ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചു.
ഉക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പങ്കുവയ്ക്കാനാണ് പുടിന്‍ മോദിയുമായി ആശയവിനിമയം നടത്തിയത്. വെടിനിര്‍ത്തല്‍ കരാറുകളില്ലാതെ അവസാനിച്ച അലാസ്‌കയിലെ ഉന്നതതല ഉച്ചകോടിക്ക് ശേഷം ആദ്യമായാണ് പുടിന്‍ മോദിയുമായി ആശയവിനിമയം നടത്തുന്നത്.ഫോണ്‍ സംഭാഷണത്തിന് ശേഷം, ഉക്രെയ്ന്‍ സംഘര്‍ഷം സമാധാനപരമായി പരിഹരിക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഈ വിഷയത്തിലുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
'അലാസ്‌കയില്‍ പ്രസിഡന്‍റ് ട്രംപുമായുള്ള സമീപകാല കൂടിക്കാഴ്ചയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ പങ്കുവെച്ചതിന് സുഹൃത്ത് പ്രസിഡന്റ് പുടിന് നന്ദി. ഉക്രെയ്ന്‍ സംഘര്‍ഷം സമാധാനപരമായി പരിഹരിക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്, അതുമായി ബന്ധപ്പെട്ട എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുന്നു.
വരും ദിവസങ്ങളില്‍ നമ്മുടെ തുടര്‍ ആശയവിനിമയങ്ങള്‍ക്കായി ഞാന്‍ പ്രതീക്ഷിക്കുന്നു.- മോദി തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി.അലാസ്ക ഉച്ചകോടിക്ക് പത്ത് ദിവസം മുൻപ് മോദിയും പുടിനും വിശദമായി ഫോണില്‍ സംസാരിച്ചിരുന്നു. യുഎസ് താരിഫുകൾ സൃഷ്ടിക്കുന്ന ആഗോള വ്യാപാര അനിശ്ചിതത്വമായിരുന്നു ചർച്ചാ വിഷയം.
മോസ്കോയിൽ നിന്ന് ഡൽഹി കുറഞ്ഞ വിലയ്ക്ക് അസംസ്കൃത എണ്ണ വാങ്ങുന്നത് തുടരുന്നതിനാൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം 'പെനാൽറ്റി' തീരുവ ചുമത്തുമെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു. ഉക്രെയ്നിലെ യുദ്ധത്തിന് 'ധനസഹായം' നൽകുകയാണ് ഇന്ത്യ ചെയ്യുന്നതെന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ, ഈ നീക്കം 'അന്യായവും, നീതീകരിക്കാത്തതും, യുക്തിരഹിതവും' ആണെന്ന് ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു.
ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം 'പെനാൽറ്റി' തീരുവ ചുമത്തുമെന്ന ട്രംപിന്‍റെ പ്രഖ്യാപനം ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. എന്നാൽ, ഊർജ്ജ ആവശ്യങ്ങൾ കൂടുതലുള്ള വികസ്വര രാജ്യമായ ഇന്ത്യയ്ക്ക്, കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭിക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ആവശ്യത്തിന് ഊർജ്ജം ലഭിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾക്ക് ഉയർന്ന വിലയ്ക്ക് എണ്ണ വാങ്ങാൻ കഴിയും. 1.4 ബില്യൺ ജനങ്ങളുടെ ഊർജ്ജ ആവശ്യങ്ങൾ സന്തുലിതമാക്കേണ്ടതിനാൽ, നിലവിലെ നയം തുടരാൻ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.
അതേസമയം, കൂടാതെ, റഷ്യന്‍ പ്രസിഡന്‍റ് വ്‌ലാഡിമിര്‍ പുടിനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ഉക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ, ത്രികക്ഷി കൂടിക്കാഴ്ചയ്ക്കുള്ള സാധ്യതകളും സജീവമാകുന്നുണ്ട്.
ഉക്രെയ്ന്‍ പ്രസിഡന്‍റ് വോളോഡിമര്‍ സെലെന്‍സ്‌കിയാണ് ഈ നീക്കത്തിന് മുന്‍കൈയെടുക്കുന്നത്. ഉക്രെയ്നിന്റെ പങ്കാളിത്തമില്ലാതെ അലാസ്‌കയില്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ, ട്രംപുമായി സെലെന്‍സ്‌കി ഫോണില്‍ സംസാരിക്കുകയും ത്രികക്ഷി ചര്‍ച്ചകള്‍ക്ക് റഷ്യ തയാറാകാത്ത പക്ഷം കൂടുതല്‍ ശക്തമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
Thank my friend, President Putin, for his phone call and for sharing insights on his recent meeting with President Trump in Alaska. India has consistently called for a peaceful resolution of the Ukraine conflict and supports all efforts in this regard. I look forward to our…
— Narendra Modi (@narendramodi) August 18, 2025
ത്രികക്ഷി കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ താന്‍ തയ്യാറാണെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്, 'അവര്‍ രണ്ടുപേരും എന്നെ അവിടെ ആഗ്രഹിക്കുന്നു, ഞാന്‍ അവിടെ ഉണ്ടാകും' എന്നാണ് ട്രംപ് വ്യക്തമാക്കിയത്. ത്രികക്ഷി കൂടിക്കാഴ്ച ഉക്രെയ്ന്‍-റഷ്യ സംഘര്‍ഷത്തിന് ഒരു രാഷ്ട്രീയ പരിഹാരം കാണാനുള്ള നീക്കങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.