നിലമ്പൂർ: ഷൊർണൂർ-നിലമ്പൂർ റെയിൽവേ പാതയിൽ രാത്രികാല മെമു സർവീസ് ശനിയാഴ്ച തുടങ്ങും. ആദ്യ സർവീസ് ഷൊർണൂരിൽനിന്ന് രാത്രി 8.35-ന് നിലമ്പൂരിലേക്ക് പുറപ്പെടും.
എറണാകുളം, തൃശ്ശൂർ മേഖലയിൽനിന്ന് രാത്രി നിലമ്പൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ഇനി എക്സിക്യുട്ടീവ് എക്സ്പ്രസിനെ ആശ്രയിക്കാതെ മെമുവിൽ പോകാം.സര്‍വീസ് ഇങ്ങനെ രാത്രി 8.35-ന് ഷൊർണൂരിൽനിന്ന് പുറപ്പെടും. 10.05-ന് നിലമ്പൂരിൽ. പുലർച്ചെ 3.40-ന് നിലമ്പൂരിൽനിന്ന് പുറപ്പെടും. 4.55-ന് ഷൊർണൂരിൽ.
സമയം മാറ്റണമെന്ന് ആവശ്യം
മെമു സർവീസിന്റെ സമയക്രമം പുതുക്കണമെന്ന ആവശ്യവും ശക്തമാണ്. നിലവിലെ സമയം വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾക്കു പ്രയാസമാകും. ഷൊർണൂരിൽ നിന്നുള്ള പുറപ്പെടൽ 9.15 ആക്കിയാൽ വന്ദേഭാരതിന് കണക്‌ഷൻ ലഭിക്കും. ആലപ്പുഴ, കണ്ണൂർ എക്സിക്യുട്ടീവ് എക്സ്‌പ്രസ്, തിരുവനന്തപുരം മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് എന്നിവയ്ക്കും കണക്‌ഷൻ ഉറപ്പിക്കാം.
നിലവിൽ ഷൊർണൂരിൽനിന്ന് 8.15-ന് പുറപ്പെടുന്ന ട്രെയിൻ സമയത്തിലും മാറ്റം വരുത്തിയാൽ ഈ ട്രെയിനിനും കൂടുതൽ കണക്‌ഷൻ ലഭിക്കും. മെമുവിന്റെ പുലർച്ചെ നിലമ്പൂരിൽനിന്നുള്ള പുറപ്പെടൽസമയം അല്പം വൈകിയാക്കിയാൽ 4.30-നുള്ള ഷൊർണൂർ–എറണാകുളം– ആലപ്പുഴ മെമു കണക്‌ഷൻ ലഭിക്കും. ഏറെ യാത്രക്കാരാണ് ആ സമയത്ത് ഷൊർണൂർ-എറണാകുളം മെമുവിനെ ആശ്രയിക്കുന്നത്. നാലരയ്ക്കുള്ള മെമു പോയാൽ പിന്നീട് ഏഴരവരെ കാത്തിരിക്കണം എറണാകുളത്തേക്ക് പോകാൻ. ഒന്ന് രണ്ട് ദീർഘദൂര വണ്ടികളുണ്ടെങ്കിലും പലപ്പോഴും വൈകിവരുന്നതിനാലും തിരക്കുള്ളതിനാലും പ്രയോജനമുണ്ടാകാറില്ല.
ട്രെയിൻ ക്രോസിങ് സ്റ്റേഷനായ അങ്ങാടിപ്പുറത്ത് എത്തിയശേഷമേ അടുത്ത ട്രെയിൻ പുറപ്പെടാനാകൂ എന്നതിനാൽ രാത്രി 8.15-ന് ഷൊർണൂരിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ അല്പം നേരത്തേയാക്കുമെന്നാണു വിവരം. എറണാകുളം–ഷൊർണൂർ മെമു സർവീസ് നിലമ്പൂരിലെത്തി പുലർച്ചെ 3.40 വരെ വെറുതേ കിടക്കുന്നതിനാൽ ഈ ട്രെയിൻ അല്പം വൈകിമാത്രം ഷൊർണൂരിൽനിന്ന് പുറപ്പെടാനും സാധിച്ചേക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. അങ്ങനെ വന്നാൽ കണക്‌ഷൻ ട്രെയിനുകൾക്ക് കൂടുതൽ ഗുണകരമാകും
തുവ്വൂർ, തൊടികപ്പുലം, വാടാനാംകുറുശ്ശി സ്റ്റോപ്പില്ല
അങ്ങാടിപ്പുറം : പുതിയ മെമുവിന് തൊടികപുലം, തുവ്വൂർ, വാടാനാംകുറുശ്ശി എന്നിവിടങ്ങളിൽക്കൂടി സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യം ശക്തമാണ്. തിരിച്ച് നിലമ്പൂർ-ഷൊർണൂർ മെമുവിന് അങ്ങാടിപ്പുറത്തും വാണിയമ്പലത്തും മാത്രമായി സ്റ്റോപ്പ് ചുരുക്കിയതിലും പ്രതിഷേധമുണ്ട്.
ഷൊർണൂർ മെമു വണ്ടി നിലമ്പൂരിലേക്ക് നീട്ടണമെന്ന് നിലമ്പൂർ-മൈസൂരു റെയിൽവേ ആക്‌ഷൻ കൗൺസിലും ട്രെയിൻ ടൈം കൂട്ടായ്മയും ഷൊർണൂർ-നിലമ്പൂർ പാസഞ്ചഴ്‌സ് അസോസിയേഷനും നിരന്തരം സമ്മർദം ചെലുത്തിയതിന്റെ ഭാഗമായാണ് മെമു സർവീസ് നിലമ്പൂരിലേക്ക് നീട്ടാൻ റെയിൽവേ തീരുമാനമെടുത്തത്. അബ്ദുൾ വഹാബ് എംപിയുടെയും ജനപ്രതിനിധികളുടെയും വിവിധ സംഘടനകളും ആവശ്യം ഉന്നയിച്ചിരുന്നു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി പാർലമെന്റിൽ വിഷയം അവതരിപ്പിക്കുകയും ചെയ്തിരുന്നു.
ഈ പാതയിൽ കോവിഡിന് ശേഷം നിർത്തലാക്കിയ ഉച്ചയ്ക്കുള്ള വണ്ടികൾ പുനരാരംഭിക്കാത്തതിനാൽ നാലു മണിക്കൂറോളം സർവീസുകൾ ഇല്ല.. ഇത് പരിഹരിക്കാനായി 66603 നമ്പർ കോയമ്പത്തൂർ-ഷൊർണൂർ മെമു നിലമ്പൂരിലേക്ക് നീട്ടുകയും തിരിച്ച് ഈ വണ്ടി 1.15-ന് പുറപ്പെട്ട് 5.35-ന് കോയമ്പത്തൂരിൽ എത്തുന്ന വിധത്തിൽ നിലമ്പൂർ -കോയമ്പത്തൂർ മെമു സർവീസും അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നിലമ്പൂർ-മൈസൂരു റെയിൽവെ ആക്‌ഷൻ കൗൺസിൽ കേന്ദ്രമന്ത്രി ജോർജ് കുര്യന് നിവേദനം അയച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.