ഡൽഹി : ആഴക്കടലിലും ചരിത്രം കുറിക്കാന്‍ ഇന്ത്യ. രാജ്യത്തിന്റെ ഡീപ് ഓഷ്യന്‍ മിഷന് (സമുദ്രയാന്‍ പദ്ധതി) തയ്യാറെടുപ്പുകള്‍ക്ക് മുന്നോടിയായി രണ്ട് അക്വാനോട്ടുകള്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ അയ്യായിരം മീറ്റര്‍ ആഴത്തില്‍ ഡീപ് ഡൈവ് പൂര്‍ത്തിയാക്കി.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയിലെ ശാസ്ത്രജ്ഞന് രാജു രമേഷ് 4025 മീറ്റര്‍ ആഴത്തിലും ഇന്ത്യന്‍ നാവികസേനയിലെ റിട്ട. കമാന്‍ഡര്‍ ജതീന്ദര്‍പാല്‍ സിങ് 5002 മീറ്റര്‍ ആഴത്തിലുമാണ് ഡീപ് ഡൈവ് നടത്തിയത്. ഫ്രാന്‍സുമായി സഹകരിച്ചായിരുന്നു ഈ ഡീപ്പ് ഡൈവിങ്.
ഫ്രഞ്ച് ആഴക്കടല്യാത്രായാനമായ നോട്ടില്‍ എന്ന പേടകത്തിലാണ് ഇരുവരും രണ്ടുദിവസങ്ങളിലായി ആഴക്കടല്സഞ്ചാരം നടത്തിയത്. ഓഗസ്റ്റ് അഞ്ചിന് രാജു രമേഷും ആറിന് കമാന്‍ഡര്‍ ജതീന്ദര്പാല്സിങ്ങും യാത്രനടത്തി. സമുദ്രാന്തര്‍ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി റോബോട്ടിക് കൈകളും സെന്‍സറുകളും ക്യാമറകളുമുള്ള നോട്ടിലിന് ആറായിരം മീറ്റര്‍ താഴ്ചയില്‍ വരെ പ്രവര്‍ത്തിക്കാന്‍ ശേഷിയുണ്ട്.
നോട്ടിലില് സമുദ്രത്തിന്റെ ആഴങ്ങളിലെത്തിയ അക്വാനോട്ടുകള്‍ ആദ്യം ഇന്ത്യന്‍ പതാകയും പിന്നീട് ഫ്രാന്‍സിന്റെ പതാകയും സമുദ്രത്തിന്റെ അടിത്തട്ടില്‍ സ്ഥാപിച്ചു. അക്വാനോട്ടുകള്‍ അഞ്ചുമണിക്കൂറോളമാണ് സമുദ്രാന്തര്‍ഭാഗത്ത് ചിലവഴിച്ചത്. യാത്ര പുറപ്പെട്ട് മടങ്ങിയെത്താന്‍ ഏകദേശം ഒന്‍പതു മണിക്കൂറാണ് വേണ്ടിവന്നത്.
സമുദ്രയാന്‍ പദ്ധതിയുടെ ഭാഗമായി, 2027 ഡിസംബറോടെ, മൂന്നുപേരെ വഹിച്ച് ആറായിരം മീറ്റര്‍ ആഴത്തിലേക്ക് അക്വാനോട്ടുകളെ അയക്കാനുള്ള മത്സ്യ 6000 എന്ന പേടകം വികസിപ്പിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ. 2021-ല്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ഡീപ് ഓഷ്യന്‍ മിഷന് (സമുദ്രയാന്‍ പദ്ധതി) കേന്ദ്ര ഭൗമശാസ്ത്രമന്ത്രാലയമാണ് നടപ്പാക്കുന്നത്.
സമുദ്രാന്തര്‍ഭാഗത്തേക്ക് ഇത്രയും ആഴത്തില്‍ യാത്ര നടത്തിയ ആദ്യ ഇന്ത്യക്കാരാണ് രാജു രമേഷും ജതീന്ദര്‍ പാല് സിങ്ങുമെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതികമന്ത്രി ഡോ. ജിതേന്ദ്രസിങ് പറഞ്ഞു. ഒരു ഇന്ത്യക്കാരന് ബഹിരാകാശത്ത് യാത്രനടത്തിയ സമയത്താണ് രണ്ട് ഇന്ത്യക്കാര്‍ ആഴക്കടലിലേക്കുകുതിച്ചതെന്നും ഇത് ബഹിരാകാശരംഗത്തും സമുദ്രരംഗത്തുമുള്ള ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയാണ് സൂചിപ്പിക്കുന്നതെന്നും പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. ആഴക്കടല്സഞ്ചാരികളും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.