ന്യൂഡൽഹി : വീട്ടിൽനിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമയെ സ്ഥാനത്തുനിന്ന് മാറ്റാനുള്ള നടപടികൾക്ക് (ഇംപീച്ച്മെന്റ്) തുടക്കമായതായി ലോക്സഭാ സ്പീക്കർ ഓം ബിർള. ഇതിനായി മൂന്നംഗ സമിതിയെ നിയമിച്ചതായി സ്പീക്കർ ലോക്സഭയെ അറിയിച്ചു.
എംപിമാർ നേരത്തെ ഇംപീച്ച്മെന്റ് നോട്ടിസ് നൽകിയിരുന്നു. വർമയെ പുറത്താക്കണമെന്നായിരുന്നു നോട്ടിസിലെ ആവശ്യം. നോട്ടിസ് അംഗീകരിച്ചാണ് സമിതിയെ നിയോഗിച്ചത്. സുപ്രീംകോടതി ജഡ്ജി സമിതി അധ്യക്ഷനായിരിക്കും. ഹൈക്കോടതി ജഡ്ജിയും നിയമവിദഗ്ധനും സമിതിയിലുണ്ടാകും. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നടപടികൾ. മൂന്നു മാസത്തിനകം സമിതി റിപ്പോർട്ട് നൽകണം. അടുത്ത സമ്മേളനം റിപ്പോർട്ട് പരിഗണിക്കും.
വസതിയിൽ നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തിൽ സുപ്രീംകോടതി അന്വേഷണ സമിതിയുടെ ശുപാർശയ്ക്കെതിരെ യശ്വന്ത് വർമ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. തന്റെ വിശദീകരണം കേൾക്കാതെയാണ് റിപ്പോർട്ട് തയാറാക്കിയതെന്നും അത് തള്ളണമെന്നും വർമ ആവശ്യപ്പെട്ടെങ്കിലും ഹർജി പരിഗണിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
അന്വേഷണ സമിതി ആവശ്യത്തിന് സമയം നൽകുകയും അഭിപ്രായം തേടുകയും ചെയ്തതായി കോടതി പറഞ്ഞു. ആ ഘട്ടത്തിൽ വർമ എതിർപ്പ് അറിയിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഡൽഹി ഹൈക്കോടതി ജഡ്ജി ആയിരുന്ന യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിലെ സ്റ്റോർ റൂമിൽ വൻതോതിൽ പണം കണ്ടെത്തിയതിനെ തുടർന്നാണ് സുപ്രീം കോടതി അന്വേഷണ സംഘത്തെ നിയോഗിച്ചത്.
യശ്വന്ത് വർമയ്‌ക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുന്നതായിരുന്നു റിപ്പോർട്ട്. പണം ഔദ്യോഗിക വസതിയിൽ സൂക്ഷിച്ചതിനു തെളിവുണ്ടെന്നും വർമയോ വർമയുമായി ബന്ധപ്പെട്ടവരോ അറിയാതെ വസതിയിൽ പണം സൂക്ഷിക്കാൻ ആകില്ലെന്നുമായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 64 പേജുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്. 55 പേരുടെ മൊഴി രേഖപ്പെടുത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്.
ഇപ്പോൾ അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജിയാണ് വർമ. പണം കണ്ടെത്തിയ സംഭവത്തിനു പിന്നാലെ ചുമതല നൽകാതെ അലഹബാദിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. സുപ്രീംകോടതിയുടെ ഫുള്‍ കോര്‍ട്ട് യോഗത്തിലാണ് വര്‍മയ്‌ക്കെതിരേ അന്വേഷണത്തിന് തീരുമാനമെടുത്തത്. യശ്വന്ത് വര്‍മയ്‌ക്കെതിരെ കടുത്ത നടപടി വേണമെന്ന് ചില ജഡ്ജിമാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. യശ്വന്ത് വർമയുടെ വീട്ടിൽ തീപിടിത്തം ഉണ്ടായപ്പോൾ തീ അണയ്ക്കാൻ വന്ന അഗ്നിരക്ഷാസേനയാണ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.