തിരുവനന്തപുരം: മുടിവെട്ടുന്ന കത്രികയാണ് ഇവര്‍ക്കിപ്പോള്‍ ആയുധം. ആരെയും വേദനിപ്പിക്കാതെ, സൂക്ഷ്മതയോടെ, മാനസാന്തരത്തിലൂടെയൊരു അതിജീവനം. കേസുകളില്‍ ശിക്ഷയനുഭവിക്കുന്നവര്‍ക്ക് ജയിലിനുപുറത്ത് പുതിയൊരിടം - ജയില്‍വകുപ്പിന്റെ ഫ്രീഡം ലുക്ക് ബ്യൂട്ടിപാര്‍ലര്‍. പക്ഷേ, പ്രവേശനം ആണുങ്ങള്‍ക്കുമാത്രം.
ശീതീകരിച്ച സലൂണില്‍ പാട്ടുകേള്‍ക്കാം, വായിക്കാം. നല്ലനടപ്പിന്റെ വഴികളിലെത്തിയവരാണ് ഇവിടത്തെ മുടിവെട്ടുകാര്‍. ഒരുറുമ്പിനെപ്പോലും നോവിക്കാന്‍ കഴിയാത്ത മനഃസ്ഥിതിയിലാണിവര്. 2019-ലാണ് ഫ്രീഡം ലുക്ക് ജെന്‍സ് പാര്‍ലര്‍ തുടങ്ങിയത്. രാവിലെ എട്ടിന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് പോലീസ്കാവലില്‍ സലൂണ്വേഷത്തില് തടവുകാര്‍ പാര്ലറിലെത്തും.ഹെയര്‍കട്ടിങ്, കളറിങ്, ഫേഷ്യലുകള്‍, ഓയില്‍ മസാജ്, ഹെയര്‍ വാഷ് ആന്‍ഡ് ബ്ലോ ഡ്രൈ, ക്ലീന്‍അപ്പ് തുടങ്ങി എല്ലാം ഇവര്ക്കുവഴങ്ങും. രാത്രി ഏഴുവരെയാണ് പ്രവര്‍ത്തനം. ജോലിക്കു കൂലിയുണ്ട്. സാധാരണ ഹെയര്‍കട്ടിന് 70 രൂപയും ഗോള്‍ഡ് ഫേഷ്യലിന് 800 രൂപയുമാണ് നിരക്ക്. 3000-4000 രൂപ വരെയാണ് ഫ്രീഡം ലുക്കിന്റെ പ്രതിദിനവരുമാനം. കഴിഞ്ഞ സാമ്പത്തികവര്‍ഷംമാത്രം എട്ടുലക്ഷം രൂപയാണ് ലാഭം
മുടിവെട്ടുകാരില്‍ ഒരാള്‍ അസംകാരനാണ്. പത്രങ്ങളും വാരികകളും വായിച്ച് ഇയാള്‍ മലയാളം വശമാക്കിക്കഴിഞ്ഞു. മാതൃഭൂമി പത്രവും ആഴ്ചപ്പതിപ്പും സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍, യാത്ര എന്നിവയൊക്കെയാണ് സലൂണില്‍ വായനയ്ക്കുള്ളത്. തൊഴില്‍പരിശീലനം നല്‍കുന്നതിന് 22 പേര്‍ക്കാണ് തിരുവനന്തപുരം വനിതാ പോളിടെക്നിക് കോളേജിന്റെ കീഴില്‍ ബ്യൂട്ടീഷന് കോഴ്സില്‍ പരിശീലനം നല്‍കിയത്.മൂന്നുമാസത്തെ കോഴ്സ്. 2019-ല്‍ മുന്‍ ഡിജിപി ഋഷിരാജ് സിങ്, മുന്‍ എഡിജിപി ആര്. ശ്രീലേഖ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്ത സലൂണ്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പിനുപുറത്ത് റോഡ് വക്കിലാണ്. നിരക്കുകുറവായതിനാല് സുന്ദരന്മാരാകാന്‍ തിരക്കാണിവിടെയെപ്പോഴും.
(ജയില്‍വകുപ്പ് അധികൃതരുടെ നിര്‍ദേശപ്രകാരം സുരക്ഷാമാനദണ്ഡങ്ങള്‍ കാരണം ആരുടെയും പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.