കോഴിക്കോട് ;ലഹരി ഇടപാടുമായി ബന്ധപ്പെട്ട് സഹോദരൻ പി.കെ.ബുജൈറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഇടപെടില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്.
തെറ്റു ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം. സഹോദരനായി താനോ കുടുംബമോ ഇടപെടില്ല. തന്റെ രാഷ്ട്രീയത്തെ വിമർശിക്കുന്ന ആളാണ് സഹോദരനെന്നും ഫിറോസ് പറഞ്ഞു. അറസ്റ്റിൽ പി.കെ.ഫിറോസിനെതിരെ വ്യാപകമായി രാഷ്ട്രീയ വിമർശനങ്ങൾ ഉയർന്നതോടെയാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ട് നിലപാട് വ്യക്തമാക്കിയത്.ഒരാൾ ചെയ്ത കുറ്റത്തിനു കുടുംബത്തിലെ മറ്റു വ്യക്തികളെ ചേർത്തു പറഞ്ഞു പഴിചാരുന്നത് ശരിയായ പ്രവണതയല്ല.
ലഹരി ഇടപാട് നടത്തിയിരുന്ന റിയാസ് തൊടുകയിൽ എന്ന വ്യക്തിയുമായി മൊബൈൽ ചാറ്റ് നടത്തിയെന്ന് പൊലീസ് ആരോപിക്കുമ്പോഴും സിപിഎം പ്രവർത്തകനായ റിയാസ് തൊടുകയിലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാനുള്ള കാരണമെന്താണെന്നത് സംശയം ഉളവാക്കുന്നതാണ്. റിയാസിനെ പൊലീസ് സ്റ്റേഷനിൽനിന്ന് ഇറക്കി കൊണ്ടുപോയത് സിപിഎമ്മിന്റെ ലോക്കൽ കമ്മിറ്റി നേതാക്കൾ ഉൾപ്പെടെയുള്ളവരാണ്. ഇതു മറച്ചുവച്ചു കൊണ്ടാണ് സൈബർ സഖാക്കൾ വ്യാജ പ്രചാരണം നടത്തുന്നത്.
സഹോദരനെതിരെയുള്ള കേസിൽ താനോ തന്റെ പാർട്ടിയോ ഈ നിമിഷം വരെ ഇടപെട്ടിട്ടില്ല. ഇനി ഇടപെടുകയുമില്ല. കെ.ടി.ജലീലിനും ബിനീഷ് കൊടിയേരിക്കും തന്നോടുള്ള വ്യക്തി വൈരാഗ്യത്തിനു കാരണം മലയാളിക്ക് ബോധ്യമുള്ളതാണ്. അധികാരത്തിന്റെ തണലിൽ നിന്ന് കൊള്ളരുതായ്മകൾ കാണിച്ചാൽ ഇനിയും ശക്തമായി പ്രതികരിക്കും. തന്റെ വായ മൂടികെട്ടാൻ കഴിയില്ലെന്നും പി.കെ. ഫിറോസ് പറഞ്ഞു.ലഹരി മരുന്ന് ഇടപാട് അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിച്ച കേസിലാണ് ഇന്നലെ ബുജൈർ അറസ്റ്റിലായത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ചൂലാംവയൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ബുജൈർ പൊലീസിനെ ആക്രമിച്ചത്. ആക്രമണത്തിൽ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്രീജിത്തിനു പരുക്കേറ്റു. ബുജൈറിന്‍റെ വാഹന – ദേഹ പരിശോധനയിൽ ലഹരി ഒന്നും കണ്ടെത്താനായില്ല. എന്നാൽ ലഹരി മരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ പൊലീസ് കണ്ടെത്തി.
ലഹരി പരിശോധനയ്ക്കിടെ കഴിഞ്ഞ ദിവസം കുന്ദമംഗലം പൊലീസ് റിയാസ് എന്നയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ റിയാസിന്റെ ഫോണിലെ ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് ബുജൈറിനെ പിടികൂടിയത്. പൊലീസിനെ ആക്രമിച്ചതിനുള്ള കുറ്റങ്ങളാണ് നിലവിൽ ബുജൈറിനെതിരെ ചുമത്തിയത്. ബുജൈർ അറസ്റ്റിലായതിനു പിന്നാലെ സഹോദരൻ പി.കെ.ഫിറോസ് യൂത്ത് ലീഗ് അധ്യക്ഷ സ്ഥാനം രാജിവച്ച് മാതൃക കാണിക്കുമോ എന്ന് ബിനീഷ് കോടിയേരി ചോദിച്ചിരുന്നു.
പി.കെ.ഫിറോസിന്റെ പങ്കും അന്വേഷിക്കണം. പി.കെ. ബുജൈറിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. മുൻപ് പല കേസുകളിലും പി.കെ.ഫിറോസും യൂത്ത് ലീഗും എടുത്ത നിലപാട് ഇവിടെയും ആവർത്തിക്കുമോ എന്നും ധാർമികത തന്നെയാണ് ഇവിടെയും ചർച്ചയാവുന്നതെന്നും ബിനീഷ് കോടിയേരി പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.