ന്യൂഡൽഹി; രാഹുൽ ഗാന്ധി നടത്തിയ ‘വോട്ടുകൊള്ള’ ആരോപണങ്ങളെ വിമർശിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ വാർത്താസമ്മേളനത്തെ പരിഹസിച്ച് കോൺഗ്രസ്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ കഴിവില്ലായ്മ മാത്രമല്ല പ്രകടമായ പക്ഷപാതവും പൂർണമായി തുറന്നുകാട്ടപ്പെട്ടിരിക്കുകയാണന്ന് കോൺഗ്രസ് ആരോപിച്ചു. ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിൽ ഒരു വിവേചനവും കാണിക്കുന്നില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അവകാശവാദങ്ങൾ പരിഹാസ്യമാണെന്നും പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഓഗസ്റ്റ് 14ലെ സുപ്രീം കോടതി ഉത്തരവുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ അക്ഷരാർഥത്തിൽ നടപ്പിലാക്കുമോ എന്നും ജയറാം രമേശ് ചോദിച്ചു.‘‘ഇന്ന്, രാഹുൽ ഗാന്ധി സസാറാമിൽ നിന്ന് ഇന്ത്യാ സഖ്യത്തിന്റെ വോട്ടർ അധികാർ യാത്ര ആരംഭിച്ചതിന് തൊട്ടുപിന്നാലെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിൽ ഒരു വിവേചനവുമില്ലെന്ന് പറഞ്ഞുകൊണ്ടാണ് വാർത്താസമ്മേളനം ആരംഭിച്ചത്. ഇതു വളരെ പരിഹാസ്യമാണ്. രാഹുൽ ഗാന്ധി ഉന്നയിച്ച ഒരു ചോദ്യത്തിനും തിരഞ്ഞെടുപ്പ് കമ്മിഷണർ അർഥവത്തായ ഉത്തരം നൽകിയില്ല എന്നത് ശ്രദ്ധേയമാണ്.’’– എക്‌സ് പോസ്റ്റിൽ ജയറാം രമേശ് പറഞ്ഞു.
വോട്ടർപട്ടികയിൽ ക്രമക്കേട് നടന്നെന്ന രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ പൂർണമായും തള്ളിക്കൊണ്ടായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താസമ്മേളനം. വോട്ട് കൊള്ള എന്ന ആരോപണം തെറ്റാണെന്നും വോട്ടർമാരുടെ ചിത്രങ്ങൾ അവരുടെ അനുവാദമില്ലാതെ പുറത്തുവിട്ടതിലൂടെ രാഹുൽ ഗാന്ധി അവരുടെ സ്വകാര്യത ലംഘിച്ചെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.
ഇത് ഭരണഘടനയെ അപമാനിക്കുന്ന നടപടിയാണെന്നും കമ്മിഷൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആരോപണങ്ങൾ ഉന്നയിക്കുന്നവർ കൃത്യമായ തെളിവുകൾ ഹാജരാക്കുന്നില്ല. വ്യാജ ആരോപണങ്ങളെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഭയപ്പെടുന്നില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.