തിരൂർ : തിരൂർ ജില്ലാ ആശുപത്രി ഓങ്കോളജി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉത്ഘാടനം ഓഗസ്റ്റ് 12 ന് ഉച്ചക്ക് 2.30 ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും. കുറുക്കോളി മൊയ്‌തീൻ എം. എൽ. എ അധ്യക്ഷത വഹിക്കും.
ഇതോടെ അർബുദ ചികിത്സാ രംഗത്ത് മലപ്പുറം ജില്ലയുടെയും പ്രത്യേകിച്ച് തിരൂരിന്റെയും ഒരു പതിറ്റാണ്ടു കാലത്തെ കാത്തിരിപ്പിനാണ് വിരാമമാവുന്നത്. 2015 ൽ സി. മമ്മുട്ടി എം. എൽ.എ മുൻകയ്യെടുത്താണ് അന്നത്തെ സർക്കാർ പ്രത്യേക ഉത്തരവിലൂടെ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് ഓങ്കോളജി സ്പെഷ്യാലിറ്റി ബ്ലോക്കിനായി 33.5 കോടി രൂപ അനുവദിച്ചത്. 2016 ഫെബ്രുവരിയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കെട്ടിടത്തിനു തറക്കല്ലിട്ടു.
പിന്നീട് നേരിട്ട സാമ്പത്തിക പ്രതിസന്ധിയും മറ്റു സാങ്കേതികത്വങ്ങളും മൂലം കെട്ടിട നിർമാണം ഭാഗികമായെങ്കിലും പൂർത്തീകരിക്കാൻ 6 വർഷമെടുത്തു.ഇതിനിടയിൽ നിർമാണം വൈകിയ കാരണത്താൽ നബാർഡ് ഫണ്ടിൽ ചെലവഴിക്കാതിരുന്ന 6.5 കോടി രൂപ ലാപ്സായി. ഏകദേശം 27 കോടി രൂപ മാത്രമാണ് ചെലവഴിക്കാനായത്.സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ കാൻസർ രോഗികളുള്ള മലപ്പുറം ജില്ലയിലെ പാവപ്പെട്ട രോഗികൾക്ക് ഏക പ്രതീക്ഷയായിരുന്നു തിരൂരിലെ ഓങ്കോളജി ബ്ലോക്ക്.
ഇത് പ്രവർത്തി പദത്തിലെത്തിക്കാൻ മലപ്പുറം ജില്ലാ പഞ്ചായത്ത് കഴിഞ്ഞ 3 വർഷങ്ങളിലായി വിവിധ ഘട്ടങ്ങളിൽ 7 കോടി രൂപയാണ് ചിലവഴിച്ചത്. 2022 ഓഗസ്റ്റിൽ പൊതു മരാമത്ത് വകുപ്പിൽ നിന്ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന് കെട്ടിടം കൈമാറിക്കിട്ടിയ ശേഷം കെട്ടിടം പ്രവർത്തന ക്ഷമമാക്കാൻ ജില്ലാ പഞ്ചായത്തിനും, എച്ച്. എം. സി ക്കും നിരവധി കടമ്പകളാണ് തരണം ചെയ്യേണ്ടി വന്നത്.70 ശതമാനം മാത്രം പൂർത്തിയായ ലിഫ്റ്റിന്റെ ബാക്കി പ്രവൃത്തികൾക്കായി ജില്ലാ പഞ്ചായത്തിന് 60 ലക്ഷം രൂപ ചെലവഴിക്കേണ്ടി വന്നു.നിലവിലുള്ള ജില്ലാ പഞ്ചായത്ത് ഭരണ സമിതിയുടെ കാലയളവിൽ തിരൂർ ജില്ലാ ആശുപത്രിയിൽ ഏറ്റവും അധികം എച്ച്. എം. സി. യോഗങ്ങൾ നടന്നത് ഓങ്കോളജി ബ്ലോക്ക് യഥാർഥ്യമാക്കുന്നത് സംബന്ധിച്ച അജൻഡയിലായിരുന്നു. ഓങ്കോളജി ബ്ലോക്കിന് ചുറ്റുമതിൽ നിർമ്മിക്കുന്നതിനു മാത്രം ജില്ലാ പഞ്ചായത്ത് 90 ലക്ഷം രൂപ ചിലവഴിച്ചു. കേന്ദ്രീകൃത ഓക്സിജൻ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനു ഒന്നര കോടി രൂപയും ആയതിലേക്കുള്ള അണ്ടർ ഗ്രൗണ്ട് ജല സംഭരണിക്കായി 25 ലക്ഷം രൂപ വേറെയും അനുവദിച്ചു. ദ്രവമാലിന്യ സംസ്കരണത്തിനായി സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് 3.25 കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് അനുവദിച്ചത്.
അതോടൊപ്പം മാനദണ്ഡ പ്രകാരമുള്ള അളവിൽ ഹാൻഡ് റെയിൽ മാറ്റി സ്ഥാപിക്കുന്നതിനും. 5, 6 നിലകളിൽ ടൈൽസ്, ഗ്രാനൈറ്റ്, സീലിംഗ് പ്രവൃത്തികൾക്കുമായി 2.5 കോടി രൂപയും ജില്ലാ പഞ്ചായത്ത് അനുവദിച്ചു. മുറ്റം ഇന്റർലോക്ക് ചെയ്തു നവീകരിക്കുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 30 ലക്ഷം വേറെ അനുവദിച്ചു. കെട്ടിടത്തിനു നമ്പർ ലഭിക്കുന്നതിനായി അഗ്നി ശമന വകുപ്പിൽ നിന്ന് നിരാക്ഷേപ പത്രം ലഭിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പിൽ നിന്ന് ചൂണ്ടിക്കാണിച്ച പ്രകാരമുള്ള 16 ന്യൂനതകൾ പരിഹരിക്കുന്നതിന് മാത്രം 70 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിലൂടെ ചിലവഴിച്ചത്.
തിരൂർ എം. എൽ. എ. കുറുക്കോളി മൊയ്‌തീൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ, എച്ച്.എം.സി. അംഗങ്ങൾ തുടങ്ങിയവർ വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമങ്ങളാണ് ഇപ്പോൾ വിജത്തിലെത്തിയിരിക്കുന്നത്.ഉത്ഘാടന ചടങ്ങിൽ കായിക ഹജ്ജ് വഖഫ് കാര്യ മന്ത്രി. വി. അബ്ദുറഹ്മാൻ, ഡോ. അബ്ദു സ്സമദ് സമദാനി എം. പി, ജില്ലാ കളക്ടർ വി ആർ. വിനോദ് ഐ. എ. എസ്, മുൻ എം.എൽ.എ. സി. മമ്മുട്ടി തുടങ്ങിയവർ വീശിഷ്ട അതിഥികളായി സംബന്ധിക്കും.
തങ്ങളുടെ ഭരണ സമിതി പടിയിറങ്ങുന്നതിന് മുൻപ് തന്നെ ഓങ്കോളജി കെട്ടിടം തുറന്നു കൊടുക്കാൻ കഴിയുന്നതിൽ അതിയായ ചരിതാർഥ്യമുണ്ടെന്നും, ഇവിടേക്ക് ആവശ്യമായ അധിക തസ്തികയും ലിനാക്ക് ഉൾപ്പെടെയുള്ള ചികിത്സാ സംവിധാനങ്ങളും സർക്കാർ എത്രയും വേഗം അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം എന്നിവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.