കൊൽക്കത്ത : ദേശീയ പൗരത്വ റജിസ്റ്ററിന്റെ അടിസ്ഥാനത്തിൽ ബംഗ്ലദേശിലേക്ക് നാടുകടത്തപ്പെടുമെന്ന് ഭയന്ന് കൊൽക്കത്തയിലെ വീട്ടിൽ വയോധികൻ തൂങ്ങിമരിച്ചു. ധാക്കയിലെ നവാബ്ഗഞ്ചിൽ നിന്ന് 1972 ൽ കൊൽക്കത്തയിൽ എത്തിയ ദിലീപ് കുമാർ സാഹ എന്ന 63 വയസ്സുകാരനാണ് ആത്മഹത്യ ചെയ്തത്. തെക്കൻ കൊൽക്കത്തയിലെ ധകുരിയയിലെ സ്വകാര്യ സ്കൂളിൽ അനധ്യാപകനായി ജോലി ചെയ്യുകയായിരുന്നു ദിലീപ് കുമാർ.
‘‘ഭാര്യ അദ്ദേഹത്തെ പലതവണ വാതിലിൽ തട്ടി വിളിച്ചെങ്കിലും മുറിയിൽനിന്നു പ്രതികരണമൊന്നും ഉണ്ടായില്ല. തുടർന്ന് സമീപത്തെ വീട്ടിൽ നിന്ന് അവർ മരുമകളെ വിളിച്ചു. മരുമകളെത്തി വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ ദിലീപ് കുമാറിനെ കണ്ടെത്തിയത്.’’ – പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ദേശീയ പൗരത്വ റജിസ്റ്റർ നടപ്പിലാക്കിയ ശേഷം ബംഗ്ലദേശിലേക്ക് നാടുകടത്തപ്പെടുമെന്ന് ഭർത്താവ് ആശങ്കാകുലനായിരുന്നെന്ന് ദിലീപ് കുമാറിന്റെ ഭാര്യ ആരതി സാഹ പറഞ്ഞു. ‘‘കുറച്ചുനാളായി അദ്ദേഹം കടുത്ത സമ്മർദത്തിലായിരുന്നു. മറ്റു പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. കുട്ടിക്കാലത്ത് കൊൽക്കത്തയിൽ എത്തിയതായിരുന്നു അദ്ദേഹം. ബംഗ്ലദേശിലേക്ക് തിരിച്ചയക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക മുഴുവൻ.
അദ്ദേഹത്തിന്റെ കൈവശം വോട്ടർ ഐഡിയും മറ്റു രേഖകളും ഉണ്ടായിരുന്നു. ബംഗ്ലദേശിൽ അദ്ദേഹത്തിന് ആരുമില്ലായിരുന്നു. ഈ ഭയമാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചത്.’’ – ആരതി സാഹ പറഞ്ഞു. ദിലീപ് കുമാറിന്റെ വീട്ടിലെത്തിയ വൈദ്യുതി മന്ത്രിയും തൃണമൂൽ കോൺഗ്രസ് എംഎൽഎയുമായ അരൂപ് ബിശ്വാസ് കുടുംബാംഗങ്ങളുമായി സംസാരിച്ചു. രാജ്യത്ത് നിന്ന് പുറത്താക്കപ്പെടുമെന്ന ഭയമായിരുന്നു ദിലീപ് കുമാറിനെന്ന് അരൂപ് ബിശ്വാസ് പറഞ്ഞു. പൗരത്വ റജിസ്റ്റർ കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ മനോഭാവത്തിന്റെ പ്രതീകമാണ്. അതിന്റെ ഫലമാണ് ഇപ്പോൾ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.