കൊച്ചി : മുന്തിയ ഇനം നായ്ക്കള്‍, ഭക്ഷണം കൊടുക്കില്ല, കുളിപ്പിക്കില്ല, നാട്ടുകാരെത്തുമ്പോൾ പല നായ്ക്കളും ഭക്ഷണം കിട്ടാതെ അവശനിലയിലായിരുന്നു.
തൃപ്പൂണിത്തുറയിൽ മൂന്നാം ക്ലാസുകാരനായ മകനെ 26 നായ്ക്കളോടൊപ്പം തനിച്ചാക്കി പിതാവ് കടന്നുകളഞ്ഞ വീട്ടിലെത്തിയ പൊലീസും ജനപ്രതിനിധികളും കണ്ട കാഴ്ചകളിങ്ങനെ. കുട്ടിയെ ബന്ധുക്കൾ കൊണ്ടുപോയി. നായ്ക്കളെ ഷെൽട്ടർഹോമിലാക്കി. പിതാവ് സതീഷ് കുമാറിനെക്കുറിച്ച് വിവരമില്ല. കുട്ടിയുടെ മാതാവ് ജർമനിയിലാണ്.
കൊച്ചി എരൂർ തൈക്കാട്ട് ക്ഷേത്രത്തിനടുത്ത വാടകവീട്ടിൽ കഴിഞ്ഞിരുന്ന സതീഷിന് ആരോടും ബന്ധമില്ലെന്നും ഇടയ്ക്ക് വീടുവിട്ടുപോകുമെന്നും പൊലീസിനു വിവരം ലഭിച്ചു. 26 കൂറ്റൻ നായ്ക്കൾ സ്ഥലപരിമിതിയുള്ള വീട്ടിൽ ഉണ്ടായിരുന്നത് ഏറെ വൈകിയാണ് അയൽക്കാരും തിരിച്ചറിഞ്ഞത്. ഇയാളുടെ മൂന്നാം ക്ലാസുകാരനായ മകൻ വീട്ടിലുള്ളതും പലർക്കും അറിയില്ലായിരുന്നു. സതീഷിനോട് നായ്ക്കളെ വീട്ടിൽ നിന്നു മാറ്റണമെന്ന് 20 ദിവസം മുൻപ് സ്ഥലം കൗൺസിലർ നിർദേശിച്ചിരുന്നു.
നഗരസഭ വീണ്ടും നോട്ടിസ് നൽകിയതോടെയാണ് സതീഷ് വീടു വിട്ടു പോയത് എന്നാണ് വിവരം. ഇയാളെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്നും സഹോദരനുമായി ബന്ധപ്പെട്ട് വിവരങ്ങൾ തിരക്കുന്നുണ്ടെന്നും ഹിൽ പാലസ് പൊലീസ് വ്യക്തമാക്കി. സതീഷ് കുമാർ തൃപ്പൂണിത്തുറയിൽ തന്നെയുണ്ടെന്നും നായ്ക്കളെ സ്ഥലത്തു നിന്ന് മാറ്റുന്ന സമയത്ത് ഇയാൾ അവിടെ എത്തിയ ശേഷം തിരികെ പോയെന്നും വിവരമുണ്ട്.
സതീഷ് വീടു വിട്ടു പോയതോടെ കുട്ടി ജർമനിയിലുള്ള അമ്മയെ വിളിച്ചു വിവരം പറയുകയും അമ്മ പൊലീസിനെ ബന്ധപ്പെടുകയുമായിരുന്നു. തുടർന്ന്, ചേർത്തലയിൽ നിന്നു മുത്തശ്ശി അടക്കമുള്ള ബന്ധുക്കൾ എത്തി കുട്ടിയെ കൊണ്ടുപോയി. ഇടയ്ക്കിടെ വീടു വിട്ടുപോകുന്ന സ്വഭാവം സതീഷിനുണ്ടെന്നാണ് സഹോദരനിൽ നിന്നു മനസിലായതെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ അറിയാൻ സഹോദരനെ വിളിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സതീഷിനെതിരെ കേസെടുത്തിട്ടില്ല.ആരോടും വലിയ ബന്ധമില്ലാത്തയാളാണ് സതീഷെന്ന് സ്ഥലം കൗൺസിലർ പി.ബി.സതീശൻ പറഞ്ഞു.
‘‘ഇടക്കിടെ സതീഷ് രണ്ടും മൂന്നും ദിവസമൊക്കെ വീടു വിട്ടു നിൽക്കാറുണ്ടെന്നാണ് വിവരം. ഈ സമയത്ത് നായ്ക്കളെ കുളിപ്പിക്കാതെ വലിയ ദുർഗന്ധമാണ്. ഒപ്പം നായ്ക്കളുടെ കുരയും. അയൽവാസികൾ പരാതി പറഞ്ഞതോടെ നായ്ക്കളെ ഇവിടെ നിന്നു മാറ്റണമെന്ന് സതീഷിനോട് നിർദേശിച്ചിരുന്നു. നായ്ക്കളെ ബ്രീഡിങ് നടത്തുന്നില്ല എന്നായിരുന്നു സതീഷ് അന്നു പറഞ്ഞത്. എന്നാൽ ഇന്നലെ നായ്ക്കളെ മാറ്റുമ്പോൾ 3 എണ്ണം ഗര്‍ഭിണികളായിരുന്നു. സൊസൈറ്റി ഫോർ ദ് പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസ് (എസ്പിസിഎ) എന്ന സംഘം ഏറ്റെടുത്താണ് ഷെൽട്ടർ ഹോമിലേക്ക് മാറ്റിയത്. ഇവയെ ഉടമസ്ഥൻ വരുമ്പോൾ തിരിച്ചു നൽകും’’–സതീശൻ പറഞ്ഞു.
സതീഷ് വീടു വിട്ടു പോയതിന് 3 ദിവസത്തിനു ശേഷമാണ് നായ്ക്കളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയത്. അപ്പോഴേക്കും പട്ടിണി കിടന്ന് നായ്ക്കൾ അവശരായിരുന്നു. 60,000 മുതൽ മുകളിലേക്ക് വില വരുന്ന സൈബീരിയൻ ഹസ്കി അടക്കമുള്ള മുന്തിയ ഇനം നായ്ക്കളെയാണ് ഇവിടെ വളർത്തിയിരുന്നത്. ഇങ്ങനെയൊരു പ്രശ്നം ഉള്ളതായി അറിഞ്ഞ് എത്തുമ്പോൾ നായ്ക്കൾ അവശ നിലയിലായിരുന്നുവെന്ന് എസ്പിസിഎ ജില്ലാ സെക്രട്ടറി ടി.കെ.സജീവ് പറഞ്ഞു. ‘‘ആ വീടിന്റെ ഗേറ്റിനു പൂട്ടൊന്നും ഇല്ല. ആരോ വാതിൽ തുറന്നിടുകയും ചെയ്തു. വിദേശ ഇനം നായ്ക്കളാണ്. ആരെയെങ്കിലും ആക്രമിച്ചിരുന്നെങ്കിൽ പ്രശ്നമാകുമായിരുന്നു. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത ചൂണ്ടിക്കാട്ടി ഞങ്ങൾ പരാതി കൊടുത്തിട്ടുണ്ട്. ഇപ്പോൾ എല്ലാ നായ്ക്കളേയും ഷെൽട്ടറിലേക്ക് മാറ്റി’’– സജീവൻ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.