സൂറത്ത്: 20 കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സ്വന്തം സ്ഥാപനത്തിൽ കവർച്ചാനാടകം നടത്തിയതിന് ഫാക്ടറി ഉടമയും മകനും ഡ്രൈവറും അറസ്റ്റിൽ. സൂറത്തിലെ ഡികെ സൺസ് ഡയമണ്ട് ഫാക്ടറി ഉടമ ദേവേന്ദ്ര ചൗധരി, മകൻ പിയൂഷ് ചൗധരി, ഡ്രൈവർ വികാഷ് ബിഷ്‌ണോയ് എന്നിവരെ സൂറത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
സൂറത്തിലെ ഫാക്ടറിയിൽനിന്ന് വജ്രങ്ങളൊന്നും മോഷണം പോയിട്ടില്ലെന്നും എട്ട് ദിവസം മുൻപ് മാത്രമാണ് ചൗധരി ഇൻഷുറൻസ് എടുത്തതെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച സൂറത്തിലെ കപോദ്രയിലെ കപൂർവാഡിയിലുള്ള തന്റെ സ്ഥാപനമായ ഡികെ സൺസിലെ സേഫ് തകർത്ത് 32.53 കോടി രൂപ വിലമതിക്കുന്ന വജ്രങ്ങളും പണവും മോഷ്ടിക്കപ്പെട്ടതായി ചൗധരി കപോദ്ര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ കണ്ടത് തകർന്ന നിലയിലുള്ള സേഫും സിസിടിവി ക്യാമറകളുമാണ്. സമീപത്തെ കെട്ടിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, അക്രമികൾ രണ്ട് ഓട്ടോറിക്ഷകളിലായി വന്ന് അതേ വാഹനങ്ങളിൽ രക്ഷപ്പെട്ടതായി പോലീസ് കണ്ടെത്തി.
തിങ്കളാഴ്ച പോലീസ് രണ്ട് ഓട്ടോ ഡ്രൈവർമാരെയും തിരിച്ചറിഞ്ഞു. ചോദ്യംചെയ്യലിൽ, സൂറത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നും മറ്റൊരാൾ വരാച്ചയിൽനിന്നും തങ്ങളെ വാടകയ്ക്ക് വിളിച്ചതാണെന്ന് അവർ വെളിപ്പെടുത്തി.
'ദേവേന്ദ്ര ചൗധരിയുടെ മൊഴികളിൽ വൈരുധ്യമുള്ളതായി കണ്ടെത്തി. 15 വർഷമായി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സുരക്ഷാ ജീവനക്കാരനെ ഒരു മാസം മുൻപ് ഇയാൾ മനഃപൂർവം പിരിച്ചുവിട്ടിരുന്നു. അന്വേഷണത്തിനിടെ, പോലീസിനെ വഴിതെറ്റിക്കാനായി ഇയാൾ ആ സുരക്ഷാ ജീവനക്കാരന്റെ നേർക്ക് വിരൽ ചൂണ്ടുകയും ചെയ്തു.'' സൂറത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അലോക് കുമാർ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
''എട്ട് ദിവസം മുൻപ് ഇയാൾ 20 കോടി രൂപയുടെ ഇൻഷുറൻസ് എടുത്തതായി അന്വേഷണത്തിൽ വ്യക്തമായി. ഞങ്ങൾ ഇയാളുടെ സ്വത്തുക്കൾ പരിശോധിക്കുകയും അവ പണയത്തിലാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇയാൾക്ക് വലിയ കടബാധ്യതയുണ്ട്.'' അലോക് കുമാർ പറഞ്ഞു.
വജ്ര വ്യവസായത്തിന് പേരുകേട്ട സൂറത്തിൽ ഈ മോഷണം വലിയ ചർച്ചാവിഷയമായിരുന്നു. സൂറത്തിലെ പുണാഗം സ്വദേശി ദേവേന്ദ്ര ചൗധരി, കപോദ്രയിലെ ഒരേ കെട്ടിടത്തിൽ ഡയമണ്ട് കിംഗ്, ഡികെ സൺസ് എന്നിങ്ങനെ രണ്ട് സ്ഥാപനങ്ങൾ നടത്തിവരികയായിരുന്നു.
മോഷണം പോയെന്ന് പറയുന്ന വജ്രങ്ങളുടെ ബില്ലുകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ട ദേവേന്ദ്ര ചൗധരി ചോദ്യം ചെയ്യലിൽ, ഗൂഢാലോചന നടത്തി മോഷണം ആസൂത്രണം ചെയ്തതായി സമ്മതിച്ചു.'' പോലീസ് പറഞ്ഞു. ഡി കെ സൺസിൽ 'മോഷണം' നടത്താനുള്ള ആളുകളെ ഏർപ്പാടാക്കിയത് ഡ്രൈവർ വികാഷ് ആയിരുന്നുവെന്നും പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.