കണ്ണൂർ : കൊടി സുനിയും സംഘവും കോടതി പരിസരത്ത് വച്ച് മദ്യം കഴിച്ചുവെന്ന ആരോപണത്തിൽ കേസെടുക്കാനാകില്ലെന്ന നിലപാടിൽ പൊലീസ്. കഴിച്ചത് മദ്യമാണോ എന്ന് കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കേസ് കോടതിയിൽ എത്തിയാലും തള്ളിപ്പോകും.
സംഭവത്തിൽ പരാതിക്കാരും തെളിവും ഇല്ലെന്നാണ് പൊലീസ് വാദം. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരാണ് തലശ്ശേരി കോടതിയിൽ ഹാജരാക്കവെ പൊലീസ് സാന്നിധ്യത്തിൽ മദ്യപിച്ചുവെന്ന ആരോപണമുയർന്നത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. വഴിവിട്ട സഹായം ചെയ്തുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് സസ്പെൻഷൻ. പ്രതികൾ സിഗരറ്റ് വലിക്കുകയും മദ്യം കഴിക്കുകയും ചെയ്യുന്നുവെന്ന് തോന്നുന്ന തരത്തിലുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ജൂൺ 17ന് തലശ്ശേരിയിൽ ഒരു ഹോട്ടലിന് പുറത്തുവച്ചാണ് സംഭവം. എന്നാൽ ഈ ദൃശ്യത്തിന്റെ മാത്രം അടിസ്ഥാനത്തിൽ കേസെടുക്കാനാകില്ലെന്നാണ് പൊലീസ് ഭാഷ്യം.
തടവുപുള്ളികള്‍ അച്ചടക്കം പാലിക്കാൻ ബാധ്യസ്ഥരാണെന്നും കൊടിയാണെങ്കിലും വടിയാണെങ്കിലും നടപടിയുണ്ടാകും എന്നുമായിരുന്നു കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതിയംഗമായ പി. ജയരാജൻ സംഭവത്തോട് പ്രതികരിച്ചത്. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തുവെന്ന് സ്പീക്കർ എ.എൻ.ഷംസീറും പറഞ്ഞു.
അതേസമയം, പരോൾ ഉൾപ്പടെ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണ് കേസെടുക്കാത്തതെന്ന് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ എംഎൽഎ ആരോപിച്ചു. അതിനിടെ പരസ്യ മദ്യപാനത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിയാണ് പരാതി നൽകിയത്.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.