ലക്നൗ : ഭർത്താവിന്റെ കൊലപാതകിയെ ഇല്ലാതാക്കി തനിക്ക് നീതി നൽകിയതിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് നന്ദി പറഞ്ഞ് സമാജ്‌വാദി പാർട്ടി എംഎൽഎ. പിന്നാലെ എംഎൽഎയെ പുറത്താക്കി സമാജ്‌വാദി പാർട്ടി.
എംഎൽഎ പൂജാ പാലിനെയാണ് യോഗിയെ പുകഴ്ത്തിയതിനു പിന്നാലെ എസ്‌പിയിൽനിന്ന് പുറത്താക്കിയത്. ഉത്തർപ്രദേശ് നിയമസഭയിൽ ‘വിഷൻ ഡോക്യുമെൻറ് 2047’ എന്ന വിഷയത്തിൽ നടന്ന മാരത്തൺ ചർച്ചയ്ക്കിടെയാണ് സമാജ്‌വാദി പാർട്ടി എംഎൽഎ യോഗിയെ പുകഴ്ത്തി പ്രസംഗം നടത്തിയത്.
‘‘എല്ലാവർക്കും അറിയാം എന്റെ ഭർത്താവിനെ കൊന്നതാരാണെന്ന്. എനിക്ക് നീതി ലഭ്യമാക്കിയതിനും മറ്റാരും കേൾക്കാതിരുന്നപ്പോൾ എന്നെ കേട്ടതിനും മുഖ്യമന്ത്രിയോട് നന്ദി പറയുന്നു. ആതിഖ് അഹമ്മദിനെപ്പോലെയുള്ള ക്രിമിനലുകളെ കൊല്ലുന്നതടക്കം കുറ്റകൃത്യങ്ങളോട് സന്ധിയില്ലാത്ത നയങ്ങൾ പ്രയാഗ്‌രാജിലെ എന്നെപ്പോലെയുള്ള അനേകം സ്ത്രീകൾക്ക് അദ്ദേഹം നീതി ലഭ്യമാക്കി.
ഇന്ന് മുഴുവൻ സംസ്ഥാനവും അദ്ദേഹത്തെ വിശ്വാസത്തോടെയാണ് നോക്കുന്നത്. എന്റെ ഭർത്താവിനെ കൊന്ന ആതിഖ് അഹമ്മദിനെ മണ്ണോടു ചേർക്കാനുള്ള ജോലി മുഖ്യമന്ത്രി ചെയ്തു’’–പൂജ പറഞ്ഞു. പുകഴ്ത്തൽ വിവാദമായതിനു പിന്നാലെയാണ് എസ‌്‌പി നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനം, അച്ചടക്ക ലംഘനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൂജയെ പുറത്താക്കിയത്.
പൂജയുമായുള്ള വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം 2005 ജനുവരി 25നാണ് രാജു പാൽ കൊല്ലപ്പെടുന്നത്. 2004ൽ പ്രയാഗ്‌രാജ് വെസ്റ്റിലെ ഉപതിരഞ്ഞെടുപ്പിൽ രാജു പരാജയപ്പെടുത്തിയത് ആതിഖ് അഹമ്മദിന്റെ സഹോദരൻ അഷ്റഫിനെയാണ്. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. 2023ൽ കേസിലെ പ്രധാന സാക്ഷി ഉമേഷ് പാലും വെടിയേറ്റു മരിച്ചു.
ദിവസങ്ങൾക്കകം ആതിഖിനെയും അഷ്റഫിനെയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പ്രയാഗ്രാജിലേക്ക് മെഡിക്കൽ പരിശോധനകൾക്കായി കൊണ്ടുപോകും വഴി പ്രതികൾ വെടിയേറ്റു മരിക്കുകയായിരുന്നു. തുടർന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ ആതിഖിന്റെ മകൻ ആസാദും ഏറ്റുമുട്ടലിൽ മരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.