മുംബൈ: മഹാരാഷ്ട്ര ലോക്‌സഭ- നിയമസഭ തിരഞ്ഞെടുപ്പ് ഡാറ്റ തെറ്റായി വ്യാഖ്യാനിച്ചെന്ന് പരസ്യമായി സമ്മതിച്ച് തിരഞ്ഞെടുപ്പ് നിരീക്ഷകൻ(സെഫോളജിസ്റ്റ്) സഞ്ജയ് കുമാർ.
ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ 'വോട്ട് ചോരി' ആരോപണത്തിനിടയിൽ, മുമ്പ് കോൺഗ്രസിന് അനുകൂലമായി നടത്തിയ തിരഞ്ഞെടുപ്പ് വിശകലനത്തിൽ ഡാറ്റ തെറ്റായി വ്യാഖ്യാനിച്ചെന്നാണ് സഞ്ജയ് കുമാർ ഇപ്പോൾ പറയുന്നത്. ഇത് കോൺഗ്രസിനേറ്റ വൻതിരിച്ചടിയായി.
ലോക്‌നീതി സിഎസ്ഡിഎസ് പ്രോജക്റ്റിന്റെ കോ-ഡയറക്ടറായ കുമാർ, 2024-ലെ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾക്കിടയിൽ മഹാരാഷ്ട്രയിലെ നാല് മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണത്തിൽ വലിയ ഏറ്റക്കുറച്ചിലുകൾ കാണിക്കുന്ന കണക്കുകൾ പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ രണ്ടെണ്ണത്തിൽ കുത്തനെയുള്ള ഇടിവും രണ്ടെണ്ണത്തിൽ വൻവവർധനവുമായിരുന്നു കാണിച്ചത്. എക്സിൽ പ്രസിദ്ധീകരിച്ച പോസ്റ്റുകൾ അതിവേഗം ഓൺലൈനിൽ പ്രചരിച്ചിരുന്നു. വോട്ടർ പട്ടികയിൽ വലിയ തോതിൽ പേരുകൾ നീക്കം ചെയ്യുകയോ കൂട്ടിച്ചേർക്കലുകലോ നടത്തിയെന്ന് ഈ കണക്കുകൾ സൂചിപ്പിച്ചു.
എന്നാൽ, ഡാറ്റ വൈറലായതിന് തൊട്ടുപിന്നാലെ, സഞ്ജയ് കുമാർ രണ്ട് പോസ്റ്റുകളും ഡിലീറ്റ് ചെയ്യുകയും വായിച്ചതിലെ പിഴവുമൂലം ഡാറ്റ തെറ്റായി താരതമ്യം ചെയ്യപ്പെട്ടെന്നു വ്യക്തമാക്കുന്ന വിശദീകരണം പുറത്തിറക്കുകയും ചെയ്തു. സഞ്ജയ് കുമാറിന്റെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ ആരോപണങ്ങളും നിഷേധിക്കുകയായിരുന്നു.
സഞ്ജയ് കുമാർ ഡിലീറ്റ് ചെയ്ത പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട്
മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചില വിവരങ്ങൾ' എന്ന തലക്കെട്ടിൽ സഞ്ജയ് കുമാർ രണ്ട് വ്യത്യസ്ത ട്വീറ്റുകൾ പങ്കുവെച്ചിരുന്നു. അവയിൽ നാല് മണ്ഡലങ്ങളിൽ നിന്നുള്ള ഡാറ്റ ഉൾപ്പെടുത്തി. രാംടെക്കിൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ 4.66 ലക്ഷം വോട്ടർമാരുണ്ടായിരുന്നത് നിയമസഭാ തിരഞ്ഞെടുപ്പിൽ 2.86 ലക്ഷമായി കുറഞ്ഞുവെന്ന് അദ്ദേഹം അവകാശപ്പെട്ടു, ഇത് 38.45 ശതമാനത്തിന്റെ കുറവാണ്. ദേവ്ലാലിയിലും സമാനമായ പ്രവണതയായിരുന്നു. അവിടെ വോട്ടർമാരുടെ എണ്ണം 4.56 ലക്ഷത്തിൽ നിന്ന് 2.88 ലക്ഷമായി കുറഞ്ഞു. ഇത് 36.82 ശതമാനം ഇടിവാണ്.
സഞ്ജയ് കുമാർ ഡിലീറ്റ് ചെയ്ത ശേഷം പോസ്റ്റ് ചെയ്ത പ്രസ്താവനയുടെ സ്‌ക്രീൻഷോട്ട് ഇതിന് വിപരീതമായി, നാസിക് വെസ്റ്റിൽ 47.38 ശതമാനത്തിന്റെ വർധനവുണ്ടായി, അവിടെ ദേശീയ തിരഞ്ഞെടുപ്പിൽ 3.28 ലക്ഷമായിരുന്ന വോട്ടർമാരുടെ എണ്ണം സംസ്ഥാന തിരഞ്ഞെടുപ്പിൽ 4.83 ലക്ഷമായി ഉയർന്നു. ഹിംഗനയിലും അസാധാരണമായ വർധന് കാണപ്പെട്ടു, വോട്ടർമാരുടെ എണ്ണം 3.14 ലക്ഷത്തിൽനിന്ന് 4.50 ലക്ഷമായി ഉയർന്നു, ഇത് 43.08 ശതമാനം വർധനവാണ്.
എന്നാൽ പിന്നീട്, അദ്ദേഹം രണ്ട് ട്വീറ്റുകളും ഡിലീറ്റ് ചെയ്ത് 'എക്‌സി'ൽ പ്രസ്താവന പ്രസിദ്ധീകരിക്കുകയായിരുന്നു: 'മഹാരാഷ്ട്ര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ട്വീറ്റുകൾക്ക് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. 2024-ലെ ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിലെ ഡാറ്റ താരതമ്യം ചെയ്തപ്പോൾ പിശക് സംഭവിച്ചു. ഞങ്ങളുടെ ഡാറ്റാ ടീം ഡാറ്റയിലെ വരികൾ തെറ്റായി വായിക്കുകയായിരുന്നു. ആ ട്വീറ്റ് നീക്കം ചെയ്തിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ഉദ്ദേശ്യമുണ്ടായിരുന്നില്ല.'
ചില മണ്ഡലങ്ങളിൽ 40 ശതമാനം വോട്ടർമാരെ 'കാണാതായെന്നും ചിലയിടങ്ങളിൽ അസ്വാഭാവികമായ വർധനവുണ്ടായെന്നും ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഈ കണക്കുകൾ ഉപയോഗിച്ചതായി ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല ആരോപിച്ചു.
'2024-ലെ ലോക്സഭാ, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയും സഖ്യകക്ഷികളും വിജയിച്ചത് ഈ മാന്യന്റെ (രാജീവ് കുമാർ) വലിയ സഹായത്തോടെയാണ്! ശിവസേന പാർട്ടിയും ചിഹ്നവും ഒറ്റുകാരായ വിഭാഗത്തിന് നൽകി അദ്ദേഹം കൂറുമാറ്റത്തെ പ്രോത്സാഹിപ്പിച്ചു!' സഞ്ജയ് കുമാറിന്റെ ആദ്യ പോസ്റ്റ് ചൂണ്ടിക്കാട്ടി ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പരിഹസിച്ചിരുന്നു.
വസ്തുനിഷ്ഠമായ വിശകലനം നടത്തുന്നതിനു പകരം കോൺഗ്രസിന്റെ 'വ്യാജ ആഖ്യാനത്തിന്' സഞ്ജയ് കുമാർ വളംവെച്ചുകൊടുക്കുകയാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു. 'ക്ഷമാപണം വന്നു, സഞ്ജയ് കുമാർ പുറത്തായി,' എന്ന് അദ്ദേഹം എക്സിൽ കുറിച്ചു, സഞ്ജയ് കുമാറിനെ 'യോഗേന്ദ്ര യാദവിന്റെ ശിഷ്യൻ' എന്ന് വിശേഷിപ്പിച്ച മാളവ്യ, ബിജെപിയുടെ പരാജയം സംബന്ധിച്ച അദ്ദേഹത്തിന്റെ ആവർത്തിച്ചുള്ള പ്രവചനങ്ങൾ പഠനമല്ല, മറിച്ച് മുൻവിധിയോടു കൂടിയുള്ള പ്രസ്താവന മാത്രമാണെന്നു പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.