ആലപ്പുഴ: അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വീയപുരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്ക് ആലപ്പുഴ അസിസ്റ്റന്റ് സെഷൻസ് കോടതി 19 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. ആലപ്പുഴ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി രേഖ ലോറിയനാണ് വിധി പ്രസ്താവിച്ചത്. വീയപുരം ചെറുതന വില്ലേജിൽ തോപ്പിൽ വീട്ടിൽ സുരേഷിനെയാണ് കോടതി (54) ശിക്ഷിച്ചത്.
2018 ജൂൺ 27ന് രാവിലെ ഏഴ് മണിക്ക് ചെറുതന തെക്കുമുറിയിൽ അശ്വതി ഭവനിൽ പ്രമോദ് ലാൽ (47) എന്നയാളെ കൊലപ്പെടുത്താൻ ഉദ്ദേശിച്ച് സുരേഷ് വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചതാണ് കേസിനാസ്പദമായ സംഭവം. പ്രമോദ് ലാലിന്റെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി, ഭാര്യ ആശയുടെ മുന്നിൽവെച്ചാണ് പ്രതി ആക്രമണം നടത്തിയത്.
തലയ്ക്ക് ലക്ഷ്യമിട്ട് വെട്ടിയപ്പോൾ പ്രമോദ് ലാൽ കൈകൊണ്ട് തടഞ്ഞതിനാൽ വലതുകൈപ്പത്തി മുറിഞ്ഞുപോയി. ഇടതുകൈയ്ക്കും ഗുരുതരമായി വെട്ടേറ്റതിനെ തുടർന്ന് ആശുപത്രിയിൽ വെച്ച് പ്രമോദ് ലാലിന്റെ ഇടതുകൈ മുറിച്ചുമാറ്റേണ്ടിവന്നു. മുൻവിരോധമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതി സുരേഷിനെ പട്ടി കടിപ്പിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിലേക്ക് നയിച്ചത്.
ആശയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വീയപുരം പൊ ലീസ് സ്റ്റേഷനിലെ എ. എസ്. ഐ. ബാലു എഫ്ഐആർ രജിസ്റ്റർ ചെയ്തു. സബ് ഇൻസ്പെക്ടർമാരായ വി. ആർ. ജഗദീഷ്, പി. ജെ. ടോൾസൺ, ഷെഫീക്ക് എ. എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. കേസിൽ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി. പ്രവീൺ ഹാജരായി. സിവിൽ പോലീസ് ഓഫീസർ പി. എ. അനീഷ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.