കോഴിക്കോട്: നിപ വൈറസ് രോഗബാധയുടെ ജീവിക്കുന്ന രക്തസാക്ഷിയായി 20 മാസമായി അബോധാവസ്ഥയിൽ കഴിയുന്ന യുവനഴ്സ് നിപ പരിചരണചരിത്രത്തിൽ അപൂർവതയാകുന്നു.
മംഗലാപുരം മർദ്ദാല സ്വദേശി ടിറ്റോ തോമസാണ് (24) മറ്റൊരു നിപബാധിതനെ ശുശ്രൂഷിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് കോമയിലായത്. നിപ വൈറസ് ബാധയെക്കുറിച്ച് പഠനം നടത്തുന്ന അനേകംപേർക്ക് മുന്നിൽ രാജ്യത്തെ ഏക നിപ എൻസെഫലൈറ്റിസ് ബാധിതനാണ് ടിറ്റോ.
ഒട്ടേറെ അപൂർവതകളാണ് നിശ്ശബ്ദനായി കിടക്കുന്ന ടിറ്റോ ശാസ്ത്രലോകത്തിനുമുന്നിൽ വെച്ചത്. പൊതുവേ തൊണ്ടയിലെ സ്രവം, മൂത്രം, രക്തം, ശരീരത്തിൽനിന്ന് പുറത്തുവരുന്ന മറ്റ് സ്രവങ്ങൾ എന്നിവയുടെ പരിശോധനയിലൂടെ നിപ വൈറസ് ബാധ സ്ഥിരീകരിക്കാമെന്നിരിക്കെ ടിറ്റോയിൽ ഇത് വിജയകരമായില്ല.
ഈ പരിശോധനകളിലെല്ലാം നെഗറ്റീവ് കാണിക്കുകയും രോഗാവസ്ഥയുടെ കാരണം ബോധ്യപ്പെടാതിരിക്കുകയും ചെയ്തു. തുടർന്ന് തലയോട്ടിയിൽ ശസ്ത്രക്രിയ നടത്തി മസ്തിഷ്കത്തോടുചേർന്ന ഒരു പാളിയുടെ ബയോപ്‌സിയെടുത്ത് പരിശോധിച്ചാണ് രോഗം സ്ഥിരീകരിച്ചത്. ഇങ്ങനെ ലോകത്തൊരിടത്തും നിപ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഐസിഎംആർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അതിന് പുറമെ, നിപ ബാധിച്ച് അബോധാവസ്ഥയിലായ ഒരു രോഗിക്ക് മോണോക്ലോണൽ ആൻറിബോഡി ഇന്ത്യയിൽ ആദ്യമായി നൽകിയതും ടിറ്റോയ്ക്കാണ്. നിപ പരിചരണചികിത്സ ഐസിയുവിലും അല്ലാതെയുമായി ശസ്ത്രക്രിയകൾ ഉൾപ്പെടെ സൗജന്യമായി ഒരു സ്വകാര്യ ആശുപത്രി 614 ദിവസമായി നൽകിയെന്നതും അപൂർവതയുടെ അധ്യായത്തിലെ ഒരേടാണ്. ഇഖ്റ ആശുപത്രിയാണ് ആദ്യദിനംമുതലുള്ള ചികിത്സ പണംവാങ്ങാതെ നടത്തിവരുന്നത്. ടിറ്റോ തോമസിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 17 ലക്ഷംരൂപ സഹായധനം പ്രഖ്യാപിച്ചെങ്കിലും യഥാർഥചെലവ് ഇതിന്റെ എത്രയോമടങ്ങാണ്.
നഴ്‌സിങ് പഠനം കഴിഞ്ഞ് 2023 ഏപ്രിൽ 23-നാണ് ടിറ്റോ തോമസ് കോഴിക്കോട്ട് നഴ്‌സായെത്തുന്നത്. ഇതേ ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ നഴ്‌സായിരുന്ന ടിറ്റോയ്ക്ക് ഇവിടെയെത്തിയ നിപ രോഗിയിൽനിന്നാണ് രോഗം പിടിപെട്ടത്. നിപയിൽനിന്ന് മുക്തിനേടിയെങ്കിലും അധികംവൈകാതെ പാർശ്വഫലമായി ലേറ്റന്റ് നിപ എൻസഫലൈറ്റിസ് ബാധിക്കുകയായിരുന്നു.
രോഗമുക്തി നേടി ക്വാറന്റൈൻ പൂർത്തിയാക്കി നവംബറിൽ വീട്ടിലെത്തിയ ടിറ്റോയ്ക്ക് ആ സമയംമുതൽ തലവേദനയും കഴുത്തുവേദനയും ഉണ്ടായിരുന്നുവെന്ന് ടിറ്റോയുടെ സഹോദരൻ ഷിജോ തോമസ് പറയുന്നു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഉൾപ്പെടെ പരിശോധനകൾ നടത്തി. ആരോഗ്യവകുപ്പ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപവത്കരിച്ച് ചികിത്സയ്ക്ക് മേൽനോട്ടം വഹിച്ചു. ഫലമുണ്ടായില്ല.
ഇഖ്റ ആശുപത്രി ഡയറക്ടർ ഡോ. പി.സി. അൻവർ നേരിട്ട് ആരോഗ്യവകുപ്പ് സെക്രട്ടറിയെ കണ്ടു. ഇതിനുപുറമെ, ടിറ്റോയുടെ കുടുംബവും സഭാപ്രതിനിധികളും ആരോഗ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെയും നേരിൽക്കണ്ടു. എം.കെ. രാഘവൻ എംപിയും സഹായത്തിനായി സർക്കാരിനെ സമീപിച്ചു. ഇതിനെല്ലാമൊടുവിലാണ് ദുരിതാശ്വാസനിധിയിൽനിന്ന് സഹായധനം പ്രഖ്യാപിക്കപ്പെട്ടത്.
ടിറ്റോയുടെ കട്ടിലിനടുത്തുനിന്ന് അമ്മ ഏലിയാമ്മ ഇപ്പോഴും ഉറക്കെവിളിക്കും: “മോനേ... ടിറ്റോ” പ്രിയപ്പെട്ട മകൻ വിളികേൾക്കുമെന്ന പ്രതീക്ഷയിൽ....
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.