ന്യൂഡല്‍ഹി: 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കവെ ആര്‍എസ്എസിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ലോകത്തിലെ ഏറ്റവും വലിയ സര്‍ക്കാരിതര സംഘടനയാണ് (എന്‍ജിഒ) ആര്‍എസ്എസ് എന്ന് മോദി പറഞ്ഞു. രാഷ്ട്രനിര്‍മാണത്തില്‍ ആര്‍എസ്എസ് പങ്കാളിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ആര്‍എസ്എസ് 100-ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് രാജ്യത്തിന്റെ സുപ്രധാന ദിനത്തില്‍ മോദിയുടെ പ്രശംസ.
''100 നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു സംഘടന പിറന്നു, അതിനെ രാഷ്ട്രീയ സ്വയംസേവക് സംഘ് എന്നാണ് വിളിച്ചിരുന്നത്. അവര്‍ എല്ലായ്പ്പോഴും രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളികളായിരുന്നു. സമൂഹത്തിന്റെ ക്ഷേമം ഹൃദയത്തില്‍ കരുതി വ്യക്തിയെ കെട്ടിപ്പടുക്കുന്നതിലൂടെ രാഷ്ട്രം കെട്ടിപ്പടുക്കുക എന്നതായിരുന്നു അവരുടെ ഒരു നൂറ്റാണ്ട് നീണ്ട യാത്ര.
ഭാരത മാതാവിന്റെ ക്ഷേമം ലക്ഷ്യമിട്ട് വ്യക്തി വികസനത്തിലൂടെ രാഷ്ട്ര നിര്‍മ്മാണം എന്ന ദൃഢനിശ്ചയത്തോടെ, സ്വയംസേവകര്‍ നമ്മുടെ മാതൃരാജ്യത്തിന്റെ ക്ഷേമത്തിനായി അവരുടെ ജീവിതം സമര്‍പ്പിച്ചു. ഒരു തരത്തില്‍ ആര്‍എസ്എസ് ലോകത്തിലെ ഏറ്റവും വലിയ എന്‍ജിഒ ആണ്. അതിന് 100 വര്‍ഷത്തെ സമര്‍പ്പണ ചരിത്രമുണ്ട്. ആര്‍എസ്എസിന്റെ ചരിത്രത്തില്‍ എനിക്ക് അഭിമാനമുണ്ട്.'' - മോദി വ്യക്തമാക്കി.
'അച്ചടക്കവും സേവന കേന്ദ്രീകൃതവുമായ ഒരു സംഘടന' എന്നും ആര്‍എസ്എസിനെ പ്രശംസിച്ചുകൊണ്ട് മോദി പറഞ്ഞു. ദുരന്ത നിവാരണം മുതല്‍ സാമൂഹിക ഐക്യ പ്രവര്‍ത്തനങ്ങള്‍ വരെയുള്ള അത്യാവശ്യ ഘട്ടങ്ങളില്‍ ആര്‍എസ്എസിന്റെ പങ്കിനെക്കുറിച്ചും മോദി വാചാലനായി. സംഘടനയുടെ അച്ചടക്കവും നിസ്വാര്‍ഥവുമായ പ്രവര്‍ത്തനം ഇന്ത്യയുടെ സാമൂഹിക ഘടനയെ രൂപപ്പെടുത്തുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.