ന്യൂഡൽഹി; റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിനുള്ള ശിക്ഷയായി, ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യയ്‌ക്ക് തിരിച്ചടി.
മുൻകൂട്ടി തീരുമാനിച്ച താരിഫുകൾ പ്രാബല്യത്തിൽ വരുന്നതിന് 14 മണിക്കൂർ മുൻപാണ് അധിക താരിഫുകൾ ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചത്. ഓഗസ്റ്റ് 7 മുതൽ നേരത്തേ തീരുമാനിച്ച 25 ശതമാനം തീരുവ പ്രാബല്യത്തിൽ വരുമെങ്കിലും 21 ദിവസത്തിനു ശേഷമാണ് അധിക തീരുവ പ്രാബല്യത്തിൽ വരിക.അധിക താരിഫുകൾ ഇന്ത്യൻ കയറ്റുമതി ഉൽപന്നങ്ങളായ ഓട്ടോ പാർട്‌സ്, തുണിത്തരങ്ങൾ, ഇലക്ട്രോണിക്‌സ് തുടങ്ങിയവയുടെ വില കൂട്ടും. സ്റ്റീൽ, കെമിക്കൽ, ഫാർമ വ്യവസായങ്ങളെ ഇത് ബാധിക്കുകയും വലിയ തിരിച്ചടി നേരിടുകയും ചെയ്യും.ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര അസന്തുലിതാവസ്ഥ വർധിച്ചേക്കാം. വിതരണ ശൃംഖലയിൽ ഒരു മാറ്റമോ പുനഃപരിശോധനയോ ഉണ്ടാകാനും സാധ്യതയുണ്ട്.തീരുവ 50 ശതമാനം വർധിപ്പിച്ചതോടെ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് യുഎസ് വിപണിയിൽ വില കുത്തനെ കൂടും. ഇതോടെ ഇന്ത്യയിൽനിന്നുള്ള കയറ്റുമതി കുറയാനാണ് സാധ്യത. തുണിത്തരങ്ങൾ, തുകൽ ഉൽപന്നങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങി മേഖലകളിൽ കനത്ത നഷ്ടമുണ്ടായേക്കുമെന്നാണ് സാമ്പത്തിക മേഖലയിലെ വിദ്ഗധരുടെ നിരീക്ഷണം. ഉയർന്ന തീരുവയുമായി യുഎസ് മുന്നോട്ടുപോയാൽ ഇന്ത്യൻ വ്യവസായങ്ങൾക്ക് തിരിച്ചടി നേരിട്ടേക്കും.
ഇതോടൊപ്പം തന്നെ യുഎസിലെ സാധാരണ ഉപഭോക്താക്കളെയും ഇത് കാര്യമായി ബാധിക്കും. ആഗോള വ്യാപാരത്തിൽ അനിശ്ചിതത്വം സൃഷ്ടിക്കാനും സാധ്യതയുണ്ട്. ഇന്ത്യയ്‌ക്കെതിരായ അധിക താരിഫ് മറ്റ് രാജ്യങ്ങളെയും പ്രതികൂലമായി ബാധിച്ചേക്കും.യുഎസ് തീരുവ ഇരട്ടിയാക്കിയതോടെ വിവിധ വിഭാഗങ്ങളിൽപെട്ട ഉൽപന്നങ്ങൾക്കുമേൽ ഫലത്തിൽ 63.9 ശതമാനം വരെ തീരുവ ചുമത്തപ്പെട്ടേക്കാം. ഏറ്റവും കൂടുതൽ തിരിച്ചടി നേരിടുക ടെക്സ്റ്റൈൽ വ്യവസായമാണ്. വിവിധയിനം തുണിത്തരങ്ങൾക്കു തീരുവ നിലവിൽ 34.5% മുതൽ 48.4% വരെയാണ്. ഇത് 59% മുതൽ 63.9% വരെയായി ഉയരും.
അതേസമയം, ഈ രംഗത്ത് ഇന്ത്യയുമായി മത്സരിക്കുന്ന ചൈനയ്ക്കും (30%), ബംഗ്ലദേശിനും താരതമ്യേന കുറഞ്ഞ തീരുവയാണുള്ളത്.മെഷിനറി, പരവതാനി, ഓർഗാനിക് കെമിക്കലുകൾ തുടങ്ങിയവയുടെ കയറ്റുമതിയും വെല്ലുവിളി നേരിടും. ഈ രംഗത്ത് ഇന്ത്യയുമായി മത്സരിക്കുന്ന മറ്റു പല രാജ്യങ്ങളുടെയും തീരുവ നാമമാത്രമാണ്. ഇത് യുഎസ് വിപണിയിൽ ഇന്ത്യയുടെ മേൽക്കൈ നഷ്ടപ്പെടുത്തിയേക്കുമെന്നാണ് ആശങ്ക. അങ്ങനെ സംഭവിച്ചാൽ കയറ്റുമതിയിൽ 40–50% ഇടിവുണ്ടാകാം.
റഷ്യൻ എണ്ണയുടെ പേരിലുള്ള പിഴത്തീരുവ പ്രാബല്യത്തിലാകാൻ ഓഗസ്റ്റ് 27 വരെ സമയം നൽകിയത് ഇന്ത്യയുമായി ട്രംപ് വീണ്ടും വിലപേശലിന് ശ്രമിക്കുന്നുവെന്നതിന്റെ സൂചനയാണ്. അതിനകം യുഎസുമായി ഒത്തുതീർപ്പുണ്ടാക്കാൻ കഴിയേണ്ടതാണ്. റഷ്യൻ എണ്ണ വാങ്ങുന്നതു വിപണി സാഹചര്യവും ഊർജസുരക്ഷയും കണക്കിലെടുത്താണെന്ന് ഇന്ത്യ വ്യക്തമാക്കി. രാജ്യതാൽപര്യം ഉറപ്പാക്കാനുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്നും അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.