കൊച്ചി : ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി മർദിച്ച കേസിൽ നടി ലക്ഷ്മി മേനോന് ഒപ്പമുണ്ടായിരുന്നവരിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ.
കേസിൽ അറസ്റ്റിലായ മൂന്നു പേരിൽ ഒന്നാം പ്രതി വടക്കൻ പറവൂർ പള്ളിത്താഴം മണപ്പാട്ടുപറമ്പിൽ മിഥുൻ മോഹന് (35) എതിരെ സ്വര്‍ണം തട്ടിയെടുക്കൽ അടക്കമുള്ള കേസുകളുണ്ട്. രണ്ടാം പ്രതി ഗോതുരത്ത് സ്വദേശി അനീഷിനെതിരെ നാശനഷ്ടമുണ്ടാക്കിയതിനു കേസുണ്ട്. ചങ്ങനാശേരി സ്വദേശി സോന മോൾ (25) ആണ് കേസിൽ അറസ്റ്റിലായ മൂന്നാമത്തെ പ്രതി. ലക്ഷ്മി മേനോന്റെ അറസ്റ്റ് ഹൈക്കോടതി ഇന്നലെ തടഞ്ഞിരുന്നു.യുവാവിന്റെ പരാതിയിൽ കേസെടുത്ത് 3 പേരെ പിടികൂടിയപ്പോഴാണ് കൂടെയുണ്ടായിരുന്നത് നടി ലക്ഷ്മി മേനോനാണെന്ന് പൊലീസ് അറിയുന്നത്. അപ്പോഴേക്കും ഇവർ ഒളിവിൽ പോയിരുന്നു. തുടർന്ന് പിടിയിലായവരുടെ ചരിത്രം ചികഞ്ഞപ്പോഴാണ് മിഥുൻ മോഹൻ ക്വട്ടേഷൻ ടീമംഗവും ക്രിമിനൽ കേസ് പ്രതിയുമാണെന്ന് പൊലീസിനു മനസിലായി. 2023 നവംബറിൽ പൊലീസ് ചമഞ്ഞ് സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 244 ഗ്രാം സ്വർണം കവർന്ന കേസിലെ പ്രതികളിലൊരാളാണ് മിഥുൻ. ഡിസംബർ ആദ്യം മിഥുനേയും വടക്കൻ പറവൂർ ഓലിയത്ത് ബിനോയ് (52), തൃശൂർ ചേറൂർ ചേർപ്പിൽ വിനീഷ് കുമാർ (45) എന്നിവരെ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ഇവർ ജാമ്യത്തിലാണ്.
ആലുവ സ്വദേശിയായ സ്വർണ വ്യാപാരിയുടെ അടുത്ത സുഹൃത്തു കൂടിയായ വിനീഷ് കുമാർ നൽകിയ ക്വട്ടേഷൻ അനുസരിച്ചായിരുന്നു മിഥുന്റെയും മറ്റും പ്രവർത്തനം. തൃശൂരിലെ സ്വർണാഭരണ നിർമാണശാലയിൽ നിന്ന് കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിൽപന നടത്താനുള്ള സ്വർണവുമായി റെയിൽവേ സ്റ്റേഷനിലേക്കു പോകുന്നതിനിടെ ഒരുസംഘം കാറിലെത്തി വ്യാപാരിയെ തടഞ്ഞു. തുടര്‍ന്ന് വ്യാപാരിയെ ബലമായി പിടിച്ചു കാറിൽ കയറ്റി മർദിച്ചവശനാക്കുകയും സ്വർണം കവരുകയുമായിരുന്നു.
മിഥുനെതിരെയുള്ള കേസുകൾ പരിശോധിച്ചു വരികയാണെന്ന് എറണാകുളം നോർത്ത് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.നാശനഷ്ടമുണ്ടാക്കലുമായി ബന്ധപ്പെട്ട് നോര്‍ത്ത് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാണ് അനീഷ്. മദ്യപിച്ചു വാഹനമോടിച്ചതിനു മുളവുകാട് സ്റ്റേഷനിലും കേസുണ്ട്. സിനിമ മേഖലയിൽ പ്രശസ്തയായ നടിക്ക് ഇവരുമായി എന്താണ് ഇടപാട് എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ലക്ഷ്മി മേനോനും സോന മോളിനും പുറമെ മിഥുനും അനീഷുമാണ് ബാനർജി റോഡിലെ ബാറിലുണ്ടായിരുന്നത്.
പരാതിക്കാരനായ ഐടി കമ്പനി ഉദ്യോഗസ്ഥനൊപ്പം തായ്‍ലൻഡ് സ്വദേശിനിയായ സുഹൃത്തും മറ്റു രണ്ടു പേരുമുണ്ടായിരുന്നു. ഇതിനിടെ ബാറിൽ വച്ച് തർക്കമുണ്ടായി. തർക്കത്തിനും പിന്നീടുണ്ടായ കയ്യാങ്കളിക്കും ഇരുകൂട്ടരും അന്യേന്യം കുറ്റപ്പെടുത്തുന്നുണ്ട്. നോർത്ത് മേൽപ്പാലത്തിൽ വച്ച് ലക്ഷ്മി മേനോനും സംഘവും കാർ തടഞ്ഞു തന്നെ പിടിച്ചുകൊണ്ടുപോയി മർദിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.
ലക്ഷ്മി ആലുവയില്‍ ഇറങ്ങിയതായാണ് സൂചന. വടക്കൻ പറവൂർ വരെ എത്തിയ സംഘം പിന്നീട് യുവാവിനെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ തങ്ങളെ ബീയർ കുപ്പി കൊണ്ട് എറിഞ്ഞെന്നും പരുക്കേറ്റെന്നും സോന മോൾ പരാതി നൽകിയിട്ടുണ്ട്. തനിക്ക് ഇതുമായി ബന്ധമില്ലെന്നും പരാതിക്കാരനാണ് ബാറിൽ വച്ച് തന്നെ അസഭ്യം പറഞ്ഞതും ലൈംഗികാധിക്ഷേപം നടത്തിയതെന്നുമാണ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ലക്ഷ്മി മേനോൻ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.