മോസ്കോ; റഷ്യൻ മോഡലും മിസ് യൂണിവേഴ്സ് 2017 മത്സരാർഥിയുമായ സേനിയ അലക്സാന്‍ദ്രോവ (30) വാഹനാപകടത്തിൽ മരിച്ചു. നാലു മാസം മുൻപായിരുന്നു സേനിയയുടെ വിവാഹം.
ജൂലൈ 5നാണ് റഷ്യയിലെ ത്വെർ ഒബ്ലാസ്റ്റിൽ വച്ച് സേനിയ അലക്സാന്‍ദ്രോവയും ഭർത്താവ് ഇല്യയും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഭർത്താവാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ സേനിയ, കോമയിലായിരുന്നു. ചികിത്സയ്ക്കിടെ ഈ മാസം 12നു മരണത്തിനു കീഴടങ്ങുകയായിരുന്നു. ഭർത്താവിന് നിസാര പരുക്കുകളെ ഉണ്ടായിരുന്നുള്ളൂ.സേനിയ അലക്സാന്‍ദ്രോവയുടെ മോഡലിങ് ഏജൻസിയായ മോഡസ് വിവെൻഡിസാണ് മരണം സ്ഥിരീകരിച്ചത്. ‘‘ഞങ്ങളുടെ സഹപ്രവർത്തകയും സുഹൃത്തും മോഡലുമായ സേനിയ അലക്സാന്‍ദ്രോവ അന്തരിച്ചു എന്ന വാർത്ത വളരെ ദുഃഖത്തോടെ അറിയിക്കുന്നു. വളരെ കഴിവുള്ളയാളായിരുന്നു സേനിയ. ചുറ്റുമുള്ള എല്ലാവർക്കും പ്രചോദനം നൽകാനും അവരെ പിന്തുണയ്ക്കാനും അവർക്ക് അറിയാമായിരുന്നു.
അവൾ ഞങ്ങൾക്ക് എന്നും സൗന്ദര്യത്തിന്റെയും ദയയുടെയും പ്രതീകമായി തുടരും. അവളുടെ മരണത്തിൽ ഞങ്ങളുടെ ദുഃഖം രേഖപ്പെടുത്തുകയും കുടുംബത്തിനും സുഹൃത്തുക്കൾക്കും സേനിയയെ അറിയാനുള്ള ഭാഗ്യം ലഭിച്ച എല്ലാവർക്കും ഞങ്ങളുടെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.’’ മോഡൽ ഏജൻസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
മാർച്ച് 22നായിരുന്നു സേനിയ അലക്സാന്‍ദ്രോവയും ഭർത്താവ് ഇല്യയും തമ്മിലുള്ള വിവാഹം. ഇതിന്റെ ചിത്രങ്ങൾ ഇവർ സമൂഹമാധ്യമങ്ങളിലൽ പങ്കുവച്ചിരുന്നു. 2017 ലെ മിസ് യൂണിവേഴ്സ് മത്സരത്തിൽ റഷ്യയെ പ്രതിനിധീകരിച്ച സേനിയ അലക്സാന്‍ദ്രോവ, ആ വർഷത്തെ മിസ് റഷ്യ ജേതാവുമായിരുന്നു. മോസ്കോ പെഡഗോഗിക്കൽ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദം നേടിയ അലക്സാന്‍ദ്രോവ, മനഃശാസ്ത്രജ്ഞയുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.