മനോഹരമായ ഒരു സിനിമ പോലെയാണ് മുൻക്രിക്കറ്റ് താരം ഹർഭജൻ സിങ്ങിന്റെയും ഗീത ബസ്രയുടെയും പ്രണയകഥ. ഒരുമിച്ചുള്ള ജീവിതം ഒരു ദശാബ്ദം പിന്നിടുമ്പോൾ ഹർഭജനുമായി പ്രണയത്തിലായതിനെ കുറിച്ചും പിന്നീട് വിവാഹത്തിലെത്തിയതിനെ കുറിച്ചും തുറന്നു പറയുകയാണ് ഗീത.
ഭാരതി ടിവിക്കു നൽകിയ അഭിമുഖത്തിലായിരന്നു ഗീതയുടെ പ്രതികരണം. ഹർഭജനെ പരിചയപ്പെടുമ്പോൾ 21 വയസ്സായിരുന്നു ഗീതയുടെ പ്രായം. സുഹൃത്ത് യുവരാജ് സിങ്ങിനോടാണ് ഹർഭജന്‍ തന്റെ നമ്പർ ചോദിച്ചതെന്നും ഗീത വ്യക്തമാക്കി.
2006ൽ ഇമ്രാൻ ഹാഷ്മിയുടെ നായികയായി ദിൽ ദിയ ഹേ എന്ന ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു ഗീത ബസ്ര. ആ സമയത്ത് ഒരു സിനിമ പോസ്റ്ററിലാണ് ഹർഭജൻ ഗീതയെ ആദ്യമായി കാണുന്നത്. അവിടെയായിരുന്നു പ്രണയത്തിന്റെ തുടക്കമെന്നും ഗീത പറഞ്ഞു.
‘ഇക്കാര്യത്തിൽ അദ്ദേഹത്തിനു വളരെ വ്യക്തതയുണ്ടായിരുന്നു. പോസ്റ്ററിൽ എന്റെ ചിത്രം കണ്ടതോടെ അദ്ദേഹം പ്രണയത്തിലാകുകയിരുന്നു. പ്രഥമദൃഷ്ട്യാ പ്രണയത്തിലാവുക എന്നു പറയില്ലേ? അതുപോലെയായിരുന്നു. യുവിയോട് അദ്ദേഹം എന്റെ നമ്പർ ചോദിച്ചു. സ്വാഭാവികമായും യുവിക്ക് ഈ മേഖലയിൽ ധാരാളം സുഹൃത്തുക്കളുണ്ടാകുമല്ലോ.’– ഗീത പറഞ്ഞു. ഇന്ത്യ ലോകകപ്പ് നേടിയ സമയത്തായിരുന്നു അദ്ദേഹത്തിന് ആദ്യമായി ഒരു സന്ദേശമയച്ചതെന്നും ഗീത പറഞ്ഞു.
‘ ഇന്ത്യ ലോകകപ്പ് നേടി ഏതാനും ദിവസങ്ങൾക്കു ശേഷം ടീമിനെ അഭിനന്ദിച്ചുകൊണ്ട് ഞാൻ അദ്ദേഹത്തിന് ഒരു സന്ദേശം അയച്ചു. അതായിരുന്നു തുടക്കം. ഞങ്ങൾ സംസാരിക്കാൻ തുടങ്ങി. പിന്നീട് ഞങ്ങൾ പരസ്പരം കണ്ടു. അപ്പോൾ അദ്ദേഹത്തിന് എന്റെ കേവലം സൗഹൃദമല്ല വേണ്ടതെന്നു പറഞ്ഞു. വിവാഹം കഴിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം അറിയിച്ചു. വിശ്വസിക്കാനാകാതെ ‘വിവാഹമോ?’ എന്ന് ഞാൻ തിരിച്ചു ചോദിച്ചു. എനിക്ക് 21 വയസ്സായതേയുള്ളൂ എന്നും പറഞ്ഞു.’
അദ്ദേഹത്തിനു ആദ്യകാഴ്ചയിൽ തന്നെ പ്രണയം തോന്നിയെങ്കിലും 10 മാസമെടുത്താണ് വിവാഹത്തിനു സമ്മതമാണെന്ന് അറിയിച്ചതെന്നും ഗീത ഓർത്തു. ‘നിങ്ങൾ 300 വിക്കറ്റ് തികയ്ക്കുന്ന ദിവസം ഞാൻ തീരുമാനം അറിയിക്കാമെന്നായിരുന്നു ഞാൻ അദ്ദേഹത്തോടു പറഞ്ഞിരുന്നത്. ഏതാനും ദിവസങ്ങൾക്കകം അദ്ദേഹം 300 വിക്കറ്റെടുത്തു. ഇനി നമുക്കൊരു ഷോട്ട് ആകാം എന്നു ഞാൻ പറഞ്ഞു.’– ഗീത കൂട്ടിച്ചേർത്തു. 2015ലാണ് ഹർഭജൻ സിങ്ങും ഗീത ബസ്രയും വിവാഹിതരായത്. ദമ്പതികൾക്ക് രണ്ടു കുട്ടികളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.