മാനന്തവാടി: അൻപതിനായിരം രൂപ കൈക്കൂലിവാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് സംഘത്തിന്റെ പിടിയിലായി. മാനന്തവാടി താലൂക്കിലെ പയ്യമ്പള്ളി വില്ലേജ് ഓഫീസർ കെ.ടി. ജോസാണ് പിടിയിലായത്. തണ്ടപ്പേർ സർട്ടിഫിക്കറ്റിനായി എത്തിയ ആളോട് അൻപതിനായിരം രൂപ കൈക്കൂലിവേണമെന്നാണ് ജോസ് ആവശ്യപ്പെട്ടത്.
പയ്യമ്പള്ളി സ്വദേശിയാണ് വിജിലൻസിൽ പരാതിനൽകിയത്. പിതാവ് പരാതിക്കാരനു നൽകിയ പയ്യമ്പള്ളി വില്ലേജിലെ ഒണ്ടയങ്ങാടിയിലുള്ള 73 സെന്റ് വയലും 52 സെന്റ് കരഭൂമിയും അടങ്ങുന്ന വസ്തു ഇഷ്ടദാനമായി രജിസ്റ്റർചെയ്യാനാണ് തണ്ടപ്പേർ സർട്ടിഫിക്കറ്റ് ആവശ്യമായിവന്നത്.
ഇതിനായി ജൂലായ് 26-ന് അപേക്ഷ നൽകിയെങ്കിലും പലതവണ വില്ലേജ് ഓഫീസിലെത്തിയിട്ടും സർട്ടിഫിക്കറ്റ് ലഭിച്ചില്ല.നിരന്തരം വില്ലേജ് ഓഫീസറെ ബന്ധപ്പെട്ടപ്പോൾ പിതാവിന്റെ പേരിലുള്ള വസ്തു പാലക്കാടുള്ള മൈനറായ മറ്റൊരു വ്യക്തിയുടെ പേരിലാണെന്നും തണ്ടപ്പേർ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ബുദ്ധിമുട്ടാണെന്നുമാണ് അറിയിച്ചത്.
സ്ഥലം അളന്നുനോക്കിയതിനുശേഷം സർട്ടിഫിക്കറ്റിന്റെ കാര്യത്തിൽ വ്യക്തതവരുത്താമെന്നറിയിച്ച വില്ലേജ് ഓഫീസർ ജോസ് തിങ്കളാഴ്ച സ്ഥലത്തെത്തിയിരുന്നു. രാത്രി തന്റെ ഓഫീസ് മുറിയിൽ വിളിപ്പിച്ചശേഷമാണ് ജോസ് പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരൻ വിവരം വയനാട് വിജിലൻസ് ഡിവൈഎസ്‌പിയെ അറിയിച്ചതിനെ തുടർന്നാണ് വിജിലൻസ് സംഘം ചൊവ്വാഴ്ച എത്തിയത്.
പരാതിക്കാരന് വിജിലൻസ് സംഘം കൈമാറിയ നോട്ടുകെട്ടുകൾ വാങ്ങി ജോസ് തന്റെ കാറിൽ കയറവേയാണ് ചൊവ്വാഴ്ച വള്ളിയൂർക്കാവിൽവെച്ച് വിജിലൻസ് സംഘം പിടികൂടിയത്.
ജോസിനെ അടുത്തദിവസംതന്നെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്നും അഴിമതിസംബന്ധിച്ച വിവരങ്ങൾ ലഭിച്ചാൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900, 9447789100 (വാട്‌സാപ്പ്) വിവരങ്ങൾ നൽകണമെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ആവശ്യപ്പെട്ടു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.