ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ ബാങ്ക് ഹോളിഡേ വാരാന്ത്യം പെരുമഴയും ഫ്ളോറിസ് കൊടുങ്കാറ്റും കൊണ്ടുപോയി.ഇന്ന് പുലര്‍ച്ചയോടെ രൂപപ്പെട്ട കാറ്റ് നോര്‍ത്ത് പടിഞ്ഞാറന്‍ കൗണ്ടികളില്‍ മാത്രമല്ല,അയര്‍ലണ്ടില്‍ ഉടനീളം വ്യാപകമായ നാശം വിതച്ച് ആഞ്ഞടിക്കുകയാണ്.
മുമ്പ് പ്രവചിച്ചിരുന്നതില്‍ നിന്നും വഴിമാറിയാണ് ഫ്ലോറിസ് കൊടുങ്കാറ്റ് അയര്‍ലണ്ടിന്റെ അതിര്‍ത്തികളില്‍ സഞ്ചരിക്കുന്നത് എന്നതിനാല്‍ അപകട സാധ്യത കുറഞ്ഞെങ്കിലും പരമാവധി മണിക്കൂറില്‍ 100 കിലോമീറ്ററില്‍ കൂടുതല്‍ സ്പീഡില്‍ തന്നെയാണ് ഇപ്പോഴുമുള്ളത്. കൊടുങ്കാറ്റിന്റെ പാതയില്‍ നേരിട്ട് വരുന്ന സ്കോട്ട്ലന്‍ഡിന്റെ ചില ഭാഗങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ എത്താന്‍ സാധ്യതയുണ്ട്, ഇന്നും നാളെയും കൊടുങ്കാറ്റ് കടന്നുപോകുമ്പോള്‍ ഫെറികള്‍ മുതല്‍ വിമാനങ്ങള്‍ വരെ തടസ്സപ്പെടാന്‍ സാധ്യതയുണ്ട് എന്നും കാലാവസ്ഥാകേന്ദ്രം പറയുന്നു.ക്ലെയര്‍, ഗാല്‍വേ, മയോ, സ്ലൈഗോ, ഡൊണഗല്‍, കാവന്, ലൈട്രിം, മോനാഗന്‍ എന്നിവിടങ്ങളില്‍ മെറ്റ് ഐറാന് സ്റ്റാറ്റസ് യെല്ലോ വിന്‍ഡ് മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സ്റ്റോം ഫ്ലോറിസിന്റെ പാതയെ ആശ്രയിച്ച് ഇന്ന് വൈകുന്നേരം 4 മണി വരെ ഇവ നിലനില്ക്കും. ഡൊണഗല്‍, ഗാല്‍വേ, ലൈട്രിം, മായോ, സ്ലൈഗോ എന്നിവിടങ്ങളില്‍ മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്, ചില പ്രദേശങ്ങളില്‍ വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ESB നെറ്റ്വര്‍ക്കുകളുടെ അറ്റകുറ്റപ്പണി സംഘങ്ങള്‍ സജ്ജരാണ്. കൊടുങ്കാറ്റിനെ മുന്‍നിര്‍ത്തി മെറ്റ് ഏറാന്‍ ഇന്നലെ എട്ട് കൗണ്ടികള്‍ക്കായി മൂന്ന് യെല്ലോ അലേര്‍ട്ട് നല്കി.
നാശം വിതയ്ക്കുന്ന കാറ്റ്, അപകടകരമായ ഡ്രൈവിംഗ് സാഹചര്യങ്ങളുംകെട്ടിടങ്ങള്ക്ക് നാശനഷ്ടവും ചില പ്രദേശങ്ങളില്‍ വൈദ്യുതി തടസ്സങ്ങളുമുണ്ടാക്കിയേക്കാമെന്നാണ് മുന്നറിയിപ്പ്.വടക്ക്, വടക്ക് പടിഞ്ഞാറ് ഭാഗങ്ങളില്‍ വ്യാപകമായ മഴയ്ക്കും കാരണമാകും. മൂന്ന് യെല്ലോ അലേര്‍ട്ടുകളില്‍ ആദ്യത്തേത് ഇന്ന് പുലര്‍ച്ചെ 2 മണിക്ക് ക്ലെയര്‍, ഗോള്‍വേ, മായോ, സ്ലിഗോ കൗണ്ടികളില്‍ പ്രാബല്യത്തില്‍ വരും. മുന്നറിയിപ്പുകള്‍ ഉച്ചയ്ക്ക് 1 മണി വരെ ബാധകമാകും. കാവന്, ഡോണഗേല്‍, മോനഗന്‍, ലൈട്രിം എന്നിവിടങ്ങളില്‍ ഇന്ന് പുലര്‍ച്ചെ നാലുമുതല്‍ വൈകിട്ട് 4 വരെ പ്രത്യേക സ്റ്റാറ്റസ് യെല്ലോ വിന്റ് മുന്നറിയിപ്പും പ്രാബല്യത്തില്‍ വരും.മരങ്ങള്‍ കടപുഴകി വീഴാനും വൈദ്യുതി തടസ്സപ്പെടാനും തിരമാലകള്‍ തള്ളിക്കയറാനും പൊതുപരിപാടികള്‍ തടസ്സപ്പെടാനും സാധ്യതയുണ്ടെന്ന് മെറ്റ് ഏറാന്‍ മുന്നറിയിപ്പ് നല്കി. കനത്ത മഴയ്ക്കൊപ്പം ഇടിമിന്നലുമുണ്ടായേക്കാം.
ഈ പ്രദേശങ്ങളില്‍ പ്രാദേശിക വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.ഇന്ന് കാറ്റും മഴയും ക്രമേണ കുറവായിരിക്കുമെന്ന് നിരീക്ഷകന് പറയുന്നു.16സി മുതല്‍ 22സി വരെ പരമാവധി താപനില പ്രതീക്ഷിക്കാം.പടിഞ്ഞാറ് നിന്നെത്തുന്ന മഴയും വടക്ക് നിന്നെത്തുന്ന ഫ്ളോറിസ് കൊടുങ്കാറ്റും മൂലം ഇന്ന് രാത്രി നനവും കാറ്റുമുള്ളതായിരിക്കും.എന്നാല്‍ ചൊവ്വാഴ്ച തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെന്ന് മെറ്റ് ഏറാന്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.