മുസാഫർപുർ: മകൻ തന്റെ വ്യാജ മരണസർട്ടിഫിക്കറ്റ് ഉണ്ടാക്കി കുടുംബസ്വത്ത് വിറ്റെന്ന് പിതാവിന്റെ പരാതി. മഹ്മദ്പുർ സ്വദേശിയായ 90 വയസുകാരനായ രാജ് നാരായൺ ഠാക്കൂറാണ് മകൻ ദിലീപ് ഠാക്കൂറിനെതിരെ പരാതിയുമായി ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിച്ചത്. രേഖകളിൽ താൻ മരിച്ചതായി കാണിച്ച് കുടുംബസ്വത്ത് രണ്ടുലക്ഷം രൂപയ്ക്ക് വിറ്റുവെന്ന് രാജ് നാരായൺ ഠാക്കൂർ ആരോപിച്ചു.
മുസാഫർപുരിലെ മഹ്മദ്പുർ ഗ്രാമത്തിലാണ് രാജ് നാരായൺ ഠാക്കൂറിന്റെ കുടുംബസ്വത്തായ ഭൂമിയുള്ളത്. രാജ് നാരായണും സഹോദരങ്ങളായ രാംജിനിഷ്, രാംപുകാർ എന്നിവർക്കും അവകാശമുള്ള നിയമപരമായി ഭാഗം വെച്ചിട്ടില്ലാത്ത ഈ ഭൂമി, ഇവരുടെ പിതാവായ മേത്തുര ഠാക്കൂറിൻ്റെ പേരിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സഹോദരങ്ങൾക്കിടയിൽ വാക്കാലുള്ള ഒരു ധാരണ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ഭൂമിക്ക് അതിർത്തി നിശ്ചയിക്കുകയോ വിഭജിക്കുകയോ ചെയ്തിട്ടില്ലെന്നും രാജ് നാരായൺ പറയുന്നു. ഈ ഭൂമിയാണ് തൻ്റെ അഞ്ചാമത്തെ മകനായ ദിലീപ് ഠാക്കൂർ വിറ്റതെന്നും ഇത് നിയമവിരുദ്ധമാണെന്നും കുടുംബത്തിൽ തർക്കങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിൽപ്പനയുടെ ആധാരവും രാജ് നാരായൺ ഹാജരാക്കി. ഇതിൽ രാജ് നാരായൺ മരിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. താൻ ജീവിച്ചിരിക്കെ, രേഖകളിൽ മരിച്ചതായി കാണിച്ച് ദിലീപ് മോത്തിപ്പൂർ രജിസ്ട്രാർ ഓഫീസിൽ വെച്ച് ഭൂമി രണ്ടുലക്ഷം രൂപയ്ക്ക് വിറ്റു. മോത്തിപ്പൂർ രജിസ്ട്രാർ ഓഫീസ് ഭൂമിയുടെ നേരിട്ടുള്ള പരിശോധന നടത്തിയിട്ടില്ല. തൻ്റെ അറിവോ സമ്മതമോ നിയമപരമായ അധികാരമോ ഇല്ലാതെ നടത്തിയ ഈ വഞ്ചനാപരമായ പ്രവർത്തനം തനിക്ക് കടുത്ത മാനസിക സംഘർഷവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കിയെന്നും രാജ് നാരായൺ പറഞ്ഞു.
വിൽപ്പനയെക്കുറിച്ച് ഉടനടി അന്വേഷിച്ച് വ്യാജ രജിസ്ട്രേഷനിൽ ഉൾപ്പെട്ടവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും നിയമവിരുദ്ധമായി നടത്തിയ ഈ കൈമാറ്റം റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് രാജ് നാരായൺ കോടതിയെ സമീപിച്ചത്. മകൻ ഒരു മദ്യപാനിയാണെന്നും മുൻപ് നിരവധി സ്വത്തുക്കൾ വിറ്റിട്ടുണ്ടെന്നും രാജ് നാരായൺ ആരോപിച്ചു. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിന് ബന്ധപ്പെട്ട സർക്കിൾ ഓഫീസർക്കും സ്റ്റേഷൻ ഹൗസ് ഓഫീസർക്കും ജില്ലാ മജിസ്‌ട്രേറ്റ് സുബ്രത് കുമാർ സെൻ നിർദേശം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.