എടവണ്ണ: കാടുകയറ്റാന്‍ ശ്രമിക്കുന്നതിനിടെ തിരിഞ്ഞോടിയ ആന വീട്ടമ്മയെ തട്ടിയിട്ട് ചവിട്ടിക്കൊന്നു. കിഴക്കേ ചാത്തല്ലൂര്‍ കാവില്‍ അട്ടിപട്ടീരി വീട്ടില്‍ കല്യാണിയമ്മ (65)യാണ് മരിച്ചത്. പ്രദേശത്ത് ആനയിറങ്ങിയതറിഞ്ഞ്, കൊച്ചുമകന്‍ അബിന്‍ കൃഷ്ണയെത്തേടി ഇറങ്ങിയതായിരുന്നു അവര്‍. ഇതേസമയം കാട്ടാനയെ തുരത്താനായി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ റബ്ബര്‍ ബുള്ളറ്റുപയോഗിച്ച് വെടിവെച്ചു. പരിഭ്രമിച്ച ആന തിരിഞ്ഞോടി കല്യാണിയെ ചവിട്ടുകയായിരുന്നു. ഉടന്‍ ഒതായിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
വ്യാഴാഴ്ച രാവിലെ പത്തരയോടെ കല്യാണിയമ്മയുടെ വീടിന് നൂറുമീറ്റര്‍ മാത്രം അകലെയാണ് സംഭവം. രണ്ടാഴ്ചയായി ഒതായി, കിഴക്കേചാത്തല്ലൂര്‍, പടിഞ്ഞാറെ ചാത്തല്ലൂര്‍ മേഖലകളില്‍ കാട്ടാന ശല്യമുണ്ട്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പ്രദേശത്ത് വനപാലകര്‍ തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ എട്ടുമുതല്‍ കൊടുമ്പുഴ, എടക്കോട് ഫോറസ്റ്റ് സ്റ്റേഷനുകളിലെയും നിലമ്പൂര്‍ റാപ്പിഡ് റെസ്‌ക്യൂ ടീമിലെയും മുപ്പതോളം ജീവനക്കാര്‍ പ്രദേശത്തെത്തി. കമ്പിക്കയം വെള്ളച്ചാട്ടത്തിനുസമീപം ആനയെ കണ്ടതോടെ കാട്ടിലേക്ക് തുരത്താനായി വെടിവെച്ചു. തിരിഞ്ഞോടിയ ആനയില്‍നിന്ന് മൂന്ന് ജീവനക്കാര്‍ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു.കൊച്ചുമകന്‍ അബിനും കൂട്ടുകാരും, രാവിലെ പരീക്ഷ ഇല്ലാതിരുന്നതിനാല്‍, ഇവിടത്തെ ചോലയില്‍ കുളിക്കാന്‍ പോയതാകുമെന്ന് കരുതി കൂട്ടിക്കൊണ്ടുവരാന്‍ പോയതായിരുന്നു കല്യാണിയമ്മ. എന്നാല്‍, അബിന്‍ മറ്റൊരിടത്തേക്ക് പോയിരുന്നു.
നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കാതെയും, കാടിനോടുചേര്‍ന്ന മുകള്‍ഭാഗത്തുനിന്ന് താഴോട്ടു വെടിവെച്ചതാണ് വീട്ടമ്മയുടെ ജീവന്‍ നഷ്ടപ്പെടുത്തിയതെന്ന് എടവണ്ണ പഞ്ചായത്തംഗം ശിഹാബുദ്ദീന്‍ കാഞ്ഞിരാല ആരോപിച്ചു.മഞ്ചേരി മെഡിക്കല്‍കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി വൈകീട്ട് മൃതദേഹം വീട്ടിലെത്തിച്ചു. സ്ഥലത്തെത്തിയ നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ പി. ധനേഷ്‌കുമാറിനെ നാട്ടുകാര്‍ തടഞ്ഞു. ആനയ്ക്ക് മയക്കുവെടിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാല്‍, പ്രദേശം ചെങ്കുത്തായ സ്ഥലമാണെന്നും മയക്കുവെടിവെച്ച് വീഴ്ത്തിയാല്‍ ആനയെ മറ്റൊരിടത്തേക്ക് മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു. ആനയെ കണ്ടെത്താനായി ഡ്രോണ്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി തിരച്ചില്‍ ശക്തമാക്കി. ആമസോണ്‍ വ്യൂ പോയിന്റിലേക്കും ചോലയിലേക്കുമായി സഞ്ചാരികളെത്തുന്ന സ്ഥലംകൂടിയാണിത്.
പരേതനായ ചന്ദ്രനാണ് കല്യാണിയുടെ ഭര്‍ത്താവ്. മക്കള്‍: ലീന, ഷിജി, ഉഷ, ശില്‍ജു. മരുമക്കള്‍: അറുമുഖന്‍ എടവണ്ണപ്പാറ, അറുമുഖന്‍ ഇരുവേറ്റി, ഷിബു കുരിക്കലംപാട്, നീതു എടവണ്ണ.
മരണകാരണം നെഞ്ചിനേറ്റ ക്ഷതം
നെഞ്ചിനേറ്റ ക്ഷതം മരണത്തിലേക്ക് നയിച്ചതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. നെഞ്ചിലെ എല്ലുകള്‍ പൊട്ടിയിട്ടുണ്ട്. ഇത് ആന തുമ്പിക്കൈകൊണ്ട് അടിച്ചതാകാമെന്നാണ് പ്രാഥമികനിഗമനം. നെഞ്ചിനേറ്റ പരിക്കല്ലാതെ ശരീരത്തില്‍ മറ്റ് മുറിവുകളോ ക്ഷതമോ പരിശോധനയില്‍ കണ്ടെത്താനായില്ല.
ജീവന്‍വെടിഞ്ഞും അമ്മൂമ്മക്കരുതല്‍
കല്യാണിയമ്മയ്ക്ക് മക്കളും കൊച്ചുമക്കളുമൊക്കെ എന്നും പ്രാണനായിരുന്നു. അവരെയെല്ലാം അത്രമേല്‍ സ്‌നേഹിച്ചിരുന്ന ആ ആമ്മ കാട്ടാനയുടെ കാലിനടിയില്‍പ്പെട്ട് പ്രാണന്‍ വെടിയുമ്പോഴും അവശേഷിപ്പിച്ചു സ്‌നേഹക്കരുതലിന്റെ ഹൃദയതാളം.
കൊച്ചുമോന്‍ അബിന്‍ കൃഷ്ണയ്ക്ക് ഒന്നും പറ്റിയിട്ടില്ലെന്നും അവന്‍ സുരക്ഷിതനെന്നും ആ അമ്മൂമ്മ അറിഞ്ഞുകാണില്ല. അവരുടെ വിയോഗമറിഞ്ഞ് എത്തിയവര്‍ മന്ത്രിച്ചിട്ടുണ്ടാകും, കൊച്ചുമോന്‍ ഇതാ അമ്മേ സുരക്ഷിതനായിരിക്കുന്നു-ശാന്തമായി ഉറങ്ങുക എന്നേയ്ക്കുമായി.
കിഴക്കേ ചാത്തല്ലൂരില്‍ കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച കല്യാണിയമ്മയുടെ പൗത്രനാണ് അബിന്‍ കൃഷ്ണ. കിഴക്കേ ചാത്തല്ലൂര്‍ ജെഎഎം യുപി സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ഥിയാണ്. 'എന്റെ ജീവന് കരുതലേകാന്‍ ഓടി വന്നതായിരുന്നു അമ്മൂമ്മ. ഞങ്ങളോട് അമ്മൂമ്മയ്ക്ക് അത്ര സ്‌നേഹമായിരുന്നു.'' - അബിന്‍ പറയുന്നു.
മക്കളോടും പേരമക്കളോടും കല്യാണിയമ്മയ്ക്ക് അളവറ്റ സ്‌നേഹമായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു. എപ്പോഴും അവരുടെ പിന്നാലെ കാണും.
വ്യാഴാഴ്ച രാവിലെ കാട്ടാന ഇറങ്ങിയെന്ന വിവരം മകന്‍ ഷില്‍ജുവാണ് അമ്മയെ അറിയിച്ചത്. ഇതോടെ ആ അമ്മ മനസ്സ് പിടഞ്ഞു. പേരക്കുട്ടി അനാമിക സ്‌കൂളില്‍ പോയിരുന്നു. അനാമികയുടെ സഹോദരനായ അബിന്‍ കൃഷ്ണയ്ക്ക് ഉച്ചയ്ക്ക് ശേഷമായിരുന്നു പരീക്ഷ. ആന ഇറങ്ങിയ വിവരമറിഞ്ഞ സമയം അബിന്‍കൃഷ്ണ വീട്ടിലുണ്ടായിരുന്നില്ല.
തൊട്ടടുത്ത ചോലയില്‍ കുളിക്കാന്‍ പോയതാകുമെന്ന് കരുതി വിളിക്കാന്‍ ചെന്നതായിരുന്നു കല്യാണിയമ്മ.
കല്യാണിയമ്മയുടെ ഭര്‍ത്താവ് 10 വര്‍ഷം മുന്‍പ് മരിച്ചതാണ്. മകന്റെ കൂടെയാണ് ഇവര്‍ താമസം.
ആനപ്പേടിയില്‍, തന്റെ ജീവന്‍പോലും നോക്കാതെ കൊച്ചുമകനെത്തേടി ഓടിനടന്ന ആ അമ്മയെ മറക്കാനാകുന്നില്ല നാട്ടുകാര്‍ക്ക്.
കുടുംബത്തിന് 10 ലക്ഷം നൽകും -ഡിഎഫ്ഒ എടവണ്ണ: കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച കല്യാണിയമ്മയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് നിലമ്പൂർ നോർത്ത് ഡിഎഫ്ഒ പി. ധനേഷ് കുമാർ പറഞ്ഞു.
സംഭവസ്ഥലം സന്ദർശിക്കവേ നാട്ടുകാരുടെ പ്രതിഷേധങ്ങൾക്കിടെയാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.
വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഡിഎഫ്ഒ എത്തിയത്.
അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുഖിയ ഷംസു, എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടി.ജനവാസ മേഖലയോട് ചേർന്ന തോട്ടംമേഖലയിൽ നിലയുറപ്പിച്ച കാട്ടാനയെ കൂടുതൽ സേനയെ ഉപയോഗിച്ച് കാട്ടിലേക്കു തുരത്തുമെന്നും ഡിഎഫ്ഒ ഉറപ്പുനൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.