കൊച്ചി: കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് വരെയുള്ള മെട്രോ രണ്ടാംഘട്ടത്തിന്റെ നിർമാണം 'വേഗട്രാക്കിലേക്ക്'. അടുത്തവർഷം ജൂണെന്ന ലക്ഷ്യത്തിലാണ് നിർമാണം മുന്നേറുന്നത്.
നിശ്ചയിച്ച സമയത്തെക്കാൾ നൂറുദിവസം പുറകിലാണ് നിർമാണമെന്ന് അടുത്തിടെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) എംഡി വ്യക്തമാക്കിയിരുന്നു. ഇതു മറികടന്ന് രണ്ടാംഘട്ടത്തിലെ ആദ്യ അഞ്ചു സ്റ്റേഷനുകൾ അടുത്തവർഷം ജൂൺ 30-നകം പൂർത്തിയാക്കി സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
കരാറുകാരോട് നിർമാണം വേഗത്തിലാക്കാനും നിർദേശിച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തിന്റെ ഭാഗമായ 825 പൈലുകളുടെ നിർമാണം പൂർത്തിയായി. വയഡക്ടിനു വേണ്ടതിൽ 603 എണ്ണവും സ്റ്റേഷനു വേണ്ട പൈലുകളിൽ 222 എണ്ണവുമാണ് പൂർത്തിയായത്. രണ്ടാംഘട്ടത്തിൽ മെട്രോ വയഡക്ടിനുവേണ്ടി ആകെ 1601 പൈലുകളാണ് വേണ്ടത്. സ്റ്റേഷനുകൾക്കായി വേണ്ടത് 360 പൈലുകളാണ്. ആലിൻചുവട്, വാഴക്കാല, സെസ്, പാലാരിവട്ടം, കിൻഫ്ര, ചെമ്പുമുക്ക്, സിവിൽസ്റ്റേഷൻ എന്നിങ്ങനെ ഏഴു സ്റ്റേഷനുകളുടെ പൈലിങ് പൂർത്തിയായി.
കാസ്റ്റിങ് യാർഡിൽ മെട്രോയ്ക്കാവശ്യമായ ഗർഡറുകളുടെ നിർമാണം പുരോഗമിക്കുകയാണ്. യു ഗർഡറുകൾ 58 എണ്ണം കഴിഞ്ഞു. 500 എണ്ണമാണ് യു ഗർഡറുകൾ ആകെ ആവശ്യമുള്ളത്. ഐ ഗർഡർ 24 എണ്ണം പൂർത്തിയായി. 518 ഐ ഗർഡറുകളാണ് ആകെ ആവശ്യം. കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിന്നാണ് കാക്കനാട്ടേയ്ക്കുള്ള മെട്രോ സർവീസ് തുടങ്ങുക.
തുടർന്ന് പാലാരിവട്ടം ജങ്ഷൻ, ആലിൻചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ എന്നിവിടങ്ങളിലാണ് ആദ്യ അഞ്ചു സ്റ്റേഷനുകൾ. ഇവയുടെ നിർമാണം അടുത്തവർഷം ജൂൺ 30-നകം പൂർത്തിയാക്കാനാണ് കെഎംആർഎൽ ഉദ്ദേശിക്കുന്നത്. ഈ സ്റ്റേഷനുകളുടെ ആർക്കിടെക്ചർ ജോലികൾക്കുള്ള ടെൻഡർ നടപടികൾ തുടങ്ങിയിട്ടുണ്ട്. റോഡിന് മധ്യത്തിലൂടെയുള്ള മെട്രോ പാലം ഒരു കിലോമീറ്റർ പൂർത്തിയായാൽ ട്രാക്കിന്റെ ജോലികൾക്കും തുടക്കമാകും.
സിവിൽസ്റ്റേഷൻ ജങ്ഷൻ, കൊച്ചിൻ സെസ്, ചിറ്റേത്തുകര, കിൻഫ്ര, ഇൻഫോപാർക്ക് എന്നിങ്ങനെയുള്ള ശേഷിക്കുന്ന സ്റ്റേഷനുകളുടെ നിർമാണം 2026 ഡിസംബറിനകം പൂർത്തിയാക്കാനാണ് കെഎംആർഎൽ ഉദ്ദേശിക്കുന്നത്. അടുത്തവർഷം ഡിസംബർ 31-നകം ഈ സ്റ്റേഷനുകളിലേക്ക് സർവീസ് ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് വരെ 11.2 കിലോമീറ്റർ വരുന്നതാണ് മെട്രോയുടെ രണ്ടാംഘട്ടമായ പിങ്ക് ലൈൻ. 1957 കോടി രൂപയാണ് രണ്ടാംഘട്ടത്തിന്റെ നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.