ന്യൂഡൽഹി: ബിഹാർ വോട്ടർപട്ടിക പരിഷ്കരണത്തെച്ചൊല്ലി പ്രതിപക്ഷം കടുത്തവിമർശനമുയർത്തുന്നതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഉന്നതാധികാര ജനസംഖ്യാദൗത്യം ആർഎസ്എസിന്റെയും ബിജെപിയുടെയും തീവ്ര അജൻഡ മറനീക്കുന്നതാണ്
അനധികൃത കുടിയേറ്റവും നുഴഞ്ഞുകയറ്റവും തടയുന്നതിനെന്ന വിശേഷണവുമായാണ് ദൗത്യം പ്രഖ്യാപിച്ചത്. ദീർഘകാലമായി ആർഎസ്എസ് ഉയർത്തുന്ന ആശയത്തിന്റെയും ബിജെപിയുടെ തിരഞ്ഞെടുപ്പുപ്രചാരണത്തിന്റെയും ഉള്ളടക്കംതന്നെയാണത്. പശ്ചിമബംഗാൾ, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലെ രാഷ്ട്രീയലക്ഷ്യങ്ങളാണ് ഈ അടിയന്തരനീക്കത്തിനുപിന്നിൽ. അസമിലെ എൻആർസി ഝാർഖണ്ഡിലേക്ക് വ്യാപിപ്പിക്കണമെന്ന സമീപനവും ഇതിനൊപ്പമുണ്ട്.വരുംദിവസങ്ങളിൽ വിവാദങ്ങളുടെ വാതിൽതുറക്കലാകും തീരുമാനം. അതിർത്തിപ്രദേശങ്ങളിൽ ജനസംഖ്യാമാറ്റം ഉണ്ടാകുന്നുണ്ടെന്നും അത് ഇന്ത്യയുടെ സുരക്ഷയ്ക്ക് കടുത്തഭീഷണിയാണെന്നും രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഗുരുതരപ്രശ്നമായി വളരുകയാണെന്നും ചൂണ്ടിക്കാട്ടിയുള്ള പ്രഖ്യാപനത്തിനുപിന്നിൽ വോട്ടുരാഷ്ട്രീയമാണ്. ജനസംഖ്യയുടെ സ്വഭാവമാറ്റങ്ങളെ അനധികൃത കുടിയേറ്റം, നുഴഞ്ഞുകയറ്റം, മതപരിവർത്തനം, വിവിധ മതവിഭാഗങ്ങളിലെ വ്യത്യസ്തങ്ങളായ പ്രത്യുത്‌പാദനനിരക്ക് എന്നിവയുമായി ബന്ധപ്പെടുത്തിയാണ് ബിജെപിയും ആർഎസ്എസും വീക്ഷിക്കുന്നത്.
അതിർത്തിപ്രദേശങ്ങളിലെ വോട്ടർമാരുടെ എണ്ണത്തിലും വോട്ടിങ് പാറ്റേണിലും അനധികൃതകുടിയേറ്റവും നുഴഞ്ഞുകയറ്റവും പ്രധാനഘടകങ്ങളാണെന്ന നിരീക്ഷണവുമുണ്ട്.
മതപരിവർത്തനവും നുഴഞ്ഞുകയറ്റവും സമുദായങ്ങൾ തമ്മിലുള്ള സന്തുലനം തെറ്റിക്കുന്നുവെന്നും രാഷ്ട്രീയ അതിർത്തികൾ മാറ്റിവരയ്ക്കുന്നുവെന്നുമാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും നിഗമനം. ബംഗ്ലാദേശിൽനിന്നുള്ള അനധികൃതകുടിയേറ്റക്കാർ ബംഗാളിലും ഝാർഖണ്ഡിലുമെത്തി ആദിവാസിപെൺകുട്ടികളെ വിവാഹം കഴിച്ച് അവരെ മതംമാറ്റുകയും അതിർത്തിപ്രദേശങ്ങളിൽ ഭൂമിവാങ്ങുകയും ചെയ്യുന്നുവെന്നത് ബിജെപിയുടെ ആരോപണമാണ്. റോഹിംഗ്യകളുടെ കുടിയേറ്റത്തെയും രാഷ്ട്രീയവുമായി ബന്ധപ്പെടുത്തിയാണ് വീക്ഷിക്കുന്നത്.2024-ലെ ലോക്‌സഭാതിരഞ്ഞെടുപ്പിലും ഇക്കാര്യങ്ങൾ ബിജെപിയുടെ പ്രധാന പ്രചാരണവിഷയങ്ങളായിരുന്നു. മതപരിവർത്തനം സംബന്ധിച്ച ആരോപണമുയർത്തിയായിരുന്നു ആദിവാസിമേഖലകളിൽ ബിജെപിയുടെ നീക്കം
പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ഉന്നയിക്കുന്ന വിഷയങ്ങളാണ് നുഴഞ്ഞുകയറ്റവും അനധികൃത കുടിയേറ്റവും. ബംഗ്ലാദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റക്കാർ ഇന്ത്യക്കാരുടെ അവസരങ്ങൾ കവർന്നെടുക്കുന്ന ചിതലുകളാണെന്നായിരുന്നു 2018-ൽ അമിത് ഷാ പറഞ്ഞത്. 2022-ൽ അമിത് ഷായുടെ അധ്യക്ഷതയിൽചേർന്ന അതിർത്തിസംസ്ഥാനങ്ങളിലെ പോലീസ് മേധാവികളുടെ യോഗം അതിർത്തിമേഖലകളിലെ ജനസംഖ്യാ സ്വഭാവമാറ്റം എന്ന വിഷയം ചർച്ചചെയ്തിരുന്നു.2022-ലെ വിജയദശമിദിനത്തിൽ നാഗ്പുരിൽനടന്ന യോഗത്തിൽ ജനസംഖ്യയിലെ അസന്തുലിതാവസ്ഥ ലോകത്ത് പലയിടങ്ങളിലും രാജ്യവിഭജനങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശവും ഈ ഉള്ളടക്കത്തിന്റെ സൂചനയായിരുന്നു.
ആസൂത്രിത ഗുഢാലോചനയിലൂടെ രാജ്യത്തെ ജനസംഖ്യാസ്വഭാവം മാറ്റാൻ ശ്രമം നടക്കുന്നുന്നെന്നാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിനപ്രസംഗത്തിൽ പറഞ്ഞത്. അതിർത്തിപ്രദേശങ്ങളിൽ ജനസംഖ്യാസ്വഭാവത്തിൽ മാറ്റംവരുന്നുണ്ടെങ്കിൽ അത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും പറഞ്ഞാണ് ജനസംഖ്യാദൗത്യം ആരംഭിക്കുന്ന കാര്യം മോദി വ്യക്തമാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.