തിരൂർ; പിറന്നുവീഴും മുൻപേ മരിച്ചുവെന്നു ഡോക്ടർമാർ വിധിയെഴുതിയ പിഞ്ചുശരീരത്തിലെ ജീവന്റെ തുടിപ്പ് നഴ്സുമാരിലൊരാൾ യാദൃച്ഛികമായി തിരിച്ചറിഞ്ഞു.
അവളെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ ഒരു ആശുപത്രി സംവിധാനമൊന്നാകെ കൈകോർത്തപ്പോൾ പിറന്നതു സന്തോഷത്തിന്റെ പൊന്നോണം. മരണത്തിന്റെ തണുപ്പിൽനിന്ന്, നഴ്സ് ഗീതയുടെ കൈപിടിച്ചു ജീവിതത്തിലേക്കു തിരിച്ചുവന്ന മാലാഖക്കുഞ്ഞ് അമ്മയ്ക്കൊപ്പം ആശുപത്രിയിൽ സുഖമായിരിക്കുന്നു.തിരൂർ തലക്കടത്തൂർ അൽ നൂർ ആശുപത്രിയാണ് പിഞ്ചുകുഞ്ഞിന്റെ ‘പുനർജന്മ’ത്തിനു വേദിയായത്. രക്തസ്രാവം വന്ന പൂർണഗർഭിണിയെ ബുധനാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇവരുടെ ഗർഭകാല പരിശോധന മറ്റൊരു ആശുപത്രിയിലായിരുന്നു. കുഞ്ഞിനു ജീവനുണ്ടാകില്ലെന്ന സങ്കടവാർത്ത, അവസാന പരിശോധനയ്ക്കു ശേഷം കുടുംബത്തെ അറിയിച്ചിരുന്നു. പ്രസവത്തീയതി ആകുന്നതുവരെ വീട്ടിൽ വിശ്രമിക്കാനും നിർദേശിച്ചു. ആ കാത്തിരിപ്പിനിടയിലാണു രക്തസ്രാവമുണ്ടായത്. സ്ഥിരമായി കാണിക്കുന്ന ആശുപത്രിയിലേക്കു ദൂരം കൂടുതലായതിനാൽ അൽ നൂറിലേക്കു കൊണ്ടുവരികയായിരുന്നു.കാലുകൾ ആദ്യം പുറത്തുവരുന്ന ബ്രീച്ച് പൊസിഷനിലായിരുന്നു കുഞ്ഞ്. പൊക്കിൾക്കൊടി കഴുത്തിൽ ചുറ്റിയ നിലയിലായിരുന്നു. ഗൈനക്കോളജിസ്റ്റ് ഡോ.അലിഷ ഷാജഹാൻ, ശിശുരോഗ വിദഗ്ധൻ ഡോ.ഫവാസ് എന്നിവരുടെ മേൽനോട്ടത്തിൽ മെഡിക്കൽ സംഘം സാധാരണ പ്രസവം സാധ്യമാക്കി. ഓമനത്തമുള്ള പെൺകുഞ്ഞ്.
ദേഹത്താകെ നീലനിറം. കുഞ്ഞിനു ജീവനില്ലെന്നു നേരത്തേ ഡോക്ടർ അറിയിച്ചിരുന്നതിനാൽ പുറത്തുള്ളവർക്കു കൈമാറാനായി നഴ്സുമാരെ ഏൽപിച്ചു. കുഞ്ഞിനെ പൊതിഞ്ഞു കൈമാറുന്നതിനായി എത്തിയ മുതിർന്ന നഴ്സ് കെ.എം.ഗീതയ്‌ക്കു കുഞ്ഞിന്റെ പൊക്കിൾക്കൊടിയിൽ ജീവന്റെ മിടിപ്പ് അനുഭവപ്പെട്ടു. ഉടൻ സിപിആർ നൽകി. കരയാനായി കുഞ്ഞിന്റെ കാലിൽ അടിച്ചു. പല ശ്രമങ്ങൾക്കൊടുവിൽ കുഞ്ഞ് ശ്വാസമെടുത്തു. വിവരമറിയിച്ചപ്പോൾ ഡോക്ടർമാർ ഓടിവന്നു.പിന്നീട് ഒന്നര മണിക്കൂറോളം നീണ്ടുനിന്ന ശ്രമങ്ങൾക്കൊടുവിൽ കുഞ്ഞ് സാധാരണ നിലയിലായി. തിരൂർ സ്വദേശികളാണു രക്ഷിതാക്കൾ. തുടർചികിത്സകൾക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ടെന്ന് അൽ നൂർ ആശുപത്രി മാനേജർ കെ.ടി.അൻസാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.