ജറുസലം : ഇസ്രയേൽ വെടിവയ്പുകളിലും ബോംബാക്രമണങ്ങളിലും ഗാസയിൽ 41 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു. ഇതിൽ 20 പേർ ഇസ്രയേൽ കരാറുകാരുടെ ഭക്ഷണവിതരണ കേന്ദ്രങ്ങളിലെ വെടിവയ്പിലാണു കൊല്ലപ്പെട്ടത്. 5 പേർ കൂടി പട്ടിണിമൂലം മരിച്ചു. ഇതോടെ പട്ടിണിമരണം 93 കുട്ടികളടക്കം 180 ആയി.
വിമാനങ്ങളിൽനിന്ന് ഇട്ടുകൊടുക്കുന്ന ഭക്ഷണപ്പൊതികൾ അപര്യാപ്തമാണെന്നും കൂടുതൽ ട്രക്കുകൾ സഹായവുമായി ഗാസയിൽ പ്രവേശിക്കാൻ ഇസ്രയേൽ അനുവദിക്കുകയാണു വേണ്ടതെന്നും യുഎൻ ഏജൻസികൾ പറഞ്ഞു.
ഭക്ഷണവും മരുന്നുമടക്കം സഹായങ്ങളുമായി ഗാസ അതിർത്തിയിൽ 22,000 ട്രക്കുകളാണ് അനുമതി കാത്തുകിടക്കുന്നത്. ഉപരോധത്തിൽ ഇളവു വരുത്തിയ ജൂലൈ 27നുശേഷം പ്രതിദിനം 84 ട്രക്കുകൾ മാത്രമാണു കടത്തിവിടുന്നത്. ഇപ്പോഴത്തെ സ്ഥിതിയിൽ പ്രതിദിനം 600 ട്രക്കുകളെങ്കിലും എത്തിയാൽ മാത്രമേ അടിസ്ഥാന ആവശ്യങ്ങൾക്കു തികയൂ.
അതേസമയം, റെഡ് ക്രോസുമായി സഹകരിച്ച് ബന്ദികൾക്ക് ഭക്ഷണം എത്തിക്കാൻ തയാറാണെന്നു ഹമാസ് പറഞ്ഞു. ഇതിനായി ഗാസയിലെ ജനങ്ങൾക്കും ഭക്ഷണമെത്തിക്കാൻ ഇസ്രയേൽ അനുവദിക്കണമെന്നും വ്യോമാക്രമണം നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. ദയനീയസ്ഥിതിയിൽ ബന്ദിയുടെ വിഡിയോ കഴിഞ്ഞദിവസം ഹമാസ് പുറത്തുവിട്ടിരുന്നു. ഗാസയിൽ ശേഷിക്കുന്ന 50 ബന്ദികളിൽ 20 പേർ മാത്രമേ ജീവനോടെയുള്ളുവെന്നാണ് ഇസ്രയേൽ നിഗമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.