പത്തനംതിട്ട: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി. കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് ഹര്‍ജി സമര്‍പ്പിച്ചത്. പ്രതിക്ക് രക്ഷപ്പെടാന്‍ പഴുതുകളുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കുറ്റം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ മറച്ചുവെച്ചു. നവീന്‍ ബാബുവിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ പറയുന്നു.
കുറ്റപത്രത്തിലെ പതിമൂന്ന് പിഴവുകള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രശാന്തനില്‍ നിന്ന് നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് പ്രചരിപ്പിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. ഇക്കാര്യം തെറ്റെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ അന്വേഷണത്തില്‍ തെളിഞ്ഞു. എന്നാല്‍ ഇക്കാര്യത്തെപ്പറ്റി എസ്ഐടി പ്രത്യേക അന്വേഷണം നടത്തിയില്ല.
പെട്രോള്‍ പമ്പിന് എന്‍ഒസി നല്കാന് നവീന്‍ ബാബു കാലതാമസം വരുത്തിയിട്ടില്ല. നവീന്‍ ബാബു കുറ്റസമ്മതം നടത്തിയെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞിട്ടില്ല. ജില്ലാ കളക്ടറുടെ ആദ്യ പ്രതികരണവും മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ട്. ജില്ലാ കളക്ടറുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് എസ്ഐടി അന്വേഷിച്ചില്ല. മൊഴികള്‍ അവഗണിച്ചതിലൂടെ അന്വേഷണം എസ്ഐടി അട്ടിമറിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രശാന്തന്റെ സ്വത്തും സ്വര്‍ണ്ണപ്പണയവും വിശദീകരിക്കുന്ന മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. സ്വര്‍ണ്ണപ്പണയം കൈക്കൂലി നല്‍കാനെന്ന മൊഴി എസ്ഐടിയെ വഴിതെറ്റിക്കാനാണ്. പ്രശാന്തന്റെ മൊഴിയിലെ വൈരുദ്ധ്യം തെളിയിക്കാന്‍ എസ്ഐടി ബാങ്ക് അക്കൗണ്ട് രേഖകള്‍ കണ്ടെത്തിയില്ല. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് മുഖ്യമന്ത്രിക്ക് പ്രശാന്തന് നല്കിയ പരാതിയിലില്ല. മുഖ്യമന്ത്രിക്ക് നല്കിയ പരാതിയെപ്പറ്റി പ്രൊസിക്യൂഷന് മറച്ചുപിടിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. നവീന്‍ ബാബുവിന്റെ ക്വാര്‍ട്ടേഴ്സിന് സമീപത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളിലുള്ള ആളുകളെ എസ്ഐടി തിരിച്ചറിഞ്ഞില്ല. സമ്പൂര്‍ണ്ണ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ എസ്ഐടിക്ക് കഴിഞ്ഞില്ല.കേസില്‍ പ്രതിഭാഗത്തെ സഹായിക്കാനാണ് വിജിലന്‍സ് വകുപ്പ് ഇടപെട്ടതെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു
കേസില്‍ എസ്ഐടി നടത്തിയ അന്വേഷണം പക്ഷപാതപരമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. റവന്യൂ മന്ത്രിയെ സാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് പ്രതിയെ സഹായിക്കാനാണ്. പി പി ദിവ്യയുടെ ബെനാമിയാണ് പെട്രോള്‍ പമ്പ് ലൈസന്‍സ് നേടാന്‍ ശ്രമിച്ച പ്രശാന്തന്. ഇതാണ് പി പി ദിവ്യ നവീന്‍ ബാബുവിനെതിരെ തിരിയാന്‍ കാരണം. പെട്രോള്‍ പമ്പ് നടത്താനുള്ള ആസ്തി പ്രശാന്തനില്ല. ആശുപത്രി ജീവനക്കാരനായ പ്രശാന്തന് പെട്രോള്‍ പമ്പ് ലൈസന്‍സിന് അപേക്ഷിക്കാനാവില്ല. പി പി ദിവ്യയും പ്രശാന്തനുമായുള്ള ബന്ധം എസ്ഐടി അന്വേഷിച്ചില്ല. ഇത് അന്വേഷണത്തിലെ വീഴ്ചയെന്നും ഹര്‍ജിയില്‍ പറയുന്നു.
അതിനിടെ നവീന്‍ ബാബുവിന്റെ മരണ ദിവസം തന്നെ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ തന്റെ പരാതി പരിഗണിക്കപ്പെട്ടിരുന്നില്ലെന്നും സഹോദരന് പ്രവീണ്‍ ബാബു പറഞ്ഞു. തങ്ങള്‍ എല്ലാം അന്വേഷിക്കുന്നുണ്ട് എന്നാണ് പ്രോസിക്യൂഷന് അറിയിച്ചിരുന്നത്. അതുകൊണ്ടാണ് സിബിഐ അന്വേഷണം കോടതികള്‍ അംഗീകരിക്കാതിരുന്നതെന്നും പ്രവീണ്‍ ബാബു പറഞ്ഞു.
ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന് യാത്രയയപ്പ് നല്കുന്ന പരിപാടിയിലേക്ക് അപ്രതീക്ഷിതമായി പി പി ദിവ്യ എത്തുകയും കളക്ടര്‍ അരുണ്‍ കെ വിജയന്റെ സാന്നിധ്യത്തില്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്ത് നവീന്‍ ബാബു ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. കേസില്‍ പി പി ദിവ്യ മാത്രമാണ് പ്രതി. ദിവ്യയെ പ്രതിചേര്‍ത്തുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സംഭവം നടന്ന് 166 ദിവസത്തിന് ശേഷമായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 82 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.