ഗാസ : തടവിലാക്കപ്പെട്ട ഇസ്രയേലി ബന്ദികളുടെ ചിത്രം പുറത്തുവിട്ട് ഹമാസ്. വിടവാങ്ങൽ ചിത്രം എന്ന കുറിപ്പോടെ ഹമാസിന്റെ സായുധ സേനാ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡാണ് ഗാസയിൽ ബന്ദികളാക്കപ്പെട്ട 47 പേരുടെ ചിത്രം പുറത്തുവിട്ടത്.
1986ൽ പിടിക്കപ്പെട്ട റോൺ ആരാദ് എന്ന ഇസ്രയേലി വ്യോമസേന ഉദ്യോഗസ്ഥന്റെ പേരാണ് എല്ലാ ബന്ദികൾക്കും നൽകിയിരിക്കുന്നത്. റോൺ ആരാദിന്റെ പേരിനൊപ്പം എല്ലാവർക്കും നമ്പറും നൽകിയിട്ടുണ്ട്. ഗാസയിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് ഹമാസിന്റെ നീക്കം.
‘‘ബെന്യാമിൻ നെതന്യാഹുവിന്റെ വിസമ്മതവും ലെഫ്റ്റനന്റ് ജനറൽ സമീറിന്റെ കീഴടങ്ങലും കാരണം ഗാസ സിറ്റിയിൽ സൈനിക നടപടികൾ ഉണ്ടാകുമ്പോൾ ഒരു വിടവാങ്ങൽ ചിത്രം’’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.
‘‘തടവുകാരെ ഗാസ നഗരത്തിന്റെ അയൽപക്കങ്ങളിൽ താമസിപ്പിച്ചിട്ടുണ്ട്. നെതന്യാഹു അവരെ കൊല്ലാൻ തീരുമാനിക്കാത്തിടത്തോളം കാലം അവരുടെ ജീവനെകുറിച്ച് ഞങ്ങൾക്ക് ആശങ്കയില്ല’’– അൽ ഖസ്സാം ബ്രിഗേഡ് പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രയേലി പ്രസിദ്ധീകരണമായ വൈനെറ്റിന്റെ റിപ്പോർട്ട് അനുസരിച്ച് 47 ബന്ദികളിൽ 20 പേർ മാത്രമേ ഇപ്പോൾ ജീവിച്ചിരിക്കുന്നുള്ളു. ഇതിൽ 2 പേരുടെ നില അതീവ ഗുരുതരമാണ്. 2024 ജനുവരി മുതൽ മാർച്ച് വരെയുള്ള സമയത്ത് ഹമാസ് 30 തടവുകാരെയാണ് വിട്ടയച്ചത്. 2000ത്തോളം പേരെയാണ് ഇസ്രയേൽ ഇതുവരെ വിട്ടയച്ചത്.അതിനിടെ ഗാസ നഗരത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ കഴിഞ്ഞ ദിവസം 14 പേർ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.