കൊച്ചി : രാസലഹരി ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലെത്തിച്ച് വിൽപന നടത്തിയിരുന്ന സംഘത്തിലെ ഒരാള്‍ പിടിയിൽ. എറണാകുളം വൈറ്റില കണ്ണമ്പിള്ളി വീട്ടിൽ ആൽഫ്രിൻ കെ.സണ്ണി (27)യാണ് ഡാൻസാഫിന്റെ പിടിയിലായത്. ഇയാൾ ഉപയോഗിച്ചിരുന്ന വാഹനത്തിൽ നിന്ന് 277.21 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.
ബെംഗളൂരുവിൽ നിന്ന് സ്ഥിരമായി ലഹരി മരുന്ന് എത്തിച്ചിരുന്നുവെന്ന വിവരത്തെ തുടർന്ന് കുറച്ചു കാലമായി ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു ആൽഫ്രിനും ഇയാളുടെ സുഹൃത്തായ എളമക്കര സ്വദേശി സച്ചിനും.
ഇന്നലെ വെളുപ്പിനെ ഒന്നരയോടെ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് വൈറ്റില ചളിക്കാവട്ടത്തുള്ള വീടിനടുത്തു നിന്ന് ആൽഫ്രിനെ കണ്ടെത്തുന്നതും തുടർന്ന് കസ്റ്റഡിയിലെടുക്കുന്നതും. തുടർന്നു നടത്തിയ പരിശോധനയിലാണ് വീടിനു സമീപത്തു പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ പുറകിലെ ഡോറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്.
ഓണം അടുത്തതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരിയൊഴുക്ക് വർധിച്ചിട്ടുണ്ടെന്നാണ് ഡാൻസാഫ്, എക്സൈസ് സംഘങ്ങൾ നൽകുന്ന വിവരം. രാസലഹരി കൂടുതലായി ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്നെത്തുമ്പോൾ കഞ്ചാവ് പോലുള്ളവ ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നുമാണ് എത്തുന്നത്. ഇതിന് ഉപയോഗിക്കുന്നതാകട്ടെ കൂടുതലും ഇതര സംസ്ഥാന തൊഴിലാളികളെയും. തായ്‌ലൻഡ് ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവും വിമാന മാർഗം ധാരാളമായി കൊച്ചിയിലേക്കെത്തുന്നുണ്ട്. ബെംഗളൂരുവിൽ നിന്നുള്ള രാസലഹരി കടത്ത് ഓണം പ്രമാണിച്ച് വർധിക്കുന്നു എന്ന വിവരത്തെ തുടർന്ന് പരിശോധനകളും കർശനമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.