കീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ ചര്‍ച്ച നടത്തി യുക്രൈന് പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി. യുക്രൈന് നഗരങ്ങളിലും ഗ്രാമങ്ങളിലും റഷ്യന്‍ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് യുക്രൈന് പ്രസിഡന്റ് മോദിയോട് വിശദീകരിച്ചു.
റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് പരിമിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മോദിയോട് ചൂണ്ടിക്കാട്ടിയതായി സെലന്‍സ്കി വ്യക്തമാക്കി. റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ കൂടിയാണ് സെലന്‍സ്കിയും മോദിയും തമ്മിലുള്ള ചര്‍ച്ച.നീണ്ട സംഭാഷണമാണ് പ്രധാനമന്ത്രി മോദിയുമായി നടത്തിയതെന്ന് സെലന്‍സ്കി എക്സില്‍ കുറിച്ചു. ഉഭയകക്ഷി സഹകരണവും നയതന്ത്ര സാഹചര്യങ്ങളും അടക്കം എല്ലാ പ്രധാന വിഷയങ്ങളും തങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു. യുക്രൈനിലെ ജനങ്ങള്‍ക്ക് പിന്തുണ നല്കുന്ന ഊഷ്മളമായ വാക്കുകള്‍ക്ക് പ്രധാനമന്ത്രിയോട് സെലന്‍സ്കി നന്ദി അറിയിക്കുകയും ചെയ്തു.
'ഞങ്ങളുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും റഷ്യ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ചും, ഒരു സാധാരണ നഗരസൗകര്യമായ സപ്പോരിജിയയിലെ ബസ് സ്റ്റേഷനുനേരെ ഇന്നലെ നടന്ന ആക്രമണത്തെക്കുറിച്ചും ഞാന്‍ അദ്ദേഹത്തെ അറിയിച്ചു.
റഷ്യ മനഃപൂര്‍വ്വം നടത്തിയ ആ ബോംബാക്രമണത്തില്‍ ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. യുദ്ധം അവസാനിപ്പിക്കാന്‍ ഒടുവില്‍ ഒരു നയതന്ത്ര സാധ്യത തെളിഞ്ഞുവന്ന സമയത്താണ് റഷ്യ ഇങ്ങനെ ചെയ്യുന്നത്. വെടിനിര്‍ത്തലിന് സന്നദ്ധത പ്രകടിപ്പിക്കുന്നതിന് പകരം, അധിനിവേശവും കൊലപാതകങ്ങളും തുടരാനാണ് റഷ്യ ആഗ്രഹിക്കുന്നത്' സെലന്‍സ്കി പറഞ്ഞു.
തങ്ങളുടെ സമാധാന ശ്രമങ്ങളില്‍ ഇന്ത്യയുടെ പിന്തുണയും അദ്ദേഹം തേടി. യുക്രൈനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും യുക്രൈന്റെ പങ്കാളിത്തത്തോടെ തീരുമാനിക്കണമെന്ന നിലപാട് പങ്കിടേണ്ടത് പ്രധാനമാണ്. മറ്റ് വഴികള്‍ ഫലം കാണില്ലെന്നും സെലന്‍സ്കി ചൂണ്ടിക്കാട്ടി.
റഷ്യയ്ക്കെതിരായ ഉപരോധങ്ങളെക്കുറിച്ചും തങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തുവെന്ന് സെലന്‍സ്കി പറഞ്ഞു. 'ഈ യുദ്ധം തുടരുന്നതിന് പണം കണ്ടെത്താനുള്ള റഷ്യയുടെ കഴിവും സാധ്യതയും കുറയ്ക്കുന്നതിന്, റഷ്യന്‍ ഊര്‍ജ്ജത്തിന്റെ, പ്രത്യേകിച്ച് എണ്ണയുടെ, കയറ്റുമതി പരിമിതപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ഞാന്‍ ചൂണ്ടിക്കാട്ടി' സെലന്‍സ്കി എക്സില്‍ കുറിച്ചു.
റഷ്യയുടെ മേല്‍ വ്യക്തമായ സ്വാധീനമുള്ള ഓരോ നേതാവും മോസ്കോയിലേക്ക് സൂചനകള്‍ അയയ്ക്കേണ്ടത് പ്രധാനമാണെന്നും സെലന്‍സ്കി പറഞ്ഞു. സെപ്തംബറില്‍ യുഎന്‍ പൊതുസഭയ്ക്കിടെ പ്രധാനമന്ത്രി മോദിയുമായി ഒരു സ്വകാര്യ കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് സെലന്‍സ്കി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.