ശ്രീനഗർ :ജമ്മു കശ്മീരിനെ കാത്തിരിക്കുന്നതു സംസ്ഥാനപദവിയോ അതോ വീണ്ടുമൊരു വിഭജനമോ എന്ന ചർച്ച സജീവമാകുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കുകയും സംസ്ഥാനം 2 കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന്റെ ആറാം വാർഷികവേളയിലാണിത്.
2019 ഓഗസ്റ്റ് 5ന് ആണ് സംസ്ഥാനത്തിന്റെ പ്രത്യേക പദവി ഒഴിവാക്കുകയും ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്. വാർഷികവേളയിൽ സംസ്ഥാനപദവി പുനഃസ്ഥാപിക്കുമെന്ന് അഭ്യൂഹമുയർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ടതോടെ ചർച്ചകൾ ചൂടുപിടിച്ചെങ്കിലും വാർഷികദിനം കഴിഞ്ഞ് 3 ദിവസമായിട്ടും പ്രഖ്യാപനമുണ്ടായില്ല.
ഇതോടെയാണ്, കശ്മീരിനെ നിയമസഭയില്ലാത്ത കേന്ദ്രഭരണപ്രദേശമാക്കി ജമ്മുവിനു സംസ്ഥാനപദവി നൽകുമെന്ന ചർച്ച സജീവമായത്. സംസ്ഥാനപദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കശ്മീരിൽനിന്നുള്ള അഹമ്മദ് ബട്ട്, ഖുഷിർ അഹമ്മദ് മാലിക് എന്നിവർ സമർപ്പിച്ച ഹർജി ഇന്നു സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. ഇതു കാരണമാണ് കേന്ദ്ര പ്രഖ്യാപനം വൈകുന്നതെന്ന് അഭിപ്രായമുണ്ട്. ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്ന പ്രഖ്യാപനം നടത്തുമോയെന്നാണ് ആകാംക്ഷ
‘ഭാഗ്യവശാൽ മോശമായതൊന്നും സംഭവിക്കില്ല. നിർഭാഗ്യവശാൽ നല്ലതും സംഭവിക്കില്ല’ – മുഖ്യമന്ത്രി ഒമർ അബ്ദുല്ല കഴിഞ്ഞദിവസം സമൂഹമാധ്യമത്തിൽ ഇങ്ങനെയാണു കുറിച്ചത്. ഇതിൽ ‘മോശം’ എന്ന് ഉദ്ദേശിച്ചത് മറ്റൊരു വിഭജനം ആണെന്നു രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു; ‘നല്ലത്’ സംസ്ഥാനപദവി പുനഃസ്ഥാപിക്കലും. കഴിഞ്ഞ ഒക്ടോബറിൽ അധികാരമേറ്റതു മുതൽ ഒമർ സംസ്ഥാനപദവി ആവശ്യപ്പെടുന്നുണ്ട്. വിഭജനം മതവേർതിരിവ് ഉണ്ടാക്കുമെന്ന് ആശങ്ക ചർച്ചയിലുള്ള വിഭജനം മേഖലയെ മതാടിസ്ഥാനത്തിൽ വേർതിരിക്കുമെന്ന ആശങ്ക പലരും ഉയർത്തുന്നുണ്ട്.
ബിജെപിക്കു ഭരണമുറപ്പിക്കാൻ ഹിന്ദു ഭൂരിപക്ഷ ജമ്മുവിനൊപ്പം തെക്കൻ കശ്മീരിലെ അനന്ത്നാഗ് – രജൗറി ലോക്സഭാ മണ്ഡലവും ഉൾപ്പെടുത്തിയാകും സംസ്ഥാനപദവി പുനഃസ്ഥാപിക്കുകയെന്നാണു പറയപ്പെടുന്നത്. പട്ടികവിഭാഗക്കാർ ഏറെയുള്ള മേഖലയാണിത്. അതേസമയം, മുസ്‌ലിം ഭൂരിപക്ഷമുള്ള കശ്മീരാകട്ടെ കേന്ദ്രത്തിന്റെ പിടിയിൽ തുടരുമെന്നും ഇത് ആർഎസ്എസിന്റെ ആശയമാണെന്നും പറയപ്പെടുന്നു. ഇങ്ങനെയൊരു നീക്കം കശ്മീരിൽ കേന്ദ്രവിരുദ്ധ വികാരം ശക്തിപ്പെടുത്തുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.