ങൾ റഷ്യയുടെ കയറ്റുമതി വരുമാനത്തെയും പുട്ടിൻ ഗവൺമെന്റിന്റെ സാമ്പത്തികസ്ഥിതിയെയും സാരമായി ഉലച്ചിട്ടുണ്ട്. അതേസമയം, സമ്മർദങ്ങൾക്കിടയിലും യുക്രെയ്നുമേലുള്ള ആക്രമണം കടുപ്പിക്കുകയാണ് പുട്ടിൻ. യുക്രെയ്ൻ സൈന്യം ഉപയോഗിക്കുന്ന ആയുധ കേന്ദ്രങ്ങൾ, ഗതാഗത സംവിധാനങ്ങൾ തുടങ്ങിയവ ഡ്രോണുകൾ, മിസൈലുകൾ, യുദ്ധ വിമാനങ്ങൾ എന്നിവ ഉപയോഗിച്ച് തകർത്തെന്ന് റഷ്യ വ്യക്തമാക്കി. റഷ്യ സമീപകാലത്ത് യുക്രെയ്നുമേൽ നടത്തുന്ന ഏറ്റവുംവലിയ ആക്രമണം കൂടിയായിരുന്നു ഇത്അതേസമയം, മറ്റു രാജ്യങ്ങളെ തീരുവകൊണ്ട് സമ്മർദത്തിലാക്കുന്ന ട്രംപ്, സ്വന്തം രാജ്യത്തെ കോടതിയിൽനിന്ന് ഏറ്റ തിരിച്ചടിമൂലം കടുത്ത പരിഭ്രാന്തിയിലാണ്. ട്രംപ് ഇന്ത്യയ്ക്കുമേൽ ഉൾപ്പെടെ പ്രഖ്യാപിച്ച തീരുവകൾ നിയമവിരുദ്ധവും ഇല്ലാത്ത അധികാര പ്രയോഗവുമാണെന്ന് ഇതിനകം രണ്ട് കോടതികൾ വിധിച്ചുകഴിഞ്ഞു. എങ്കിലും, സുപ്രീം കോടതിയിൽ അപ്പീൽ നൽകാനായി ഒക്ടോബർ 14വരെ വിധി മരവിപ്പിച്ചസ്ഥിതിക്ക് തീരുവകൾ ചുമത്തുന്നത് തുടരും.സുപ്രീംകോടതിയിലും തോറ്റാൽ രണ്ടാം ട്രംപ് ഭരണകൂടം വാങ്ങിക്കൂട്ടിയ തീരുവകളെല്ലാം അതത് രാജ്യങ്ങൾക്ക് തിരിച്ചുകൊടുക്കേണ്ടിവരും. ഇത് 13 ലക്ഷം കോടി രൂപയിലധികം (150 ബില്യൻ ഡോളർ) വരും. ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് പറയുന്ന കണക്കാകട്ടെ ഇതിലും പതിന്മടങ്ങ് അധികമാണ്. 750 ബില്യൻ മുതൽ ഒരു ട്രില്യൻ വരെ വരുമാനം നഷ്ടമാകുമെന്നാണ് അദ്ദേഹം പറയുന്നത്. സുപ്രീംകോടതിയെ സമ്മർദത്തിലാക്കാനുള്ള ശ്രമങ്ങൾ ട്രംപ് നടത്തുന്നുണ്ട്. തീരുവകൾ അസാധുവാക്കിയാൽ അമേരിക്കയുടെ സാമ്പത്തികസ്ഥിതി തകരുമെന്നും മൂന്നാംലോക രാജ്യമായി മാറുമെന്നും ട്രംപ് കോടതിയോട് പറഞ്ഞുകഴിഞ്ഞു. അതേസമയം, കോടതിയിൽ തോറ്റാൽ ‘പ്ലാൻ ബി’ പ്രയോഗിക്കാനുള്ള ശ്രമത്തിലാണ് ട്രംപ്. നിലവിൽ 50% വരെ തീരുവയാണ് ട്രംപ് വിവിധ രാജ്യങ്ങൾക്കുമേലായി ചുമത്തിയിട്ടുള്ളത്. സുപ്രീം കോടതിയിലും പ്രതികൂല വിധിയുണ്ടായാൽ ഇതു വെറും 15 ശതമാനത്തിലേക്ക് താഴും. ഈ സാഹചര്യമുണ്ടായാൽ 1930ലെ സ്മൂട്ട്-ഹോലി താരിഫ് ആക്ടിലെ സെക്ഷൻ 338 പ്രയോഗിക്കാനാണ് നീക്കം. മറ്റു രാജ്യങ്ങൾക്കുമേൽ 5 മാസത്തേക്ക് മാത്രം 50% തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരം നൽകുന്ന ചട്ടമാണിത്.
ഇന്ത്യയ്ക്കുമേൽ കൂടുതൽ നടപടിക്ക് ട്രംപ് ഒരുങ്ങിയാൽ അത് ഇനി ബാധിക്കുക, യുഎസിലുള്ള ഇന്ത്യക്കാരെയാകുമെന്ന സൂചനകളുമുണ്ട്. യുഎസിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കുമേലും താരിഫിന് സമാനമായ നടപടിയെടുക്കണമെന്ന് ചില ട്രംപ് അനുകൂലികൾ ആവശ്യപ്പെട്ടിരുന്നു. എച്ച്-1ബി വീസയിലും മറ്റും യുഎസിൽ എത്തിയവർക്കാണ് ‘തലവേദന’. പതറാതെ ഇന്ത്യ; കുതിച്ചുകയറാൻ ഓഹരികൾ രാജ്യാന്തര തലത്തിൽനിന്ന് പ്രതൂകൂലക്കാറ്റാണ് വീശുന്നതെങ്കിലും പതറാതെ മുന്നേറാനുള്ള ആവേശത്തിലാണ് ഇന്ത്യൻ വിപണി. ഗിഫ്റ്റ് നിഫ്റ്റി ഇന്നുരാവിലെ 100 പോയിന്റോളം ഉയർന്നത് സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ തുടങ്ങുമെന്ന സൂചന നൽകുന്നു. ജിഎസ്ടി സ്ലാബ് പരിഷ്കരണം, നിരക്കിളവ് എന്നിവ നൽകുന്ന ഊർജവും ഇന്ന് വിപണിയിൽ അലയടിച്ചേക്കും. കഴിഞ്ഞ വെള്ളിയാഴ്ച പക്ഷേ, ലാഭമെടുപ്പ് മൂലം സെൻസെക്സും നിഫ്റ്റിയും നേരിയ നഷ്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്.ജാപ്പനീസ് സൂചികയായ നിക്കേയ് 1.5% വരെ ഉയർന്നു. പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവയ്ക്കുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് കുതിപ്പ്. ചൈനയുടെ ഷാങ്ഹായ് 0.34%, ഹോങ്കോങ് സൂചിക 0.40% എന്നിങ്ങനെയും നേട്ടത്തിലാണ്. ചൈനയുടെ ഉടൻ പുറത്തുവരുന്ന ഓഗസ്റ്റിലെ കയറ്റുമതി കണക്കിലേക്കാണ് ഏവരുടെയും ഉറ്റുനോട്ടം.
യുഎസിൽ ഫ്യൂച്ചേഴ്സ് വിപണികൾ നേരിയ നഷ്ടത്തിലേക്ക് വീണു. കഴിഞ്ഞമാസത്തെ തൊഴിൽക്കണക്കുകൾ പ്രതീക്ഷകളെല്ലാം തകർത്ത് മോശമായത് വൻ തിരിച്ചടിയായിരുന്നു. ∙ യുഎസിന്റെ ഫാക്ടറികളുടെ പ്രവർത്തനമികവിന്റെ (പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ്) ബുധനാഴ്ചയും പണപ്പെരുപ്പക്കണക്ക് വ്യാഴാഴ്ചയും പുറത്തുവരുമെന്നത് നിർണായകമാണ്. കണക്കുകൾ നിരാശപ്പെടുത്തിയാൽ അമേരിക്ക കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെന്ന അടുത്ത സൂചനയായി അതുമാറും. സ്വർണവും എണ്ണയും സ്വർണവില രാജ്യാന്തര വിപണിയിൽ നേരിയ നഷ്ടത്തിലാണുള്ളത്. ഔൺസിന് 6 ഡോളർ താഴ്ന്ന് 3,590 ഡോളറിലാണ് വ്യാപാരം. എങ്കിലും തിരിച്ചുകയറ്റത്തിന്റെ സൂചന പ്രകടവുമാണ്. യുഎസിൽ പലിശനിരക്ക് താഴാനുള്ള സാധ്യതകൾ, ശമനമില്ലാത്തെ റഷ്യ-യുക്രെയ്ൻ യുദ്ധം എന്നിവയാണ് പ്രധാനകാരണങ്ങൾ. കഴിഞ്ഞവാരം രേഖപ്പെടുത്തിയ 3,599 ഡോളറാണ് റെക്കോർഡ്.
ക്രൂഡ് ഓയിൽ വില ഇടിവിനുള്ള നീക്കത്തിലാണ്. ഉൽപാദനം കൂട്ടണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടതും ഒക്ടോബർ മുതൽ ഉൽപാദനം കൂട്ടാൻ ഒപെക് പ്ലസ് തയാറാകുമെന്ന സൂചനകളുമാണ് കാരണം. നിലവിൽ ഡബ്ല്യുടിഐ, ബ്രെന്റ് വിലകൾ യഥാക്രമം ബാരലിന് 62, 66 ഡോളർ നിലവാരത്തിലാണുള്ളത്. ക്രൂഡ് വില ഇടിയുന്നത് ഇന്ത്യയ്ക്കുനേട്ടമാകും. ഉൽപാദനം കൂട്ടാനുള്ള തീരുമാനം വിലയെ 60 ഡോളറിനും താഴെ എത്തിച്ചേക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.