ഗുവാഹത്തി : മൂർഖനും (monocled cobra) ശംഖുവരയനും (krait) ചത്തതിനു ശേഷവും ആറു മണിക്കൂർ വരെ വിഷം വമിപ്പിക്കാനുള്ള ശേഷിയുണ്ടെന്നും കടിയേൽക്കാൻ സാധ്യതയുണ്ടെന്നും കണ്ടെത്തൽ.
‘പാമ്പുകടിയേറ്റുള്ള മരണം: ചത്ത പാമ്പിന്റെ വിഷബാധയും ചികിത്സയും സംബന്ധിച്ച കേസ് റിപ്പോർട്ട്’ എന്ന തലക്കെട്ടിൽ, ഫ്രൊണ്ടിയേഴ്സ് ഇൻ ട്രോപ്പിക്കൽ ഡിസീസ് എന്ന രാജ്യാന്തര ശാസ്ത്ര ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. സുവോളജിസ്റ്റായ സുസ്മിത ഥാക്കൂർ, ബയോടെക്നോളജിസ്റ്റ് റോബിൻ ദോലെ, അനെസ്തേഷ്യോളജിസ്റ്റ് സുരജിത് ഗിരി, പീഡിയാട്രീഷ്യന്മാരായ ഗൗരവ് ചൗധരി, ഹെമിൻ നാഥ് എന്നിവരടങ്ങുന്ന ഗവേഷക സംഘമാണ് ഈ കണ്ടെത്തൽ നടത്തിയത്.
ചത്ത പാമ്പിന്റെ കടിയേറ്റ മൂന്ന് സംഭവങ്ങളാണ് പഠനത്തിൽ എടുത്തുപറഞ്ഞിരിക്കുന്നത്. രണ്ടെണ്ണം ചത്ത മൂർഖൻ പാമ്പിന്റെയും ഒന്ന് ശംഖുവരയന്റെയും കടിയേറ്റതായിരുന്നു. അസമിലാണ് ഇവ സംഭവിച്ചത്. 20 ഡോസ് ആന്റിവെനം നൽകിയാണ് കടിയേറ്റവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായത്. 25 ദിവസത്തോളം ആശുപത്രിയിൽ കഴിയേണ്ടിയും വന്നു.
റാറ്റിൽ സ്നേക്സ്, കോപ്പർഹെഡ്സ്, സ്പിറ്റിങ് കോബ്ര, ഓസ്ട്രേലിയൻ റെഡ് ബെല്ലീഡ് ബ്ലാക്ക് സ്നേക്സ് എന്നിവയ്ക്ക് ചത്ത ശേഷവും കടിക്കാനും മനുഷ്യനെയും മൃഗങ്ങളെയും കൊല്ലാനുമുള്ള ശേഷിയുണ്ടെന്ന് പറയപ്പെടുന്നുണ്ട്. എന്നാൽ, ചത്ത ശേഷവും കടിക്കാൻ മൂർഖനും ശംഖുവരയനും കഴിയുമെന്നത് തെളിയിക്കുന്ന, ലോകത്തെ തന്നെ ആദ്യ സംഭവങ്ങളാണ് അസമിൽ റിപ്പോർട്ട് ചെയ്തതെന്ന് ഗവേഷക സംഘത്തിലെ ഡോ. സുരജിത് ഗിരി പറയുന്നു.ഇതിൻറെ കാരണവും ഗവേഷകർ പറയുന്നുണ്ട്. ഉഷ്ണരക്തമുള്ള സസ്തനികളുടെ ജീവൻ നഷ്ടമാവുകയോ തലയറുക്കപ്പെടുകയോ ചെയ്താലും പരമാവധി ഏഴു മിനിറ്റുവരെ മാത്രമാണ് തലച്ചോർ സജീവമായിരിക്കുക. എന്നാൽ, ഉഷ്ണരക്തവും സാവധാനത്തിലുള്ള ഉപാപചയവുമുള്ള പാമ്പുകളിൽ തല വെട്ടിമാറ്റിയാൽ പോലും നാലു മുതൽ ആറു മണിക്കൂർ വരെ തലച്ചോർ ജീവനോടെയുണ്ടാകുമത്രെ. ഇങ്ങനെ വെട്ടിമാറ്റിയ തലയിൽ തൊടുമ്പോൾ പോലും റിഫ്ലക്സ് പ്രവർത്തനത്തിന്റെ ഭാഗമായി കടിയേൽക്കുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.