ഹിരോഷിമ : അണുബോംബ് വിസ്ഫോടനത്തിന്റെ നടുക്കുന്ന ഓര്‍മയില്‍ ഇന്ന് ഹിരോഷിമ ദിനം. ജപ്പാനിലെ ഹിരോഷിമ നഗരത്തിലാണ് ഒരു ദേശത്തെ മുഴുവന്‍ തുടച്ചുനീക്കാന്‍ പ്രാപ്തിയുള്ള ആണവായുധം ആദ്യമായി വര്‍ഷിക്കുന്നത്. അതിഭയാനകമായ സംഹാരശക്തിയുടെ ആദ്യത്തെ ഇരകളാണ് ഹിരോഷിമയിലെ ജനത. 80 വര്‍ഷങ്ങള്‍ക്ക് ശേഷവും ആ ദിവസം ലോകത്തെയാകെ നടുക്കുന്ന ഓര്‍മ്മയായി അവശേഷിക്കുന്നു.
80 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു ഓഗസ്റ്റ് ആറിന് ജപ്പാന് സമയം രാവിലെ 8.15നാണ് ലോകം നടുങ്ങിയ ആ സംഭവം നടന്നത്. ഘടികാരങ്ങള്‍ നിലച്ചുപോയ നേരമെന്ന് ചരിത്രം അടയാളപ്പെടുത്തിയ സമയം. അമേരിക്കയുടെ എനോള ഗേ ബി29 ബോംബര്‍ വിമാനത്തില്‍ നിന്ന് ഹിരോഷിമയുടെ മുകളിലേക്ക് താഴ്ന്നിറങ്ങിയ ലിറ്റില്‍ ബോയ് എന്ന ആറ്റംബോംബില്‍നിന്ന് ആളിക്കത്തിയ അഗ്നിഗോളം, 370 മീറ്റര്‍ ഉയരത്തേക്ക് ജ്വലിച്ചുയര്‍ന്നു.
ആയിരം സൂര്യന്മാര് ഒന്നിച്ചു പൊട്ടിച്ചിതറിയതുപോലെ. അന്തരീക്ഷോഷ്മാവ് 4,000 ഡിഗ്രി സെല്‍ഷ്യസ് വരെയുയര്‍ന്നു. ഹിരോഷിമയാകെ വെന്തുരുകി. നഗരത്തിനരികിലൂടെ ഒഴുകുന്ന ഓഹിയോ നദി തിളച്ച് മറിഞ്ഞു. ചൂട് സഹിക്കാനാവാതെ നദിയിലേക്കെടുത്ത് ചാടിയവര്‍ വെള്ളത്തില്‍ കിടന്ന് വെന്ത് മരിച്ചു. മാനവ ചരിത്രത്തിലെ ഏറ്റവും ഭീകരമായ കൂട്ടക്കൊല.
വിമാനത്തിന്റെ പൈലറ്റായിരുന്ന പോള്‍ ടിബറ്റ് പിന്നീട് തന്റെ അനുഭവം ഓര്‍ത്തെടുക്കുന്നുണ്ട്. ‘ കോ-പൈലറ്റ് എന്റെ തോളില്‍ തട്ടി താഴേക്ക് നോക്കി നിലവിളിക്കുകയായിരുന്നു’ എന്നാണ് പോള്‍ ടിബറ്റ് പിന്നീട് പറഞ്ഞത്. കൊല്ലാന്‍ നിയോഗിക്കപ്പെട്ട, അതിനു തയ്യാറായി വന്നവരുടെ മനസിനെ പോലും ഉലച്ചുകളഞ്ഞ അസാമാന്യ ക്രൂരതയായിരുന്നു ഹിരോഷിമ.
ജീവനോടെ ബാക്കിയായവര്‍ അനുഭവിച്ച വേദനക്ക് സമാനതകളില്ല. മൂന്നര ലക്ഷം പേരുണ്ടായിരുന്ന ഹിരോഷിമയില്‍ അണുബോംബിന്റെ ആഘാതത്തില്‍ മരിച്ചത് 1,40,000 പേരായിരുന്നു. ആണവ പ്രസരം മൂലമുണ്ടായ കാന്‍സര്‍ പോലുള്ള രോഗങ്ങളാല്‍ പിന്നെയും ദശകങ്ങളോളം ആളുകള്‍ മരിച്ചുകൊണ്ടേയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.