കൊല്ലം: കൃഷിവകുപ്പിന്റെ സംസ്ഥാനതല പുരസ്കാരത്തിൽ ജില്ലയ്ക്ക് നേട്ടം. കലാലയങ്ങളിലെ കർഷകവിദ്യാർഥിക്കുള്ള പുരസ്കാരവും കൃഷിവകുപ്പ് ഒഴികെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ നടത്തിയ മികച്ചരീതിയിലുള്ള കൃഷിക്കുള്ള പുരസ്കാരവുമാണ് ജില്ലയ്ക്ക് ലഭിച്ചത്.
കലാലയങ്ങളിലെ കർഷകവിദ്യാർഥിക്കുള്ള പുരസ്കാരം കൊട്ടിയം എസ്എൻ പോളിടെക്‌നിക് വിദ്യാർഥി വിഷ്ണു സഞ്ജയ്ക്കാണ്. നീണ്ടകര തുറമുഖത്തിനടുത്ത് പ്രവർത്തിക്കുന്ന ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ അസിസ്റ്റന്റ് എൻജിനിയറിങ് ഓഫീസാണ് സംസ്ഥാനതലത്തിൽ പൊതുമേഖലാസ്ഥാപനങ്ങളിൽ നടത്തിയ കൃഷിക്കുള്ള രണ്ടാംസ്ഥാനത്തിന് അർഹമായത്.
അച്ഛന്റെ പാതയിൽ വിഷ്ണു
കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജിലെ ഇലക്‌ട്രിക്കൽ വിഭാഗം രണ്ടാംവർഷ വിദ്യാർഥിയായ വിഷ്ണു, അച്ഛൻ സഞ്ജയ്‌കുമാറിന്റെ പാത പിന്തുടർന്നാണ് കൃഷിയിലേക്ക് എത്തിയത്.
പഠനത്തോടൊപ്പം കൃഷിയെയും ചേർത്തുപിടിക്കുന്ന വിഷ്ണു രണ്ടേക്കർ സ്ഥലത്ത് പയർ, വെണ്ട, വഴുതന, പാവൽ, കക്കിരി, തണ്ണിമത്തൻ മുതലായവയും കിഴങ്ങുവിളകളും കൃഷിചെയ്തുവരുന്നു. പോളിടെക്നിക്കിലെ വിദ്യാർഥികളുടെയും ജീവനക്കാരുടെയും കാർഷിക കൂട്ടായ്മയായ അഗ്രിടെക് ഇനവേഷൻസാണ് വിഷ്ണുവിന്റെ സ്വപ്നങ്ങൾക്ക് വഴിത്തിരിവുണ്ടാക്കിയത്.
പ്രിസിഷൻ ഫാമിങ്, വെർട്ടിക്കൽ ഗാർഡനിങ്, ഹൈഡ്രോപോണിക്സ് മുതലായ നൂതന കാർഷികപദ്ധതികൾ വിഷ്ണുവിന്റെ നേതൃത്വത്തിൽ കോളേജിൽ നടപ്പാക്കുന്നുണ്ട്. കോളേജിൽ ആദിച്ചനല്ലൂർ കൃഷിഭവന്റെ സഹായത്തോടെ നിർമിച്ച പോളിഹൗസ് ഫാമിങ്ങിലൂടെ കക്കിരി, മുളക്, പയർ എന്നിവ കൃഷി ചെയ്യുന്നു. കാമ്പസിൽ ഓപ്പൺ പ്രിസിഷൻ ഫാമിങ്ങിലൂടെ തക്കാളി, പച്ചമുളക്, പയർ, വെണ്ട, പാവൽ, പടവലം എന്നിവയും വിളയിക്കുന്നു.
വിഷ്ണുവിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നത് അഞ്ചൽ ഈസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ അമ്മ ആശയും രണ്ടാംക്ളാസ് വിദ്യാർഥിയായ അനുജൻ വൈഷ്ണവുമാണ്. പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ വി. സന്ദീപ്, അഗ്രിക്കൾച്ചൽ കോഡിനേറ്റർ അനീഷ് ശശിധരൻ, സ്റ്റുഡന്റസ് കോഡിനേറ്റർ ഹരിപ്രസാദ് എന്നിവർ നൽകുന്ന പ്രോത്സാഹനവും വലുതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.