മാന്നാർ: ആലപ്പുഴ ചെന്നിത്തലയിൽ തെരുവ് നായ്ക്കള്‍ അഞ്ഞൂറിലധികം താറാവുകളെ കടിച്ചു കൊന്നു. ചെന്നിത്തല തൃപ്പെരുന്തുറ പടിഞ്ഞാറെവഴി മൂന്നുതെങ്ങിൽ ഷോബിൻ ഫിലിപ്പി (മോനച്ചൻ)ന്റെ ഫാമിൽ സൂക്ഷിച്ചിരുന്ന അഞ്ഞൂറിലധികം താറാവുകളെയാണ് തെരുവുനായ്ക്കൾ ആക്രമിച്ച് കൊന്നത്.
എട്ട് മാസം പ്രായമുള്ളതും, മുട്ട ഇട്ടു തുടങ്ങിയതുമായ താറാവുകളെയാണ് നായ്ക്കൾ കടിച്ചു കൊന്നത്. മുട്ടകൾ ശേഖരിക്കാൻ ഇന്നലെ പുലർച്ചയോടെ ഷെഡിൽ എത്തിയപ്പോഴാണ് ഷോബിൻ താറാവുകൾ കുട്ടത്തോടെ ചത്തു കിടക്കുന്നത് കാണുന്നത്.
പ്ലാസ്റ്റിക് വലകൊണ്ട് മൂടിയിരുന്ന വലിയ ഷെഡിൽ ഉണ്ടായിരുന്ന എണ്ണൂറോളം താറാവുകളിൽ അവശേഷിച്ചത് അർദ്ധ പ്രാണരായ ഏതാനും താറാവുകൾ മാത്രമായിരുന്നു. കഴിഞ്ഞ ഡിസംമ്പറിൽ മുട്ട വിരിക്കുന്ന യന്ത്രത്തിൽ വിരിയിച്ച് ആവശ്യമായ പ്രതിരോധ മരുന്നുകളും തീറ്റയും നൽകി വളർത്തി വലുതാക്കിയ മുട്ടത്താറാവുകളെയാണ് നായ്ക്കൾ കടിച്ചു കൊന്നത്. കഴിഞ്ഞ ജൂൺ മാസത്തിൽ താറാവ് രോഗത്താൽ എണ്ണായിരത്തോളം താറാവുകളാണ് ഈ കർഷകന് നഷ്ടമായത്.
ഏറെ താറാവു കർഷകരുണ്ടായിരുന്ന ചെന്നിത്തലയിൽ ഇന്ന് വിരലിലെണ്ണാവുന്നവർ മാത്രമാണുള്ളത്. ഇപ്പോൾ ഇൻഷുറൻസ് പരിരക്ഷ പോലും ലഭിക്കാത്ത കൃഷിയാണ് താറാവുകൃഷിയെന്നും രോഗത്താലോ ഇത്തരം അക്രമത്താലോ താറാവുകൾ ചത്തുപോയാൽ ഒരു സഹായവും കിട്ടാറില്ലന്ന് ഷോബി പറഞ്ഞു.
സ്വർണ്ണാഭരണങ്ങൾ പണയം വച്ചും ബാങ്ക് വായ്പകളിലൂടെയുമാണ് താറാവ് കൃഷി നടത്തുന്നതെന്നും ആത്മഹത്യയുടെ വക്കിലാണെന്നും ഷോബി വേദനയോടെ പറഞ്ഞു. മുട്ടയിടുന്ന താറാവായതിനാൽ ഏകദേശം രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പോൾട്ടറി ഡക്ക് ആൻഡ് ഫാർമേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ ചെയർമാൻ ബി രാജശേഖർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.